ഡല്‍ഹി: രാജ്യത്തെ ചില സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യ മതേതര രാജ്യമാണ് എന്നത് ഓര്‍ക്കണമെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി പറഞ്ഞു. ഒരു സമൂഹത്തിന് നേരെയാണ് ഈ ഹര്‍ജി വിരല്‍ ചൂണ്ടുന്നതെന്നും രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ജസ്റ്റിസ് കെ എം ജോസഫ് ഹര്‍ജിക്കാരനോട് ചോദിച്ചു.
ഹിന്ദു സംസ്‌കാരം എല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഹര്‍ജിക്കാരന്‍ ബ്രിട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നതെന്നും ഭൂതകാലത്തിന്റെ ജയിലില്‍ കഴിയാനാകില്ലെന്നും കോടതി പറഞ്ഞു. സമൂഹത്തില്‍ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. കേരളത്തില്‍ ഹിന്ദു രാജാക്കന്മാര്‍ മറ്റു മതങ്ങള്‍ക്ക് ആരാധനയലങ്ങള്‍ പണിയാന്‍ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹര്‍ജിക്കാരനോട് പറഞ്ഞു. ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കാന്‍ ശ്രമിക്കണം. കോടതി തീരുമാനം ശരിയാണെന്ന് ഹര്‍ജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി പറഞ്ഞു.