Wed. Dec 18th, 2024

ഡല്‍ഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് മാനദണ്ഡം നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കത്തയച്ചു. കേരളം അടക്കം പല സംസ്ഥാനങ്ങളും നിര്‍ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. കേന്ദ്ര നിര്‍ദേശപ്രകാരം കേന്ദ്രീയ വിദ്യാലയങ്ങളും ഏതാനും സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് മാനദണ്ഡം കഴിഞ്ഞവര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം നടപ്പാക്കണമെന്നു വ്യക്തമാക്കി ഫെബ്രുവരി ഒമ്പതിനാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചത്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥ അനുസരിച്ച് ആദ്യ അഞ്ചുവര്‍ഷം(മൂന്നുമുതല്‍ എട്ടുവയസ്സ് വരെ) അടിസ്ഥാന ശിക്ഷണ കാലമാണ്. ആദ്യ മൂന്നുവര്‍ഷം പ്രീ പ്രൈമറി (നഴ്‌സറി, എല്‍.കെ.ജി, യു.കെ.ജി). തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങള്‍ ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയിലുമാണെന്ന് കേന്ദ്രം വിശദീകരിച്ചു. ഇതില്‍ എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ക്കുവേണ്ടി ആരംഭിക്കുന്ന, ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കോഴ്‌സ് എസ്.സി.ഇ.ആര്‍.ടി രൂപകല്‍പന ചെയ്യണം. അതേസമയം, കേന്ദ്ര നിര്‍ദേശം കേരളത്തില്‍ നടപ്പാക്കിയാല്‍ ഒരു വര്‍ഷം ഒന്നാം ക്ലാസില്‍ കുട്ടികളില്ലാത്ത സാഹചര്യമുണ്ടാകും. സംസ്ഥാനത്ത് അഞ്ച് വയസാകുന്നവര്‍ക്കാണ് ഒന്നാം ക്ലാസ് പ്രവേശനം നല്‍കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം