ഡല്‍ഹി: ഭരണ-പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസപ്പെട്ടു. അദാനി വിഷയത്തില്‍ പ്രതിപക്ഷവും രാഹുല്‍ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് ഭരണപക്ഷവും പ്രതിഷേധിച്ചതോടെയാണ് പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസ്സപ്പെട്ടത്. പ്രധാനമന്ത്രിക്ക് എതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ഇന്ത്യയെ വിദേശത്ത് അപമാനിച്ചുവെന്ന ബിജെപി ആരോപണത്തിന് മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ ഇന്നും അവസരം നല്‍കിയില്ല. അദാനി വിഷയത്തില്‍ ചര്‍ച്ചയും സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട ബിജെപി, രാഹുല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രത്യേക പാര്‍ലമെന്ററി സമിതി രൂപീകരിച്ച് വിഷയം പരിശോധിക്കണം എന്ന നിലപാടിലാണ് ഉള്ളത്. പ്രതിഷേധം കനത്തതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ശക്തമായ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ടിവി ഭൂരിഭാഗം സമയവും ശബ്ദമില്ലാതെയാണ് സംപ്രേഷണം ചെയ്തത്.