Wed. Jan 22nd, 2025
Vigilance-and-Anti-corruption-Bureau

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പില്‍ പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കി വിജിലന്‍സ് ഡയറക്ടര്‍. ഇന്നലെ കളക്ടറേറ്റുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വന്‍തട്ടിപ്പാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചില കളക്ടറേറ്റുകളില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിക്കാനാണ് നിര്‍ദേശം. ഓരോ ജില്ലായിലും എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായി കളക്ടേറേറ്റിലെ രേഖകള്‍ പരിശോധിക്കും.

സഹായം ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ പലതിലും അപേക്ഷകന്റെ ഫോണ്‍ നമ്പറിന് പകരം ഏജന്റുമാരുടെ നമ്പറുകളാണുള്ളത്. സഹായധനം ലഭിച്ചാല്‍ ഏജന്റുമാര്‍ തുകയുടെ പങ്ക് പറ്റുന്നതായും വിജിലന്‍സ് കണ്ടെത്തി. അതിനാല്‍ ഓരോ വ്യക്തിയും നല്‍കിയിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നി ഉള്‍പ്പെടുത്തി വിശദമായ പരിശോധന നടത്തും.ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കളക്ടറേറ്റുകളിലും മറ്റു ഓഫീസുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം