Fri. Apr 19th, 2024

തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള റോഡ് റെയില്‍വേ അധികൃതര്‍ അടച്ചുകെട്ടി. ഇതോടെ പ്രദേശവാസികള്‍ വളരെ ബുദ്ധിമുട്ടിലാണ്. 67 വര്‍ഷകാലം 14 കുടുബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണ് റെയില്‍ വേ അടച്ചു പൂട്ടിയത്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് എതിര്‍വശം ഒരു പ്രദേശത്തുകാര്‍ കാലങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന റോഡ് റെയില്‍വേ അധികൃതര്‍ കെട്ടിയടച്ചതോടെ പലരും ഇവിടെ അകപ്പെട്ട പോലെയായി. ചൊവ്വാഴ്ച രാവിലെ റെയില്‍വേ അധികൃതര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഇരുമ്പ് കുറ്റികളിട്ട് കെട്ടി അടച്ചത്. മിനിലോറിയുള്‍പ്പെടെ പോയിരുന്ന ഈ റോഡിലൂടെ ഇപ്പോള്‍ കഷ്ടിച്ച്, ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രം പോകാനാകും. ആളുകള്‍ക്ക് നടന്നും പോകാം. റോഡ് ഒരു സുപ്രഭാതത്തില്‍ കെട്ടിയടച്ചപ്പോള്‍ അടഞ്ഞു പോയത് ഒട്ടേറെപ്പേരുടെ ജീവിതം കൂടിയാണ്.  ഈ ഭാഗത്ത് താമസിക്കുന്ന പലര്‍ക്കും തങ്ങളുടെ ഓട്ടോയും കാറുമൊന്നും പുറത്തേക്ക് കൊണ്ടുപോകാനാവാത്ത അവസ്ഥ. ഇനി എന്തു ചെയ്യണമെന്നറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

 

റെയില്‍വേ ഭൂമിയായതിനാലാണ് അടയ്ക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു. പ്ലാറ്റ്‌ഫോമിനു സമീപമുള്ള റെയില്‍വേ ഭൂമിയിലൂടെയുള്ള വഴിയിലൂടെയാണ് 14 വീട്ടുകാര്‍ സഞ്ചരിക്കുന്നത്. 2 ആരാധാനാലയങ്ങളിലേക്കുള്ള വഴിയും ഇതു മാത്രമാണ്. കാലങ്ങളായി ഈ റോഡ് തകര്‍ന്നു കിടക്കുകയായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന വഴിയില്‍ റെയില്‍വേ അധികാരികളുടെ അനുവാദത്തോടെ റെയില്‍വേ ഉപേക്ഷിച്ച മെറ്റല്‍ ചീളുകള്‍ നാട്ടുകാര്‍ നിരത്തിയിരുന്നു. ഇതിനു മുകളില്‍ നാട്ടുകാര്‍ പണം പിരിവെടുത്ത് മണ്ണ് ഇട്ടതോടെയാണ് റെയില്‍ വേ റോഡ് അടച്ചത്. റോഡ് നന്നാക്കി കിട്ടാന്‍ വേണ്ടി പല ഓഫിസുകളിലും കയറിയിറങ്ങിയെങ്കിലും നടപടി ഇല്ലാതായതോടെയാണ് സ്വന്തം പണം മുടക്കി റോഡില്‍ മണ്ണിട്ടത്.

റെയില്‍വേ ഉദ്യോഗസ്ഥര്‍ റോഡ് അടച്ചു കെട്ടിയ സംഭവത്തില്‍ ഇടപെട്ടു ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണന്റെ നിര്‍ദേശപ്രകാരം ലീഗല്‍ വൊളന്റിയര്‍ ആര്‍  രഘു സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്നു ഇവിടെയുള്ള വീട്ടുകാരുടെ അടുത്ത് നിന്ന് പരാതി എഴുതി വാങ്ങി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്ത ദിവസങ്ങളില്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായും വീട്ടുകാരുമായും ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും നടപടിയൊന്നുമായില്ല.

ഇഡ്ഡലി മാവ് പായ്ക്കറ്റിലാക്കി ഓട്ടോയില്‍ വിതരണം ചെയ്ത് കുടുംബം പുലര്‍ത്തുന്ന യുവാവാണ് വെങ്കിടേഷ്. ദിവസങ്ങളായി വണ്ടി വീട്ടില്‍നിന്ന് ഇറക്കാന്‍ പറ്റിയിട്ടില്ല. ഇനി എന്ന് തൊഴിലെടുക്കാനാകും എന്നുമറിയില്ലയെന്ന് വെങ്കിടേഷ് പറഞ്ഞു. കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി വന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് തിരിച്ചുപോകേണ്ടി വന്നിരുന്നു. മൂന്ന് കിടപ്പുരോഗികള്‍ ഈ ഭാഗത്തുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അവര്‍ക്കാണ് റോഡ് അടച്ചതുമൂലം ചികിത്സ കിട്ടാതെവന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.