കഴിഞ്ഞ ഒന്നര വര്‍ഷമായി ആറ് കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 29 പേര്‍ മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ ദുരിത ജീവിതം നയിക്കുന്നത്. പുരാതന കെട്ടിടങ്ങളിലൊന്നായ കോമ്പാറമുക്ക് ബിഗ് ബെന്‍ ഹൗസ് കെട്ടിടത്തിലെ അന്തേവാസികളായിരുന്നു ഇവര്‍. 2021 ഒക്ടോബര്‍ 15 നാണ് കനത്ത കാറ്റിലും മഴയിലും ബിഗ് ബെന്‍ ഹൗസിന്റെ മതിലില്‍ വിള്ളല്‍ വീണത്. തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലേയ്ക്ക് കെട്ടിടം ചരിയുകയായിരുന്നു.
തുടര്‍ന്ന് ഇവരെ കമ്യൂണിറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഇന്നും അവര്‍ കമ്മ്യൂണിറ്റി ഹാളില്‍ ദുരിത ജീവിതം നയ്ക്കുകയാണ്. 31 പേരാണ് അന്ന് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറിയത്. ഇതിനിടെ സ്വന്തം ഭവനം കാണാനാകാതെ രണ്ട് പേര്‍ മരിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. കെട്ടിടത്തിന് വിള്ളല്‍ വീണപ്പോള്‍ ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പുമായി ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ എത്തിയിരുന്നു. വഖഫിന്റെ അധീനതയിലുള്ള കെട്ടിടമായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അവരുടെ അനുവാദം വേണമായിരുന്നു.
വഖഫ് ബോര്‍ഡ് അനുവാദം നല്‍കിയെങ്കിലും നഗരസഭ ഫണ്ട് അനുവദിക്കുന്നതില്‍ സാങ്കേതിക തടസം ഉന്നയിച്ചു. ഇതിന് ശേഷം പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സമ്മതവുമായി എത്തിയെങ്കിലും അവരും പിന്‍മാറി. വാഹനങ്ങളില്‍ നിന്നുള്ള പൊടിയും മറ്റും കയറി കുട്ടികള്‍ ഉള്‍പ്പെടെ അസുഖ ബാധിതരാണ്. മാത്രമല്ല എലി ഉള്‍പെടെയുള്ള ജീവികളുടെ ശല്യവും ഏറെയാണ്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ക്ക് എലിയുടെ കടിയേറ്റു. തികച്ചു സുരക്ഷിതമല്ലാതെയാണ് സ്ത്രീകളും കുട്ടികളും ഇവിടെ കഴിയുന്നത്. ഈ റംസാനെങ്കിലും സ്വന്തം വീട്ടില്‍ പെരുന്നാല്‍ ആഘോഷിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.