Mon. Dec 23rd, 2024

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 25 ല്‍ നിന്ന് 35 ആയി വര്‍ധിപ്പിക്കാന്‍ പ്ലീനറി സമ്മേളനത്തില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി. മുന്‍ അധ്യക്ഷന്മാരും പ്രധാനമന്ത്രിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളാകും. സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയവും പാസാക്കിയിരുന്നു. തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനത്തിലെത്തിയിരുന്നു. മൂന്നാം മുന്നണി രൂപീകരിക്കാതെ ഒന്നിക്കണമെന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. ഭിന്നിച്ചു നിന്ന് ബിജെപിക്ക് നേട്ടമുണ്ടാക്കരുതെന്നും പറയുന്നുണ്ട്.

സമാനപ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരു കുടക്കീഴില്‍ വരണം. പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് തയാറാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. സഹകരിക്കാവുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്നും പ്രമേയത്തില്‍ പറയുന്നു. ബിജെപി ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഇതിനെ തടയേണ്ടതുണ്ടെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം