കൊച്ചി: ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളിൽ വരുന്ന മൂന്ന് ദിവസം കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ അവധിയായിരിക്കും. അങ്കണവാടികൾ, കിന്റര്‍ഗാർട്ടൺ , ഡേകെയർ സെന്ററുകള്‍ എന്നിവക്കും, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.