Wed. Nov 6th, 2024

ഡല്‍ഹി: ഉയര്‍ന്ന പിഎഫ് പെന്‍ഷന് അര്‍ഹതയുള്ളവര്‍ക്ക് മെയ് നാല് വരെ സംയുക്ത അപേക്ഷ നല്‍കാം. തൊഴില്‍ ദാതാവും ജീവനക്കാരനും സംയുക്തമായിട്ടാണ് ഇപിഎഫ്ഒയ്ക്ക് അപേക്ഷ നല്‍കേണ്ടത്. യൂണിഫൈഡ് പോര്‍ട്ടലിലാണ് ഉയര്‍ന്ന പെന്‍ഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഉയര്‍ന്ന പെന്‍ഷനു വേണ്ടിയുള്ള കേസ് അവസാനിപ്പിച്ചുകൊണ്ട് അര്‍ഹതയുള്ളവര്‍ക്ക് ഇതിനായി നാല് മാസത്തെ സമയം നല്‍കണമെന്ന് സുപ്രീം കോടതി ഇപിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പെന്‍ഷ് അപേക്ഷിക്കേണ്ടതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇപിഎഫ്ഒ പുറത്തിറക്കിയത്.

ജോലി ചെയ്ത സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആര്‍ക്കൊക്കെ ഉയര്‍ന്ന പെന്‍ഷനുള്ള ഓപ്ഷന്‍ നല്‍കാമെന്നതു സംബന്ധിച്ച വ്യവസ്ഥകളും പുറത്തിറക്കിയിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് സര്‍വീസിലുണ്ടായിരുന്നവരും പിന്നീട് വിരമിച്ചവരോ തുടരുന്നവരോ ആയിരിക്കണം. ഇപിഎഫ് സ്‌കീമില്‍ അതത് സമയത്ത് ബാധകമായിരുന്ന ഉയര്‍ന്ന ശമ്പള പരിധിയായ 5,000, 6,500 രൂപയ്ക്ക് മുകളിലുളള തുകയ്ക്ക് ആനുപാതികമായി പണം അടച്ചവരായിരിക്കണം അപേക്ഷകര്‍. ഇപിഎസ് 95 പദ്ധതിയില്‍ അംഗമായിരിക്കെ 11 (3) പ്രകാരം ഓപ്ഷന്‍ നല്‍കിയിട്ടില്ലാത്തവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. തൊഴില്‍ ദാതാവും ജീവനക്കാരനും സംയുക്തമായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. നിലവില്‍ സ്‌കീമിന് കീഴില്‍ വിരമിച്ചവര്‍ക്ക് തുഛ്ചമായ പെന്‍ഷനാണ് ലഭിക്കുന്നത്. ശരാശരി 3,000 രൂപയാണ് ഇത്. ഉയര്‍ന്ന വിഹിതം അടച്ചിട്ടും പെന്‍ഷന്‍ തുക കൂട്ടാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം