ബീജിങ്ങ്: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ട അതിര്‍ത്തികള്‍ വിദേശ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന് ചൈന. മാര്‍ച്ച് 15 മുതല്‍ വിദേശ സഞ്ചാരികള്‍ക്കുള്ള വിസാ നടപടികള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറന്നു കൊടുക്കുന്നത്. അതേസമയം, കൊവിഡിന് മുന്‍പ് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലാതിരുന്ന പ്രദേശങ്ങളില്‍ ഈ രീതി തന്നെ തുടരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ് വന്നതിനെ തുടര്‍ന്ന് വളര്‍ച്ച നിരക്കിനെ സഹായിക്കാന്‍ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. വിദേശ യാത്ര നടത്താനുള്ള പൗരന്മാരുടെ നിയന്ത്രണം അടുത്തിടെയാണ് ചൈന പിന്‍വലിച്ചത്. 2020 മാര്‍ച്ച് 28ന് മുന്‍പ് അനുവദിച്ച വിസ കൈവശമുള്ള എല്ലാ വിദേശികള്‍ക്കും നിര്‍ദ്ദിഷ്ട തീയതിക്കുള്ളില്‍ ചൈനയിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തികള്‍ തുറന്നെങ്കിലും കുറച്ച് കാലത്തേക്ക് വലിയതോതിലുള്ള സന്ദര്‍ശക പ്രവാഹമോ സമ്പദ് വ്യവസ്ഥയിലെ ഗണ്യമായ മുന്നേറ്റമോ പ്രതീക്ഷിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ക്കുള്ള വിസ വിതരണം പുനരാരംഭിക്കുന്നത് ചൈനയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കുമിടയിലുള്ള ഗതാഗതം സാധാരണ ഗതിയിലാക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഷാങ്ഹായ് തുറമുഖത്തിലൂടെ കടന്നുപോകുന്ന ക്രൂയിസ് കപ്പലുകളും തെക്കന്‍ ടൂറിസ്റ്റ് ദ്വീപായ ഹൈനാനിലും വിസ രഹിത പ്രവേശനവും പുനരാരംഭിക്കും.