Wed. Nov 6th, 2024

തങ്ങളുടെ ബ്രാന്‍ഡ് ലോഗോ മാറുന്നതായി പ്രഖ്യാപിച്ച് നോക്കിയ. 60 വര്‍ഷക്കാലം നോക്കിയയുടെ അടയാളമായി നിലകൊണ്ട ലോഗോയാണ് മാറ്റാന്‍ പോകുന്നത്. ഞായറാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനി മുതല്‍ പുതിയ ലോഗോ ആയിരിക്കും നോക്കിയ ഉല്പന്നങ്ങളില്‍ ഉപയോഗിക്കുകയെന്നും കമ്പനി വ്യക്തമാക്കി. നോക്കിയ എന്ന് എഴുതിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങളെ പുതിയ ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്നതാണ് പുതിയ ലോഗോ. നേരത്തെ നീല നിറത്തിലുള്ള ലോഗോ ആയിരുന്നു ഉണ്ടായിരുന്നത്. പുതിയ ലോഗോ ആവശ്യാനുസരണം നിറം മാറ്റി ഉപയോഗിക്കാനും സാധിക്കും. ഒരു സ്മാര്‍ട്ഫോണ്‍ കമ്പനി എന്നതില്‍ നിന്ന് മാറി ബിസിനസ് ടെക്നോളജി കമ്പനിയെന്ന നിലയിലുള്ള ഭാവി വികസന പദ്ധതികള്‍ ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് കമ്പനി മേധാവി പെക്ക ലണ്ട്മാര്‍ക്ക് പറഞ്ഞു.

ബാര്‍സലോനയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. 2020 ലാണ് ലണ്ട്മാര്‍ക്ക് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തത് അദ്ദേഹം അവതരിപ്പിച്ച കമ്പനിയുടെ വികസന പരിപാടികളുടെ ഭാഗമായാണ് ഈ ബ്രാന്‍ഡ് ലോഗോ മാറ്റം. സ്മാര്‍ട്ട്‌ഫോണ്‍, ഫീച്ചര്‍ ഫോണ്‍ നിര്‍മാണത്തിനൊപ്പം, ടെലികോം സേവനദാതാക്കള്‍ക്കുള്ള ഉപകരണങ്ങളും കമ്പനി വിതരണം ചെയ്യുന്നുണ്ട്. വിവിധ കമ്പനികള്‍ 5ജി സാങ്കേതിക വിദ്യയ്ക്ക് വേണ്ടി നോക്കിയയുമായി സഹകരിക്കുന്നുണ്ട്. മറ്റ് വ്യവസായ മേഖലകളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം