കലാപരമായ കള്ളം പറച്ചിലാണല്ലോ കഥയെഴുത്ത്. നുണയാണ് പറയുന്നതെന്ന് അറിയാമെങ്കിലും ആ നുണയിൽ അലിഞ്ഞു ചേർന്ന് വായനക്കാർ തങ്ങളല്ലാതായി മാറും. എഴുത്തുകാർ മനസ്സിൽ പേറിയ സംഘർഷങ്ങളും അനുഭൂതികളും നൊമ്പരങ്ങളുമെല്ലാം കൂടിയോ കുറഞ്ഞോ വായനക്കാരിലേക്ക് കൂടി പകരുകയും അതൊരു ആനന്ദാനുഭൂതിയായി മാറുകയും ചെയ്യുമെന്നതുകൊണ്ടാണ് ഏറ്റവും നന്നായി നുണ പറയുന്നവരെ വായനക്കാർ നെഞ്ചേറ്റുന്നത്. അങ്ങനെ മലയാളികൾ നെഞ്ചേറ്റിയ കഥാകാരന്മാരിൽ ഒരാളാണ് സുഭാഷ് ചന്ദ്രൻ. കഥാകൃത്ത് മൂത്ത് നോവലിസ്റ്റാകുന്നതാണ് മലയാളത്തിലെ പതിവ് കാഴ്ച. ആദ്യ നോവലായ മനുഷ്യന് ഒരു ആമുഖത്തിൽ നിന്ന് എന്തുകൊണ്ടും മികച്ച നോവലായിരിക്കും എന്ന ധാരണ പരത്തിക്കൊണ്ടാണ് സമുദ്രശില പുറത്തിറങ്ങിയത്. കെട്ടിലും മട്ടിലും പരസ്യത്തിലും അത് ക്ലാസിക് എന്ന രീതിയിൽ ആഘോഷിക്കപ്പെട്ടു. അപൂർവ്വം ചില വിമർശനങ്ങളൊഴിച്ചാൽ പ്രസ്തുത കൃതിയെ ആരാധകർ വാഴ്ത്തിപ്പാടുകയായിരുന്നു. വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട ഒരു കൃതിയിലെ കഥാകൃത്തിന്റെ മനുഷ്യവിരുദ്ധ സ്ത്രീവിരുദ്ധ നിലപാടുകളും മത സ്വത്വ യാഥാസ്ഥിതിക കാഴ്ചപ്പാടുകളും പൊങ്ങച്ച പ്രകടനങ്ങളും വിമർശന വിധേയമാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ!
കൃതിയുടെ സമർപ്പണത്തിലും അടുപ്പ് എന്ന അധ്യായത്തിന്റെ ആരംഭത്തിലും കടന്നുവരുന്ന വാക്യമാണ് ‘സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ ‘എന്നത്. വായിക്കുമ്പോൾ സ്ത്രീപക്ഷപാതികൾക്ക് ഉള്ളിൽ ഒരു കുളിരും, കഥാകൃത്തിനോട് ഒത്തിരി മതിപ്പും, എന്തിന്! പ്രണയം വരെ തോന്നാം. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന് കഥാകൃത്ത് പറയുന്നത് എന്തിനെന്ന് അടുപ്പ് എന്ന അധ്യായം മുഴുവൻ വായിക്കുമ്പോൾ മനസ്സിലാകും. പുരുഷൻ ചെയ്യാൻ അറയ്ക്കുന്ന ജോലികൾ ചെയ്യാനുള്ള മനസ്സും മടുപ്പില്ലായ്മയും അധ്വാനശീലവും സമുദ്രശിലയിലെ അംബയെപ്പോലെ നാം കാണുന്ന നല്ലൊരു ശതമാനം സ്ത്രീകൾക്കും നിരന്തര അനുശീലനങ്ങളിലൂടെ ലഭിച്ചിട്ടുണ്ടെന്ന സത്യം കഥാകൃത്തിന് അറിയാം.
കുടുംബം സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാനശിലയാകുന്ന പാട്രിയാർക്കൽ വ്യവസ്ഥയിൽ അത്തരം സ്ത്രീകളെ സൃഷ്ടിക്കാനും നിലനിർത്താനുമുള്ള കൂലിയെഴുത്താണ് കഥാകൃത്ത് നടത്തുന്നത്. കിടപ്പുരോഗിയായ അമ്മയുടെ മലമൂത്രങ്ങൾ പുരണ്ട വസ്ത്രങ്ങളിൽ നിന്നും സെറിബ്രൽ പാൾസി ബാധിച്ച 21 വയസ്സുള്ള മകന്റെ രേതസ്സ് പുരണ്ട വസ്ത്രങ്ങളിലേക്ക് നടന്നു കൊണ്ടാണ് അംബയുടെ ഓരോ പ്രഭാതവും ആരംഭിക്കുന്നത്. അമ്മയുടെ വിസർജ്യങ്ങൾ കലർന്ന തുണികൾ കഴുകി ഉണങ്ങാനിട്ട്, അവരുടെ വ്രണ ബാധിതമായ ശരീരം തുടച്ചു വൃത്തിയാക്കി മരുന്നിട്ട ശേഷം, മകന്റെ വിസർജ്യങ്ങൾ കലർന്ന തുണികൾ വൃത്തിയാക്കി, അവനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച ശേഷം മാത്രം പ്രഭാത കർമ്മങ്ങളിലേക്ക് തിരിയാൻ പറ്റുന്ന ഗതികേടിലാണവർ.
ഇമ്മാതിരി കയ്പേറിയ ജീവിതം തുടരെ അനുഭവിക്കാൻ ഒരു പുരുഷനുമാവില്ല എന്നതുകൊണ്ടാണ് ‘സ്ത്രീയാണ് കൂടുതൽ വലിയ മനുഷ്യൻ’ എന്ന സിദ്ധാന്തം നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. സ്ത്രീവിരുദ്ധമായിരിക്കുമ്പോഴും വലിയ കാര്യത്തിൽ അവതരിപ്പിക്കുന്ന ഈ സിദ്ധാന്തം അദ്ദേഹത്തിന്റെ സ്വന്തം പോലുമല്ല എന്ന് കാണാം. കാലങ്ങളായി മത യാഥാസ്ഥിതികപുരുഷ മേധാവിത്വ സമൂഹം സ്ത്രീയെ കുടുംബത്തിനകത്ത് തന്നെ കെട്ടിയിടാനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മഹത്വവത്കരണം മാത്രമാണ് പ്രസ്തുത സിദ്ധാന്തം. അത് തന്നെയേ സുഭാഷ് ചന്ദ്രനും പറയാനുള്ളൂ. ധിഷണയുടെയോ ഇച്ഛാശക്തിയുടെയോ സ്ഥിരോത്സഹത്തിന്റെയോ പേരിൽ ഇവരാരും സ്ത്രീയാണ് കൂടുതൽ വലിയ മനുഷ്യൻ എന്ന് ഒരിക്കലും പറയുകയേയില്ല.
അത്തരം ഒരു സ്ത്രീയെ ഇവർ കണ്ടില്ലെന്ന് നടിക്കും. ഒറ്റപ്പെടുത്തി തിരസ്കരിച്ച് നരകിച്ചൊടുങ്ങുമ്പോൾ ഒറ്റവരി ചരമക്കോളത്തിലാക്കും. അത്തരം സ്ത്രീകളെ ഈ സമൂഹത്തിന് ആവശ്യമില്ല. അവരെ ഉയർത്തിക്കാട്ടിയത് കൊണ്ടോ മഹത്വവത്കരിച്ചതുകൊണ്ടോ പാട്രിയാർക്കൽ സമൂഹത്തിനോ അതിന്റെ ഗുണഫലം അനുഭവിക്കുന്നവർക്കോ ഒരു പ്രയോജനവുമില്ല. എന്നാൽ മലത്തിലും മൂത്രത്തിലും അഴുക്കിലും മുങ്ങിയ ജീവിതത്തെ നോക്കി അതു താനല്ലല്ലോ എന്ന ആശ്വാസത്തോടും സഹതാപത്തോടും കൂടി ‘ദേ ഇതാ സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ’ എന്ന് പറയാൻ ഏത് മത യാഥാസ്ഥിതിക പുരുഷനും കഴിയും. അതുകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം നരക ജീവിതം നയിക്കുന്ന സ്ത്രീ ജീവിതങ്ങളെ സുഭാഷ് ചന്ദ്രന്മാർ വാഴ്ത്തിപ്പാടിക്കൊണ്ടേയിരിക്കും.
നോവലിസ്റ്റിന്റെ ക്രൂരതയ്ക്കിരയായ കഥാപാത്രമാണ് അംബ
സമുദ്ര ശിലയിൽ കടന്നുവരുന്ന ‘പാപം’ ചെയ്ത സ്ത്രീക്കുള്ള പ്രതിഫലം സ്വേച്ഛയാൽ ഒന്ന് അനങ്ങാൻ പോലുമാകാത്ത കുട്ടി എന്ന മതസങ്കല്പം ഈ നോവൽ വായിക്കുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്. അതിന് വിമർശന ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. പുരോഗമന നാട്യങ്ങളുള്ള, പുരോഗമനവും പാരമ്പര്യവും എന്തുകൊണ്ടും അവകാശപ്പെടാനാവുന്ന ഒരു മുൻനിര മാധ്യമത്തിന്റെ എഡിറ്റർ പോസ്റ്റിലിരിക്കുന്ന, കഥാസാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു കഥാകാരന് പിന്തിരിപ്പനാവുക വയ്യ.
സമുദ്രശിലയിലെ കാമുകനുമൊത്തുള്ള രതി, സ്വപ്നമാണെന്ന സൂചന പല സന്ദർഭങ്ങളിലായി നൽകുന്നുണ്ട്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അനേകം കുട്ടികളുടെ മാതാപിതാക്കൾക്കും അത്തരം കുട്ടികളെ പരിചരിക്കാൻ മുഴുവൻ സമയവും പ്രയത്നവും മുടക്കേണ്ടി വരുന്ന ഏക രക്ഷകർത്താവായ അമ്മമാർക്കും നോവലിലെ പാപ പരാമർശങ്ങൾ നൽകുന്ന മാനസികാഘാതം വളരെ വലുതാണ്. ഇത്തരം കുട്ടികളുടെ മാനസിക ശാരീരികാവശ്യങ്ങളെക്കുറിച്ചോ അവയുടെ പരിഹാരമാർഗങ്ങളെക്കുറിച്ചോ ശാസ്ത്രീയമായി പഠിച്ച ശേഷമല്ല നോവൽ രചന നടത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്.(10 വർഷമെടുത്തിട്ടാണ് നോവൽ രചന പൂർത്തിയാക്കിയതെന്ന് പറയുകയും ചെയ്യുന്നു!)
അതുകൊണ്ടാണ് മത യാഥാസ്ഥിതിക സമൂഹം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങൾ കഥാകൃത്തിന് ആവർത്തിക്കേണ്ടി വരുന്നത്. ലോകത്തിൽ ഏറ്റവും നിസ്സഹായരായ മനുഷ്യർ അനുഭവിക്കുന്ന ദുരന്ത തീവ്രതയെക്കുറിച്ചു പഠിക്കാനോ അപരിഹാര്യമായ അത്തരം ദുരന്താനുഭവങ്ങൾ നേരിടുന്നവരെ മാനുഷിക പരിഗണനയോടെ ചേർത്തു പിടിക്കാനോ കഥാകൃത്തിന് കഴിയുന്നില്ല. ഉത്തരാധുനിക കാലത്ത് കഥയെഴുതുന്ന ഒരു കഥാകൃത്ത് മത യാഥാസ്ഥിതിക പാപ സങ്കല്പങ്ങളെ തന്റെ നോവലിൽ ആവാഹിച്ചുകൊണ്ടു വരുന്നതും അതിനു പ്രതിഷ്ഠാപനം നൽകുന്നതും കടുത്ത സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും മാത്രമല്ല സമൂഹത്തോട് ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യം കൂടിയാണ്.
സുപ്രഭ പൈക്ക് ഇംഗ്ലീഷിൽ കത്തെഴുതുന്ന, ജലാലുദ്ദീൻ റൂമിയുടെ കവിതകൾ അറിയുന്ന, ഫ്രീദാ കാലോയുടെ പെയിന്റിങ്ങിനെ സ്നേഹിക്കുന്ന അംബയെ സെറിബ്രൽ പാൾസി ബാധിച്ച മകന്റെ “ലൈംഗികാവശ്യം അത്രയും വലുതാണെന്നുള്ള തിരിച്ചറിവ്” ഞെട്ടിച്ചു എന്നാണ് കഥാകൃത്ത് പറയുന്നത്. ‘നിന്നെ ഒരാണിനെ പോലെ നാറുന്നു’ എന്ന് പറഞ്ഞ് ഡൈനിങ് ടേബിൾ ഉറങ്ങാനായി തിരഞ്ഞെടുത്തത് മകന്റെ ലൈംഗികതയെക്കുറിച്ച് തിരിച്ചറിവുള്ളത് കൊണ്ട് തന്നെയാണല്ലോ. പക്ഷേ അവൻ മൊബൈൽ ഫോണിൽ ലൈംഗികത തിരഞ്ഞത് വലിയൊരു കുറ്റകൃത്യമായി ആ അമ്മയെക്കൊണ്ട് ചിന്തിപ്പിക്കുന്നത് കഥാകൃത്തിന്റെ കപട സദാചാര ബോധമാണ്. മൊബൈൽ ഫോണിൽ ‘വെറും ക്ലിക്കുകളുടെ മാത്രം സഹായത്തോടെ അതിലൈംഗികതയുടെ ഒരു മലിന സമുദ്രത്തിലേക്ക് തന്റെ മകനും ചെന്നെത്തിയിരിക്കുന്നതായി കണ്ടെത്തിയ നിമിഷം താനൊരു ദുസ്വപ്നത്തിലല്ലെന്ന് വിശ്വസിക്കാൻ പോലും ആയില്ല’ എന്നാണ് നോവലിസ്റ്റ് രേഖപ്പെടുത്തുന്നത്.
ഇങ്ങനെ അംബ എന്ന അമ്മ ആശങ്കപ്പെടുന്നത് കേവലം ബാലനോ കൗമാരക്കാരനോ ആയ മകനെ കുറിച്ചല്ല. 21 വയസ്സുള്ള യുവാവിനെക്കുറിച്ചാണ്. 21 വയസ്സുണ്ടെങ്കിലും ഒരു ശിശുവിന്റെ ശാരീരികശേഷി മാത്രമുള്ളതുകൊണ്ട് ലൈംഗിക കാമനകളിലും അവൻ ഒരു ശിശു തന്നെയായിരിക്കണം എന്ന പൊതുബോധം കഥാകൃത്തും പിന്തുടരുന്നുണ്ട്. “ആയിരക്കണക്കിന് സൈബർ വേശ്യകൾ പണത്തിനു വേണ്ടി മാത്രം അഭിനയിച്ചതെന്ന് വിശ്വസിക്കാൻ കഴിയാത്ത ആത്മാർപ്പണ വ്യഗ്രതയോടെ മകനായി നടിക്കുന്ന ചെറിയ ആൺകുട്ടികളുമൊത്ത് വികൃതരതിയിൽ മുഴുകുന്ന വീഡിയോകളാണ് തന്റെ മകൻ തുടർച്ചയായി കാണുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അംബയുടെ ഹൃദയം നൊന്തു.” – ഇവിടെ ഒരു ശിശുവിന്റെ മാത്രം ശാരീരികശേഷിയുള്ള ഒരു 21 വയസ്സുകാരൻ രതികാമനകൾക്ക് പരിഹാരം തിരഞ്ഞ് എത്തിപ്പെടുന്നത് മേൽപ്പറഞ്ഞ വിവരണത്തിലുള്ള ഒരു സൈബർ രതിശാലയിലാണ്.
പുതിയത് ഏതെങ്കിലുമൊന്ന് സെർച്ച് ചെയ്ത് കണ്ടെത്താൻ കഴിയാത്ത വിധം നിസ്സഹായനായ അവൻ അതുതന്നെ നിരന്തരം കാണുന്നു. മറ്റൊരു ചോയ്സ് കണ്ടെത്താൻ പോലും ആവാത്ത വിധം പരിതാവസ്ഥയിലുള്ള അവനിൽ വായനക്കാർക്ക് സഹതാപം മാത്രമേ തോന്നൂ. എന്നാൽ നോവലിസ്റ്റ് അംബയെക്കൊണ്ട് “അവൻ ആഗ്രഹിക്കുന്ന പാപവും അതിന് അർഹിക്കുന്ന ശിക്ഷയും ഒപ്പം നിറവേറ്റുക” എന്ന തീരുമാനത്തിലാണ് എത്തിക്കുന്നത്. ഒരേ അശ്ലീല സൈറ്റ് തന്നെ നിരന്തരം സന്ദർശിക്കുന്ന അംബയുടെ മകനായ അപ്പു അമ്മയോട് എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിലുള്ള അശ്ലീല ചേഷ്ടകളോ രതി വൈകൃതങ്ങളോ കാട്ടുന്നതായുള്ള ഒരു പരാമർശം പോലും നോവലിലില്ല.
വഴങ്ങാത്ത നാവുകൊണ്ട് അവൻ പറയുന്നത് (തുടർച്ചയായ നാല് വർഷങ്ങളിൽ) “എനിക്ക് കല്യാണം കഴിക്കണ” മെന്നാണ്. അല്ലാതെ അമ്മയിൽ നിന്നുള്ള രതി അവൻ ആഗ്രഹിക്കുന്നതേയില്ല. ഇവിടെ യുവാവായ ഒരുവൻ സൈബർ രതിശാല സന്ദർശിക്കുന്നതിൽ മാത്രമേ കഥാകൃത്തിന് പാപബോധം ഉണരുന്നുള്ളൂ. തനിക്ക് കല്യാണം കഴിക്കണമെന്ന് മകൻ പറഞ്ഞ നിമിഷം അവൾ കാരണമൊന്നുമില്ലാതെ പണ്ടെന്നോ താൻ വായിച്ച ആ കീറപ്രസിദ്ധീകരണം ഓർത്തു. കണ്ണടയില്ലാത്ത കണ്ണുകൊണ്ടാണെങ്കിൽ പോലും അതിൽ താൻ കണ്ട ദൃശ്യങ്ങളെയും അത് എഴുതിയ ആളുടെ പേരിനെയും ഓർത്തു. അങ്ങനെയാണ് അപ്പുവിന്റെ പിറന്നാൾ ദിവസം വാങ്ങേണ്ടുന്നവയിൽ ആ പുസ്തകവും ഇടം പിടിച്ചത്. അപ്പോൾ അത്രേയുള്ളൂ കാര്യം! അശ്ലീല സൈറ്റ് കാണുന്നതിലേ പ്രശ്നമുള്ളൂ. അശ്ലീല പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിൽ തെറ്റില്ല.
എങ്ങനെയാണ് അശ്ലീല സൈറ്റ് സന്ദർശിക്കുന്നത് ഗ്രേഡ് കൂടിയ പാപമായും അശ്ലീല പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് സ്വാഭാവികമായും മാറുന്നത്? ഒറ്റ ഉത്തരമേ പറയാനാവൂ. ഇതൊക്കെ എഴുതുന്ന നോവലിസ്റ്റിന്റെ കൗമാര യൗവന കാലത്ത് മൊബൈൽ ഫോണോ അതിലൂടെ സാധ്യമാകുന്ന സൈബർ രതിയോ ഇല്ലായിരുന്നു. തനിക്ക് സാധ്യമായ കാര്യങ്ങൾ തികച്ചും ന്യായവും സ്വാഭാവികമായിട്ടുള്ളതും എന്നാൽ പുതിയ തലമുറയ്ക്ക് സാധ്യമാകുന്ന ബദലുകൾ അസ്വാഭാവികവും കുറ്റകൃത്യവുമായി മാറുന്ന കാഴ്ചയാണ് സമുദ്രശിലയിലുള്ളത്. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്ന പുതിയ തലമുറ മുഴുവന്‍ അതി ലൈംഗികതയുടെ മലിന സമുദ്രത്തിലാണെന്നും സ്വന്തം ശാരീരിക സുഖങ്ങള്‍ക്ക് വേണ്ടി മാത്രമാണവര്‍ അതുപയോഗിക്കുന്നതെന്നുമുള്ള ചിന്ത തിരുത്തപ്പെടേണ്ടതു തന്നെയാണ്.
നോവലിന്റെ അവസാനഭാഗത്ത് മൊബൈൽ വഴി കണ്ട പാപ ദൃശ്യങ്ങൾക്കുള്ള ശിക്ഷ നിറവേറ്റുന്ന രംഗങ്ങൾ അത്യന്തം ക്രൂരവും മനുഷ്യവിരുദ്ധവുമാണ്. ഒറ്റയ്ക്ക് നിലനിൽപ്പില്ലാത്ത ഒരു തെറ്റാണ് തന്റെ മകൻ എന്നും അതിനിപ്പോൾ ഒരു പ്രതിവിധി ചെയ്യേണ്ടിയിരിക്കുന്നു എന്നും ഉറപ്പിച്ച് എലി വിഷം ചേർന്ന ഭക്ഷണം മകന് നൽകുകയാണവർ. വിഷം ചേർന്ന ഭക്ഷണവും വീഞ്ഞും കുടിച്ച് അവൻ വിയർക്കാനും കണ്ണ് മിഴിക്കാനും തുടങ്ങുമ്പോൾ “ലൈറ്റ് അണച്ച് രതിയുടെയും മൃതിയുടെയും പാഠങ്ങൾ ഒരേ സമയം അവനെ പഠിപ്പിക്കാൻ, രണ്ടും ഒന്നുതന്നെയാണെന്ന് അനുഭവിപ്പിക്കാൻ, “സാരി ഉയർത്തിവെച്ച് അവൾ അവനുമേൽ കവച്ചു” എന്ന കടുത്ത അശ്ലീലവും മനുഷ്യവിരുദ്ധതയും ആണ് നോവലിസ്റ്റ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
രതിയും മൃതിയും ഒന്നുതന്നെയാണെന്ന പാഠം നോവലിസ്റ്റ് എവിടെനിന്നാണ് പഠിച്ചതെന്നോർത്ത് വായനക്കാർ അന്തം വിട്ടു പോകും. ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ച, വിഷം ഉള്ളിൽ ചെന്ന് മരണവെപ്രാളം കാട്ടുന്ന 21 കാരന് എന്ത് രത്യാനുഭൂതി പകർന്നെന്നാണ് കഥാകൃത്ത് ഉദ്ദേശിക്കുന്നത് എന്ന് ചിന്തിച്ചുണ്ടാകുന്ന അമ്പരപ്പ് മാറാൻ ദിവസങ്ങളെടുക്കും. ഈ കൊടും പാതകം ചെയ്തതിന് ലോകത്തുള്ള ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മുഴുവൻ പേരോടും അവരെ പരിചരിക്കുന്ന അവരുടെ പ്രിയപ്പെട്ടവരോടും നോവലിസ്റ്റ് മാപ്പ് പറയേണ്ടതാണ്. അംബയുടെ ജീവിതത്തിന്റെ മുക്കാലും കാര്‍ന്നു തിന്ന കാന്‍സറിനെക്കുറിച്ചുള്ള സൂചനകള്‍ പോലും നോവലിസ്റ്റ് കഥാപാത്രത്തെക്കൊണ്ട് ചെയ്യിക്കുന്ന ക്രൂരതയ്ക്ക് മറയിടാന്‍ വേണ്ടിയുള്ളതാണെന്ന് ചിന്തിക്കാനേ യുക്തി അനുവദിക്കൂ. അംബ എന്ന കഥാപാത്രം നോവലിസ്റ്റിന്റെ മത യാഥാസ്ഥിതിക പാപചിന്തകളുടെയും കപട സദാചാരബോധത്തിന്റെയും ഇരയാണ്. അവരുടെയും അവരുടെ മകനായ അപ്പുവിന്റെയും ദുരന്തം കഥാകൃത്തിന്റെ മനുഷ്യ വിരുദ്ധ മനസ്സിന്റെ സൃഷ്ടിയാണ്.
സമുദ്രശിലയിലെ കൗണ്ടർ ഫാക്ച്വെൽ തിങ്കിംങ്
ഒരു മനശാസ്ത്ര ആശയമത്രെ കൗണ്ടർ ഫാക്ച്വെൽ തിങ്കിംങ് അഥവാ വിപരീത ചിന്ത. ഭൂതകാലത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നതാണ് വിപരീത ചിന്ത. ഒരാൾ മുൻപ് നടന്ന ഒരു സംഭവത്തിൽ മാറ്റം വരുത്തുന്നതായി സങ്കൽപ്പിക്കുകയും ആ മാറ്റത്തിന്റെ ഫലങ്ങൾ വിലയിരുത്തുകയും ചെയ്യുന്നതാണത്. ഉദാഹരണത്തിന് സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയിലെ ആദ്യ അധ്യായമായ ‘അഭയം’ കൗണ്ടർ ഫാക്ച്വെൽ തിങ്കിങ്ങിന് ഉദാഹരണമായി എടുക്കാം.
ആത്മാഹൂതിക്ക് മുമ്പ് കാശിഭൂപന്റെ മൂന്നു പുത്രിമാരിൽ മൂത്തവളായ അംബ വ്യാസനെ കണ്ട ശേഷംസാല്യനുമായുള്ള പ്രണയകഥ ഒളിപ്പിച്ചുവെച്ച് വിചിത്ര വീര്യന്റെ ഭാര്യയായിരുന്നുവെങ്കിൽ, വിധവയായ ശേഷം വ്യാസനിൽ ജനിക്കുമായിരുന്ന കുഞ്ഞിനു എന്ത് വൈകല്യമായിരിക്കും ഉണ്ടാവുക എന്ന ചോദ്യം ഉന്നയിക്കുന്നു. അംബ വിചിത്രവീര്യന്റെ ഭാര്യയോ വിധവയോ ആയില്ല അവൾ സാല്യന്റെ അടുക്കലേക്ക് മടങ്ങിപ്പോയി. അയാളുടെ ദുരഭിമാനം അവളെ കൈവെടിഞ്ഞപ്പോൾ ഭീഷ്മരുടെ അടുക്കലെത്തുന്നു.
ഒടുവിൽ എല്ലാ അഭയവുമറ്റ് ആത്മാഹൂതി ചെയ്യുന്നു. ഇവിടെ അംബ വിചിത്രവീര്യൻ്റെ ഭാര്യയായിരുന്നെങ്കിൽ, വിധവയായശേഷം വ്യാസനെ പ്രാപിച്ചിരുന്നെങ്കിൽ, ജനിക്കുമായിരുന്ന കുട്ടിക്ക് എന്ത് വൈകല്യമായിരിക്കും ഉണ്ടാവുക എന്ന ചിന്ത കൗണ്ടർ ഫാക്ച്വെൽ തിങ്കിംങ് ആണ്. അതിഥി എന്ന അധ്യായത്തിൽ അനീസ് ബഷീറിന്റെ ഭാര്യയും മനഃശാസ്ത്രജ്ഞയുമായ അഞ്ജുവുമായുള്ള സംഭാഷണത്തിലാണ് കൗണ്ടർ ഫാക്ച്വെൽ തിങ്കിങ്ങിനെ കുറിച്ച് നോവലിസ്റ്റ് പരാമർശിക്കുന്നത്. അഞ്ജു ഇങ്ങനെ പറയുന്നു “കൗണ്ടർ ഫാക്ച്വെൽ തിങ്കിംങ് എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു അവസ്ഥയുണ്ട് ചില രോഗികൾക്ക്. നിങ്ങൾ എഴുത്തുകാർക്കൊക്കെയാണെങ്കിൽ അത് ചുമ്മാ എഴുതി വച്ചാൽ ഉഗ്രൻ ഫിക്ഷന്‍ സൃഷ്ടിക്കാം. പക്ഷേ സാധാരണക്കാർക്ക്, അതും സ്ത്രീകൾക്ക് അത് പിടിപെട്ടാൽ വലിയ ബുദ്ധിമുട്ടായിരിക്കും.”
വിപരീത ചിന്തകൾ വ്യക്തിഭേദമനുസരിച്ച് (ചിന്താഗതി അനുസരിച്ച്) പോസിറ്റീവായോ നെഗറ്റീവ് ആയോ ഉള്ള ഫലങ്ങൾ ഉളവാക്കാം. കടുത്ത വിഷാദരോഗവും മറ്റും അനുഭവിക്കുന്ന ആളുകളിൽ അത് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ വേവലാതിപ്പെടാനും അങ്ങനെ കൂടുതൽ ദുഃഖകരമായ അവസ്ഥയിൽ ചെന്നെത്തിപ്പെടാനും ഇടയാക്കാം. പക്ഷേ ഇത്തരം ചിന്ത സാധാരണക്കാർക്ക്, അതും സ്ത്രീകൾക്ക് (സ്ത്രീകളെല്ലാം അല്ലെങ്കിലും സാധാരണക്കാരിൽ സാധാരണക്കാരാണല്ലോ!) അത് പിടിപെട്ടാൽ വലിയ ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞതിന്റെ പൊരുൾ എന്തെന്ന് നോവലിസ്റ്റ് തന്നെ വ്യക്തമാക്കേണ്ടതാണ്. കൗണ്ടർ ഫാക്ച്വെൽ തിങ്കിങ്ങിന്റെ ഫലമായാണ് മഹാഭാരതത്തിലെ അംബയെ സമുദ്ര ശിലയിൽ അവതരിപ്പിച്ചതെങ്കിൽ, സമുദ്ര ശിലയിലെ മുഖ്യ കഥാപാത്രമായ അംബയെ അവതരിപ്പിക്കുന്നത് നോവലിസ്റ്റിന്റെ സദാചാര ബോധ്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ്.
തന്റെ മകൻ ഒരു രോഗിയായി പിറന്നതിന്റെ കാരണം അംബ അമ്മയോട് വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ് “അമ്മേ എന്തുകൊണ്ടാണ് എന്റെ മകൻ ഈ മട്ടിൽ ആയത് എന്ന്, എനിക്കൊരു ശിക്ഷയായതെന്ന് എനിക്കിപ്പോൾ അറിയാം അമ്മേ” വിവാഹത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് സമുദ്രശിലയിൽ വെച്ച് കാമുകനെ പ്രാപിച്ച ശേഷമാണവൾ വിവാഹിതയാകുന്നത് എന്നതുകൊണ്ടാണ് മകന് സെറിബ്രൽ പാൾസി ബാധിച്ചതെന്നാണ് കഥാകൃത്ത് അംബയെക്കൊണ്ട് പറയിക്കുന്നത്. നോവലിസ്റ്റിന്റെ സദാചാര ബോധ്യങ്ങളാണ് അംബയെക്കൊണ്ട് അമ്മയുടെ മുമ്പിൽ കുമ്പസാരിപ്പിക്കുന്നത്. എന്നാൽ സ്വന്തം സദാചാര ബോധ്യങ്ങളും കൊണ്ട് മഹാഭാരതത്തിൽ ചെന്ന് കയറാനാവില്ല എന്നതുകൊണ്ട് അവിടെ രതി സ്വേച്ഛയാൽ നടക്കാത്തതുകൊണ്ടാണ് വൈകല്യമുള്ള കുട്ടി ജനിക്കുന്നത് എന്ന് വ്യാസനെ കൊണ്ട് പറയിക്കുകയാണ് ചെയ്യുന്നത്. കൗണ്ടർ ഫാക്ച്വെൽ തിങ്കിങ് എഴുത്തുകാർക്ക് മാത്രമല്ല വായനക്കാർക്കും നടത്താവുന്നതാണ്. സുഭാഷ് ചന്ദ്രൻ അല്ലായിരുന്നു സമുദ്രശില എഴുതിയതെങ്കിൽ അംബയുടെയും മകൻ അപ്പുവിന്റെയും ജീവിതം എങ്ങനെയാകുമായിരുന്നുവെന്ന് ചിന്തിച്ചാൽ മതി!
മത സ്വത്വബോധം പേറുന്ന നോവലിസ്റ്റ്
സ്വന്തം നോവലിൽ വിഖ്യാതനായ ഒരു കഥാകാരന്റെ മകനെക്കൊണ്ട് കഥയെഴുതിപ്പിക്കുന്ന ക്രെഡിറ്റ് സുഭാഷ് ചന്ദ്രന് മാത്രം സ്വന്തമാണ്! അതിഥി എന്ന അധ്യായത്തിലാണ് അനീസ് ബഷീർ എഴുത്തുകാരനായി പ്രത്യക്ഷപ്പെടുന്നത്. ഓർമ്മക്കുറിപ്പെന്നോ കഥയെന്നോ വിളിക്കാവുന്ന ഒരു സംഗതി അന്നേവരെ അദ്ദേഹം എഴുതിയിട്ടില്ല. അനീസ് എഴുത്തുകാരനായത് സുഭാഷ് ചന്ദ്രന്റെ വീട്ടിൽ വിരുന്നു വന്ന ശേഷം മാത്രം! ബഷീറിന്റെ മകൻ എഴുതുന്നതെന്ന ഭാവേന സുഭാഷ് ചന്ദ്രൻ എഴുതുന്നത് നോക്കുക. “ഇതൊരു ഓർമ്മക്കുറിപ്പോ കഥയോ എന്ന് തുടക്കത്തിൽ ഞാൻ ശങ്കിച്ചത് വെറുതെയല്ല. എന്റെ പിതാവിന്റെ കാര്യത്തിൽ രണ്ടും ഒന്ന് തന്നെയായിരുന്നല്ലോ.
താൻ നേരിട്ട് അനുഭവിച്ച കാര്യങ്ങൾ ഓർത്തെഴുതിയവയാണ് ബഷീറിന്റെ മിക്ക കൃതികളും എന്ന് നിരൂപകർക്ക് മാത്രമല്ല സാധാരണ വായനക്കാർക്ക് വരെ അറിയാം. പക്ഷേ അദ്ദേഹം ഓർമ്മകളെ വീണ്ടെടുക്കുമ്പോൾ നമ്മെപ്പോലുള്ളവർക്ക് ഒരിക്കലും സാധിക്കാത്ത ഒരു മാജിക് ആ കടലാസിൽ സംസം ജലം പോലെ ഉറവ എടുക്കുന്നത് കാണാം. തന്റെ മകൻ എഴുതുന്നതെന്ന നാട്യത്തിൽ നോവലിസ്റ്റ് എഴുതിയ ഈ പാതകം ബഷീർ കാണാത്തത് നന്നായി. ബഷീറിന്റെ മകനായ അനീസ് ബഷീർ എഴുതുന്നത് കൊണ്ട് ബഷീറിന്റെ രചനാ മാജിക് “സംസം ജലം” പോലിരിക്കട്ടെ എന്ന തീർപ്പ് വിഖ്യാത കഥാകാരനെയും അദ്ദേഹത്തിന്റെ മകനെയും ഒരേപോലെ അപമാനിക്കുന്നതാണ്. മുസ്ലിം ജീവിതവും ഭാഷയും തന്റെ കഥാ ലോകത്തേക്ക് ആവാഹിച്ച് എഴുതുമ്പോഴും ഇമ്മാതിരി മതചിഹ്നങ്ങൾ അദ്ദേഹം ഒഴിവാക്കിയിരുന്നതായി അദ്ദേഹത്തിന്റെ കഥാലോകവുമായി സാമാന്യ പരിചയമുള്ളവർക്കറിയാം. സംഭാഷണങ്ങളിലോ മതപരമായ ചടങ്ങുകൾ വർണ്ണിക്കുന്നതിലോ മാത്രമേ അത്തരം മതപരമായ ചിഹ്നങ്ങൾ കടന്നു വരാറുള്ളൂ. അല്ലാതെ സാദൃശ്യകൽപനകളിലില്ല. അങ്ങനെയുള്ള ഒരാളുടെ മകൻ എഴുതുന്നതെന്ന മട്ടിൽ എഴുതിയ ഒരു കുറിപ്പിൽ മതചിഹ്നങ്ങളെ ആവാഹിച്ചു കൊണ്ടുവരുന്നത് ഉള്ളിലെ മത സ്വത്വബോധം കൊണ്ടാണ്.
“ഇന്ന് 2018 മെയ് മാസം ഇരുപതാം തീയതി ഞാനും എന്റെ കുടുംബവും ഞങ്ങളുടെ റംസാൻ നോമ്പ് തുറന്നത് സുഭാഷ് ചന്ദ്രന്റെ വീട്ടിൽ വച്ചാണ്.” എഴുത്തിനുള്ള പ്രചോദനം വരുന്ന വഴിയാണ്! നോമ്പ് തുറയ്ക്ക് മുമ്പ് വിഭവങ്ങൾ ഒരുക്കിയും തരിക്കഞ്ഞി ഉണ്ടാക്കാൻ അറിയാത്തതുകൊണ്ട് നാടൻ നന്നാറി സർബത്ത് ഒരുക്കിയും അതിഥിയായ നോവലിസ്റ്റ് മതേതരത്വ സംരക്ഷണത്തിന് ഉദാത്ത മാതൃകയാവുന്നു. സംഭവം അവിടെയൊന്നും നിൽക്കുന്നില്ല.
ബഷീറിന്റെ മകനെക്കൊണ്ട് ഇങ്ങനെ കൂടി പറയിക്കുന്നു. “ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ ആദ്യമായി ഒരു ഹിന്ദു ഭവനത്തിൽ നിന്ന് നോമ്പ് തുറക്കുന്നതിന്റെ സന്തോഷത്തോടെ ഞാനും അഞ്ജുവും സർബത്തിന്റെ മധുരം ആത്മാവിലേക്കെടുത്തു.” അതുകേട്ട് നിർവൃതിയടഞ്ഞ നോവലിസ്റ്റ് ‘നിസ്കരിക്കണമെങ്കിൽ തൊട്ടടുത്ത് പള്ളിയുണ്ട്’ എന്നുകൂടി പറയുന്നു. ഭാര്യയുടെ പിറന്നാളായിട്ട് കൂടി അതിഥിയായി എത്തിയ അനീസിനും കുടുംബത്തിനും ബീഫ് കറി വരെ വെച്ച് നോവലിസ്റ്റ് ‘മഹാത്മാ’വും ആകുന്നു. കൃത്രിമത്വം തുളുമ്പുന്ന സംഭാഷണങ്ങൾ വിരസത കൊണ്ട് മനം മടുപ്പിക്കും. അനീസിന്റെ ഭാര്യയായ അഞ്ജുവിനോടുള്ള സംഭാഷണമദ്ധ്യേ “സോറി ഞാൻ അഞ്ജുവിനെ ബോറടിപ്പിക്കുന്നുണ്ടോ?” എന്ന ചോദ്യം വാസ്തവത്തിൽ നോവലിസ്റ്റ് വായനക്കാരോടാണ് ചോദിക്കേണ്ടത്.
ഒരു മുസ്ലിം കുടുംബത്തിന് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ വിശദമായ വിവരണത്തിലൂടെ അതെന്തോ അസ്വാഭാവികവും അസാധാരണവുമായ കാര്യമാണെന്ന് വരുന്നു. അത് തികച്ചും സ്വാഭാവികമായി മാറുമ്പോഴാണ് അതിന് മതേതരത്വ സ്വഭാവം വരിക. അല്ലാതാവുമ്പോൾ സവർണ്ണ ജന്മി അയിത്ത ജാതിക്കാരനെ വീട്ടിനകത്തൂട്ടിയ സംഭവം ‘വിപ്ലവകഥ’യായി പറഞ്ഞു നടക്കുന്ന പോലുള്ള അശ്ലീലമാണ് സൃഷ്ടിക്കപ്പെടുക. കുടുംബാംഗങ്ങളെ മുഴുവൻ തന്റെ കൃതികളിൽ കഥാപാത്രങ്ങളാക്കിയ ബഷീർ പക്ഷേ, മകനായ അനീസിനെ ഒരു കൃതിയിലും അവതരിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് തന്റെ കൃതിയിലൂടെ അനീസിനെയും കുടുംബത്തെയും താൻ അനശ്വരരാക്കാൻ പോവുകയാണെന്ന നോവലിസ്റ്റിന്റെ പ്രഖ്യാപനമൊക്കെ വായിച്ചാൽ ആരായാലും ട്രോളിപ്പോവും. കൃത്രിമത്വം തുളുമ്പുന്ന അന്തരീക്ഷ സൃഷ്ടിയും സംഭാഷണങ്ങളും മുഴച്ചു നിൽക്കുന്ന പൊങ്ങച്ച പ്രകടനങ്ങളും കപട മതേതര വാഴ്ത്തുക്കളും കൊണ്ട് മനംമടുപ്പിക്കുന്നുണ്ട്, ബഷീറിന്റെ മകനെ എഴുത്തുകാരനാക്കുന്ന നോവലിസ്റ്റിന്റെ പരാക്രമം.
നുരഞ്ഞു പൊന്തുന്ന സ്ത്രീവിരുദ്ധത
ഉപാധിയില്ലാത്ത സ്നേഹം തേടുന്ന അംബയുടെ കഥയാണ് സമുദ്ര ശിലയിലൂടെ സുഭാഷ് ചന്ദ്രൻ പറയുന്നത്. സമുദ്ര ശിലയുടെ അവസാന ഭാഗത്ത് അംബ നോവലിസ്റ്റിനോട് ഇങ്ങനെ പറയുന്നു . “അതുകൊണ്ട് ഒരു പൗർണമി രാത്രിയിൽ എന്റെ പ്രിയപ്പെട്ടവനുമൊത്ത് ഞാൻ സമുദ്ര മധ്യത്തിലുള്ള വെള്ളിയാങ്കല്ലിൽ ശയിച്ചത് നുണക്കഥയാണെന്ന് നീയെങ്കിലും വിശ്വസിക്കരുതേ!”
അത്തരം ഒരു സങ്കല്പം ഓരോ സ്ത്രീയുടെയും അതിജീവന രഹസ്യമാണ്. മീൻ വെട്ടുന്നതായും കറിയുണ്ടാക്കുന്നതായും ക്ലാസ്സെടുക്കുന്നതായും കാണപ്പെടുന്ന ഒരുവൾ യഥാർത്ഥത്തിൽ ആ സങ്കല്പത്തിനു മീതെ അടയിരിക്കുകയാണ്. പരമമായ ഏകാന്തതയിൽ തന്നെ സ്നേഹിക്കുന്ന ഒരു യഥാർത്ഥ പുരുഷനുമൊത്ത് ഒരിത്തിരി നേരം. ആ നേരം തന്നെയാണ് അവളുടെ ഇടം. ആ സങ്കല്പം മാത്രമാണ് അവളുടെ സത്യം. ഉത്തരാധുനിക കാലത്ത് നോവലെഴുതുമ്പോഴും ‘മഞ്ഞി’ലെ കാല്പനികത തന്നെ ശരണം.
ഉപാധിയില്ലാത്ത സ്നേഹം ആഗ്രഹിച്ച്, കാമുകനുമൊത്തുള്ള വെള്ളിയാങ്കല്ലിലെ ശയനം സങ്കല്പമാകുന്നതും ആ സങ്കല്പം പോലും പാപമാകുന്നതും പാപത്തിന്റെ ഫലം സെറിബ്രല്‍ പാള്‍സിയും ഓട്ടിസ്റ്റിക്കുമായ കുഞ്ഞാകുന്നതുമായ കാഴ്ചയാണ് നോവലിലുള്ളത്. ഇനി ആ സങ്കല്പം പോരാതെ ഏതെങ്കിലും ഒരു സ്ത്രീ അത്തരമൊരു സ്നേഹമന്വേഷിച്ചു പോയാൽ റൂമി ജലാലുദ്ദീന്മാരിൽ നിന്ന് പീഡനമേൽക്കേണ്ടി വരുമെന്നും കഥാകൃത്ത് പറയാതെ പറയുന്നുണ്ട്. സ്ത്രീ ലൈംഗികത എന്തെന്ന് താൻ തീരുമാനിക്കും. അതിനനുസരിച്ചുള്ള വേഴ്ച മതി എന്ന തീർപ്പും നോവലിൽ കാണാം.
“അമ്മമാരെക്കുറിച്ച് സ്നേഹത്തോടെ പറയൂ. അവരുടെ ഭൂതകാലത്തെ ക്കുറിച്ച് മതിപ്പോടെ ഓർമിക്കൂ. പഴയ അടുക്കളച്ചവിട്ടിയെ എന്നപോലെ മക്കൾ അവഗണിക്കുന്ന ശയ്യാവലംബികളായ അമ്മമാരെക്കുറിച്ച് വീണ്ടും വീണ്ടും വീണ്ടും എഴുതൂ .” – ചന്ദ്രിക ടീച്ചർ എന്ന അംബയുടെ ശയ്യാവലംബിയായ അമ്മയുടെ അന്ത്യ നിമിഷം വർണ്ണിക്കുന്ന അധ്യായത്തിന്റെ ആമുഖവാക്യമാണിത്. അമ്മമാരെക്കുറിച്ച് സ്നേഹത്തോടെ പറയുന്നത് നല്ല കാര്യമാണ്. അവരുടെ ഭൂതകാലത്തെ കുറിച്ച് മതിപ്പോടെ ഓർക്കണമത്രേ.
എന്താണ് അവരുടെ ഭൂതകാലം ?
മതിപ്പുളവാക്കുന്ന എന്താണ് അവരുടെ ഭൂതകാലത്തിലുള്ളത് ? അടുക്കളപ്പണി ചെയ്തും കുട്ടികളെ പെറ്റുവളർത്തിയും മടുപ്പിക്കുന്ന ശുചീകരണ ജോലികൾ ചെയ്തും നരകിച്ചു കഴിയേണ്ടി വരുന്ന അമ്മമാരെ കുറിച്ച് മതിപ്പോടെ ഓർക്കണം. ഇത്തരം ജോലികൾ ചെയ്യുന്നവർ മതിപ്പ് അർഹിക്കുന്നുവെന്നും മതിപ്പ് വേണമെന്നുണ്ടെങ്കിൽ ഇത്തരം ജോലികൾ ചെയ്യുന്ന ഭൂതകാലമുള്ള അമ്മമാർ ആവണമെന്നുമാണ് വ്യംഗ്യം.”പഴയ അടുക്കളച്ചവിട്ടി പോലെ മക്കൾ അവഗണിക്കുന്ന അമ്മമാരെ കുറിച്ച് വീണ്ടും വീണ്ടും വീണ്ടും എഴുതൂ.” എന്ന വാക്യത്തിലെ വീണ്ടും എന്ന പദത്തിൻറെ ആവർത്തനം പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ എഴുത്തുകാരുടെ പ്രശ്നമിതാണ്. പാട്രിയാർക്കി വരയ്ക്കുന്ന വരയ്ക്കപ്പുറം പോവില്ല.
പഴയ അടുക്കളച്ചവിട്ടിയായി മാറുന്ന അമ്മമാരെ നമുക്ക് ഇനിയും ഇനിയും ഇനിയും ആവശ്യമുണ്ട്. അതുകൊണ്ട് അടുക്കളച്ചവിട്ടിയായി മാറാൻ ഒരുക്കമല്ലാത്ത സ്ത്രീകളുള്ള കാലത്തും അടുക്കളച്ചവിട്ടിയായി മാറി , കിടപ്പിലായ അമ്മമാരെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കണം. നൂറ്റാണ്ടുകളായി നമ്മുടെ എഴുത്തുകാർ ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സുഭാഷ് ചന്ദ്രനും അത് തന്നയേ ചെയ്യാനുള്ളൂ.
വിവാഹപൂർവ്വ ബന്ധത്തില്‍പ്പെടുന്ന സ്ത്രീകൾക്കാണ് ശാരീരിക മാനസിക വൈകല്യങ്ങളുള്ള കുട്ടികൾ ജനിക്കുന്നത് എന്ന സങ്കല്പം പിന്തുടരുന്ന കഥാകൃത്ത് വാഹനാപകടങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരവും പങ്കുവയ്ക്കുന്നുണ്ട്. ആ വെളിപ്പെടുത്തൽ ഇങ്ങനെയാണ് – “റോഡ് മുറിച്ചു കടക്കുന്ന നേരത്ത് തന്റെ അസാധാരണമായ നിതംബ ഭംഗിയാൽ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുകയും അങ്ങനെ നഗരനിരത്തിൽ വാഹനാപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്ന റസിയ എന്ന യുവതിയെ ഭൃത്യ എന്നതിനേക്കാൾ ഒരു മകളായി തന്നെയാണ് ഏകാകിയായ വീട്ടുടമസ്ഥ കണ്ടിരുന്നത്.”
കേരള പോലീസ്, പ്ലീസ് നോട്ട് ദി പോയിന്‍റ്. റോഡപകടങ്ങൾ ഉണ്ടാക്കുന്നതിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ 2019 ല്‍ തന്നെ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ ഉണ്ടായിട്ടും കേരള പൊലീസ് അവരുടെ എഫ് ബി പേജ് വഴിയെങ്കിലും നോവലിസ്റ്റിന് നന്ദിയും കടപ്പാടും അറിയിക്കാത്തത് വളരെ മോശമായിപ്പോയി!
അംബയുടെ അമ്മയുടെ സംസ്കാരം കഴിഞ്ഞ് അവരുടെ അസ്ഥികൾ ചുവന്ന തുണികൊണ്ട് മൂടിക്കെട്ടിയ ഒരു മൺകുടത്തിൽ കാണുന്നതുവരെ അംബ കരഞ്ഞിരുന്നില്ല. അത് കണ്ട നിമിഷം ആ കുടം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പയ്യനെ കെട്ടിപ്പിടിച്ച് അവൾ ഉറക്കയുറക്കെ നിലവിളിച്ചു. ആ ആലിംഗനത്തേയും പൊട്ടിക്കരച്ചിലിനെയും കുട്ടി എങ്ങനെ മനസ്സിലാക്കിയെന്ന് കഥാകൃത്ത് വർണ്ണിക്കുന്നത് ഇങ്ങനെയാണ്: “മാംസം കൊണ്ട് കെട്ടിപ്പൊതിഞ്ഞ ഒരു പൊട്ടിക്കരച്ചിലാണ് സ്ത്രീ” സ്ത്രീയെ ഒരു ശരീരമായി മാത്രം കാണാൻ ശീലിച്ച ഒരു മനസ്സിനേ ഒരു പത്താം ക്ലാസുകാരനെ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയൂ. ശരീരത്തിന് അപ്പുറത്തുള്ള സ്ത്രീയെ അന്വേഷിക്കുന്ന ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നുവെന്ന് നോവലില്‍ പറയുന്ന അതേ നോവലിസ്റ്റ് തന്നെയാണ് ഒരു പത്താം ക്ലാസുകാരനെക്കൊണ്ട് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്.
മാനസിക ഭാവങ്ങളെ അവയവബദ്ധമായി അവതരിപ്പിക്കുന്ന കാര്യത്തിൽ സുഭാഷ് ചന്ദ്രൻ തന്‍റെ സമകാലികരും മുൻഗാമികളുമായ എഴുത്തുകാർക്കൊപ്പം തന്നെയാണ്. അപ്പു സ്ഥിരമായി കാണുന്ന അശ്ലീല സൈറ്റ് ഏതെന്ന് തിരിച്ചറിഞ്ഞപ്പോൾ അംബയുടെ ഹൃദയം വെന്തുവെന്നും “അവളുടെ ഗർഭപാത്രം എട്ട് ദിക്കിൽ നിന്നും ഞെരുങ്ങി നൊന്തു” എന്നും കഥാകൃത്ത് പറയുന്നുണ്ട്. സ്ത്രൈണതയുടെ അളവുകോലായി കാലങ്ങളായി നമ്മുടെ എഴുത്തുകാർ ഗർഭപാത്രത്തെ കാണുന്നതുകൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ പുരുഷന്മാർക്ക് മനസ്സ് നോവുമ്പോൾ സ്ത്രീകൾക്ക് മനസ്സ് മാത്രമല്ല ഗർഭപാത്രം കൂടി എട്ട് ദിക്കിൽ നിന്നും ഞെരുങ്ങി നോവും! ഗർഭപാത്രം എന്നത് സ്ത്രീയുടെ വികാരങ്ങളും മാനസിക ഭാവങ്ങളും നിറച്ചു വെച്ചിരിക്കുന്ന ഒരു പാത്രമല്ലെന്ന കാര്യം നമ്മുടെ എഴുത്തുകാർ ഇനിയും മനസ്സിലാക്കിയിട്ടില്ല. ഇമ്മാതിരി എഴുത്തുകൾ വായിച്ച് വായിച്ച് കണ്ടീഷനിങ് സംഭവിച്ച സ്ത്രീകൾക്ക് ചിലപ്പോൾ ഗർഭപാത്രവും നോവുമായിരിക്കും! എന്തായാലും പ്രസ്തുത ‘പാത്ര’ത്തിൽ ഇപ്പോഴും സ്ത്രീയുടെ വികാരവിചാരങ്ങൾ കുത്തിനിറച്ച് അവതരിപ്പിക്കുന്നത് അത്യന്തം പരിഹാസ്യമാണ്.
സുഭാഷ് ചന്ദ്രന്റെ ഫലിതങ്ങൾ
നോവലിസ്റ്റ്, വ്യാസനും ആന്റൺ ചെക്കോവും വൈക്കം മുഹമ്മദ് ബഷീറും ഒക്കെയായി സ്വയം അവതരിക്കാൻ ശ്രമിക്കുന്ന കഥയായും സമുദ്രശിലയെ വായിക്കാം. ബഷീറിന് ഉണ്ടായിരുന്ന നർമ്മബോധത്തിന്റെ ഒരംശം പോലും സുഭാഷ് ചന്ദ്രന് കിട്ടിയിട്ടില്ല. അംബയുടെ വീട്ടിൽ ജോലിക്കായി വരുന്ന ആഗ്നസിന്റെ പേര് കേട്ടിട്ട് കിടപ്പിലായിരുന്ന അംബയുടെ അമ്മ അഗ്നിദേവനും സ്വാഹയ്ക്കും ഒരു മകൾ ഉണ്ടായിരുന്നുവെങ്കിൽ ഇടാൻ പറ്റിയ പേര് എന്ന് പറയുന്നു. അഗ്നിദേവന് അതിന് മകൾ ഇല്ലെന്നാര് പറഞ്ഞെന്നും അഗ്നിക്ക് രണ്ട് പെൺമക്കളുണ്ടെന്ന കാര്യം അപ്പോ അമ്മച്ചിക്കറിയാമ്പാടില്ലേ എന്നും ആഗ്നസ് തിരിച്ചു ചോദിക്കുന്നു. ചന്ദ്രിക ടീച്ചർ അറിയില്ലെന്ന് കൈ മലർത്തുന്നത് കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ആഗ്നസ് പറഞ്ഞു. “അഗ്നീടെ മക്കളല്ലേ നമ്മുടെ പൊഹയും കട്ടപ്പൊഹയും” ചന്ദ്രിക ടീച്ചർ മാത്രമല്ല വളരെ കാലങ്ങൾക്ക് ശേഷം അംബയും പൊട്ടിച്ചിരിച്ചു. ഇവിടെ കഥാപാത്രങ്ങൾക്കുണ്ടായ ചിരി വായനക്കാരിലേക്ക് പകരുന്നില്ല എന്നതാണ് കഥാകൃത്തിന്റെ നർമ്മബോധം നേരിടുന്ന ദുരന്തം.
ബഷീറിന് വായനക്കാരോട് പറയാൻ അനന്തമായ കഥകളുണ്ടായിരുന്നു. അനുഭവങ്ങളുണ്ടായിരുന്നു. അവയെ സ്വാഭാവികമായി അവതരിപ്പിക്കാനുള്ള ഭാഷയും അപാരമായ നർമ്മബോധവുമുണ്ടായിരുന്നു. പാണ്ഡിത്യത്തിന്‍റേതായ ഭാഷയോ വ്യാകരണമോ കൈയില്ലാത്ത ഒരു മനുഷ്യൻ ഭാഷ കൊണ്ട് കാട്ടുന്ന ഇന്ദ്രജാലം സുഭാഷ് ചന്ദ്രന് ഒട്ടും വശമില്ല എന്നതാണ് വാസ്തവം. സമുദ്രശിലയുടെ അവസാനം മരണത്തിന് തൊട്ടുമുമ്പ് അംബ കഥാകൃത്തിനയക്കുന്ന ഇ- മെയിലിൽ ഒരിടത്ത് ഇങ്ങനെ എഴുതിയിരുന്നു “മിടുക്കന്മാരും മിടുക്കികളുമായ ആയിരക്കണക്കിന് യുവതീ യുവാക്കൾ ലക്ഷക്കണക്കിന് രാത്രികളിൽ ഉറക്കം ഒഴിച്ചിരുന്ന് കണ്ടുപിടിച്ച ശാസ്ത്ര സിദ്ധികൾ സ്വന്തം ശാരീരിക സുഖങ്ങൾക്കായി മാത്രമായി ഉപയോഗിച്ച് രസിക്കുന്ന ഒരു തലമുറയുടെ ഉദാസീനനായ പ്രതിനിധിയായിരുന്നു എൻ്റെ മകൻ. നിന്റെ പുസ്തകത്തിലൂടെ നീ ഇത് പറയൂ. ആർക്കും വേണ്ടാത്ത ഒരു അമ്മയെയും മകനെയും സൃഷ്ടിച്ച് പാലിച്ച് സംഹരിച്ചതിലൂടെ നീ ചെയ്തത് മുഴുവൻ മലയാളികൾക്കും വേണ്ടി നടത്തിയ ഒരു ഉച്ചാടന ക്രിയ ആയിരുന്നു എന്ന്.”
വാസ്തവത്തിൽ തമാശ പറയാൻ അറിഞ്ഞുകൂടാത്ത സുഭാഷ് ചന്ദ്രൻ സീരിയസായി പറയുന്ന കാര്യങ്ങൾ ഇത്തരത്തിൽ തമാശയായി മാറുകയാണ് ചെയ്യുന്നത്. സുഭാഷ് ചന്ദ്രൻ ചെയ്ത ഉച്ചാടനക്രിയയുടെ ഫലം മലയാളികൾക്ക് മാത്രമേ ലഭിക്കൂ എന്നത് കഷ്ടമാണ്!
അപ്പോ മലയാളികളല്ലാത്തവർക്ക് രക്ഷപ്പെടണ്ടേ?! ശാസ്ത്രീയ നേട്ടങ്ങളെ തൊട്ട് അശുദ്ധമാക്കാതെ പൂജിക്കണം എന്നതായിരിക്കും നോവലിസ്റ്റിന്റെ നിലപാട്. ഫലിതം പറയാൻ ശ്രമിച്ച് വഷളത്തരം പറയുന്ന കാഴ്ചയും സമുദ്രശിലയിൽ കാണാം.
മലയാള സിനിമാ സംഗീതത്തിലെ അതുല്യ പ്രതിഭയായ ദേവരാജൻ മാസ്റ്ററുടെ അടുത്തിരിക്കുമ്പോൾ ദേവരാജൻ മാസ്റ്ററെ പോലെ പ്രതിഭ ഉണ്ടായിരുന്നിട്ടും മാസ്റ്ററോളം അവസരമോ അംഗീകാരമോ കിട്ടാതിരുന്ന ബാബുരാജിനെ ഒരാൾ ഓർത്തതിനെ എന്തിനോടെങ്കിലും സാദൃശ്യപ്പെടുത്തണമെങ്കിൽ എന്തെല്ലാം ഉപമാനങ്ങൾ സ്വീകരിക്കാം!
സുഭാഷ് ചന്ദ്രന്‍റെ സാദൃശ്യകല്പന നോക്കുക. “ഭാര്യയ്ക്കൊപ്പം രമിക്കുമ്പോൾ ആനന്ദമിരട്ടിക്കാൻ കാമുകിയെ ഓർക്കുന്ന വഷളനെപ്പോലെ ദേവരാജന്റെ കട്ടിലിൽ ഇരുന്നുകൊണ്ട് അയാൾ ദേവരാജന്റെ പ്രതാപ കാലത്തെ മറ്റൊരു സംഗീത പ്രതിഭയായിരുന്ന ബാബുരാജിനെ ഓർത്തു.” എന്തൊരു ഉപമ! ഉപമാനോപമേയങ്ങൾക്ക് തമ്മിൽ ഒരു ബന്ധവും ഇല്ലെങ്കിലും ആരാധകർക്ക് രസിക്കും!
നുണയെഴുത്ത് തന്നെയാണ് കഥ. അതൊരു തരത്തിൽ ഒരു തട്ടിപ്പ് തന്നെയാണ്. പക്ഷേ അത് ചെയ്യുന്നത് കലാപരമായിട്ടാവണമെന്ന് മാത്രം. നുണകളെ സത്യമാക്കാൻ കഥാകൃത്തുക്കൾ ഉപയോഗിക്കുന്ന കലാപരമായ അനേകം തന്ത്രങ്ങളുണ്ട്. കൃത്രിമമല്ലാത്ത അയത്ന ലളിതമായ ഭാഷയും അവതരണവും അസാമാന്യമായ നർമ്മബോധവും കൊണ്ട് അങ്ങനെ കലാപരമായി നുണ പറഞ്ഞ് വായനക്കാരെ മയക്കിയ അനേകർ നമ്മുടെ മുന്നിലുണ്ട്. പക്ഷേ സുഭാഷ് ചന്ദ്രൻ പറയുന്ന നുണകൾ നുണകളായി തന്നെ നിൽക്കുകയും സ്വയം കഥാപാത്രമായി അവതരിക്കുന്നത് പൊങ്ങച്ചത്തിന്റെ അസഹനീയ പ്രകടനമായി മാറുകയുമാണ് ചെയ്യുന്നത്. നോവലിലെ പല ലൈംഗിക വർണ്ണനകളും വായിച്ചാൽ ഉദാത്ത സാഹിത്യം വായിക്കാനിറങ്ങിയിട്ട് പോൺ സൈറ്റിൽ ചെന്ന് കയറിയാലുണ്ടാകുന്ന അങ്കലാപ്പ് വായനക്കാർക്കുണ്ടാവും.
അന്ധമായ ആരാധനയില്ലെങ്കിൽ തുടക്കം മുതൽ ഒടുക്കം വരെ മുഖം ചുളിച്ചല്ലാതെ ഈ കൃതി വായിച്ചു തീർക്കാനാവില്ല. ഇത്രയേറെ മനുഷ്യവിരുദ്ധതയും സ്ത്രീവിരുദ്ധതയും മത യാഥാസ്ഥിതിക നിലപാടുകളും പൊങ്ങച്ചപ്രകടനങ്ങളും കുത്തിനിറച്ചു വച്ചിരിക്കുന്ന ഒരു കൃതി ഇത്രയേറെ ആഘോഷിക്കപ്പെട്ടതിന് കാരണം സാഹിത്യ ലോകത്ത് ഉണ്ടായിട്ടുള്ള ഫാൻസ് അസോസിയേഷന്റെ വളർച്ചയാണ്. ഫാൻസ് അസോസിയേഷൻകാരുടെ ആർപ്പുവിളികളും ഒരു മുൻനിര മാധ്യമത്തിന്റെ എഡിറ്റർ എന്ന നിലയിൽ എഴുത്തുകാരും നിരൂപകരും കാട്ടുന്ന വിനീത വിധേയത്വവും സ്വയം നവീകരിക്കാൻ ഒരു കഥാകാരന് അവസരം നൽകുന്നില്ല എന്നത് ദുഃഖകരമാണ് .ആരാധക ക്കൂട്ടത്തിന്റെ ആർപ്പുവിളികളല്ല, നിരന്തര വിമർശനങ്ങളാണ് എഴുത്ത് എന്ന പ്രക്രിയയെ നവീകരിക്കാൻ സഹായിക്കുക.
ജൂലി ഡി എം: എഴുത്തുകാരിയും അധ്യാപികയുമാണ്. തിരുവനന്തപുരം സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്നു
FAQS – ചോദ്യോത്തരങ്ങൾ
എന്താണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം?
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ നിലകൊള്ളുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി, സാഹിത്യത്തിന്റെ മേഖലകളിൽ പ്രതിവർഷം മികച്ചസംഭാവനകൾ നൽകുന്നവർക്കായി അക്കാദമി വിവിധ മേഖലകളിൽ നൽകി വരുന്ന പുരസ്കാരമാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം.
മനുഷ്യന് ഒരു ആമുഖം രചിച്ചത് ആര്?
മലയാളി എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ രചിച്ച നോവലാണ് മനുഷ്യന് ഒരു ആമുഖം. മനുഷ്യന് ഒരു ആമുഖം കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം വയലാർ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ആരാണ് സുഭാഷ് ചന്ദ്രൻ?
മലയാളത്തിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളാണ് സുഭാഷ് ചന്ദ്രൻ. മനുഷ്യന് ഒരു ആമുഖം, സമുദ്രശില, ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ പുസ്തകമേത്?
വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ് പ്രേം പാറ്റ. ബഷീറിന്റെ ജീവിതകാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ല. മരണത്തിന് ആറു വർഷങ്ങൾക്കുശേഷമാണ് പ്രേം പാറ്റ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചത്.
ആരാണ് ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്നത്?
മലയാളി നോവലിസ്റ്റും കഥാകൃത്തുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നത്. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു.