Wed. Jan 22nd, 2025

ഒരു വര്‍ഷത്തിലേറെയായി കുത്തിപ്പൊളിച്ചിട്ട റോഡ് നേരേയാക്കാത്തത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. രണ്ട് കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന വരാപ്പുഴകടമക്കുടി റോഡാണ് യാത്രചെയ്യാനാകാത്തവിധം ശോചനീയാവസ്ഥയിലുള്ളത്.

ബജറ്റില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് അനുവദിച്ച പണമുപയോഗിച്ചാണ് വരാപ്പുഴ പഞ്ചായത്ത് ഓഫീസ് മുതല്‍ കടമക്കുടി പുതുശ്ശേരി പാലം വരെയുള്ള ഭാഗത്ത് റോഡിന്റെ നവീകരണം നടത്തുന്നത്. നിലവിലുള്ള റോഡിന്റെ ഇരുവശവും വീതികൂട്ടി ബിഎംബിസി ടാറിങ് നടത്താനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി റോഡിന്റെ ഒരുവശം വെട്ടിപ്പൊളിച്ച് കാന ഒരുക്കുന്ന പണികള്‍ ആരംഭിച്ചെങ്കിലും മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇത് പൂര്‍ത്തിയാക്കാനായിട്ടില്ല.

വരാപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിച്ച ഭാഗത്ത് ഉള്‍പ്പെടെ ഒന്നര ഇഞ്ച് മെറ്റല്‍ റോഡില്‍ വിരിച്ച് നിലവിലുള്ള റോഡ് ഉയര്‍ത്തിയെങ്കിലും യഥാസമയത്ത് ടാറിങ് ജോലികള്‍ നടത്താനാകാത്തതാണ് വിനയായത്. റോഡിലാകമാനം മെറ്റല്‍ ചിതറിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഇരുചക്രവാഹനയാത്രക്കാര്‍ മെറ്റലില്‍ തെന്നിവീഴുന്നതും ഇവിടെ പതിവായിട്ടുണ്ട്. വരാപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി ഏറെ നാള്‍ ഇവിടെ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്നാണ് റോഡിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചത്.

ഒരു വര്‍ഷത്തിലേറെയായി ഈ റോഡിലൂടെയുള്ള യാത്ര ഏറെ പ്രയാസകരമാണ്. ഒട്ടേറെ വിനോദസഞ്ചാരികള്‍ വരുന്ന കടമക്കുടിയിലേക്കുള്ള പ്രധാന റോഡാണിത്. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പൊടിശല്യം അതിരൂക്ഷമാണ്. ഇതുമൂലം വീടിനു പുറത്തിറങ്ങാനാകുന്നില്ലെന്നാണ് റോഡിന് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ പറയുന്നത്. പൊടി  ശല്യം രൂക്ഷമാകുമ്പോള്‍ പഞ്ചായത്ത് വെള്ലം തളിച്ച് പൊടി ശമിപ്പിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.