Mon. May 6th, 2024

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശം രണ്ടാം വര്‍ഷത്തിലേക്ക്. 2022 ഫെബ്രുവരി 24 ന് പുലര്‍ച്ചെ കീവിലടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്തിയാണ് റഷ്യ യുക്രൈന്‍ അധിനിവേശത്തിന് തുടക്കമിട്ടത്. പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും ഒന്നരക്കോടി പേരുടെ അഭയാര്‍ത്ഥിത്വത്തിനും ഇത് കാരണമാവുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിന് അറുതി വരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാനായി ഐക്യരാഷ്ട്രസഭ അടക്കം നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. യുക്രൈന്റെ തെക്ക്-കിഴക്കന്‍ മേഖലകളിലാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്.

അതേസമയം, കുറച്ച് ദിവസം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത് റഷ്യയെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ബൈഡന്‍ സന്ദര്‍ശനം നടത്തിയതിനും നാറ്റോ സഖ്യത്തലവന്മാരുമായി ചേര്‍ന്ന് യുക്രൈന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതിനും മറുപടിയായി കഴിഞ്ഞ ദിവസം അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്നും റഷ്യ പിന്മാറുകയുണ്ടായി. ഇത് വീണ്ടും സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. യുക്രൈന് അമേരിക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യയെ നേരിടുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അത്യന്താധുനിക ആയുധങ്ങളാണ് യുക്രൈനിലേക്ക് എത്തിയത്. റഷ്യയുടെ ആക്രമണത്തോട് പിടിച്ചു നില്‍ക്കാനായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ഈ ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത്. റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലൂ
ടെയാണ് യൂറോപ്പ് കടന്നു പോകുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം