ഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജി വെച്ചതോടെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. മന്ത്രിസഭയിലെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയയുടെ അറസ്റ്റ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിവിധ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കളുടെ അറസ്റ്റ് ആംആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇരു മന്ത്രിമാരും സ്ഥാനം രാജിവെച്ചത്. ഭരണ പ്രതിസന്ധി ഒഴിവാക്കാനും പാര്‍ട്ടിയെ രക്ഷിക്കാനും മന്ത്രിസഭാ പുനസംഘടനയാണ് ആം ആദ്മി പാര്‍ട്ടിക്ക് മുന്‍പിലുള്ള ഏക മാര്‍ഗം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ മുഖ്യമന്ത്രി കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് ആരംഭിക്കും. ഇതുവരെ മന്ത്രിസഭയുടെ ഭാഗമാകാതിരുന്ന പുതുമുഖങ്ങള്‍ക്ക് പ്രധാന വകുപ്പുകളില്‍ അവസരം നല്‍കാനും ആലോചനയുണ്ട്. അതേസമയം, അറസ്റ്റിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച മനീഷ് സിസോദിയയോട് കീഴ് കോടതികള്‍ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. അതേസമയം, അന്വേഷണസംഘം മുന്നോട്ടുവെച്ച വാദങ്ങള്‍ സിബിഐ കോടതി അംഗീകരിച്ച സാഹചര്യത്തില്‍ അനുകൂല വിധി മേല്‍ക്കോടതിയില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയില്ല.