Wed. Dec 18th, 2024

ചണ്ഡീഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ബജ്റംഗള്‍ നേതാവ് മോനു മനേസറിന് കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്. പൊലീസ് പുറത്തുവിട്ട പ്രതികളുടെ ചിത്രങ്ങളിലും മോനുവില്ല.മോനു മനേസര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം, മോനുവിനെ അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാന്‍ പൊലീസ് ഹരിയാനയില്‍ വന്നാല്‍ കാലും കയ്യും തല്ലിയൊടിക്കുമെന്ന് ബജ്‌റംഗ്ദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

പൊലീസ് റിമാന്‍ഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീകാന്ത്, കാലു, കിഷോര്‍, ഭിവാനി, ശശികാന്ത്, വികാസ്, പലുവാസ്, ഭിവാനി എന്നിവരെയാണ് അന്വേഷിക്കുന്നതെന്ന് രാജസ്ഥാന്‍ പൊലീസ് എഡിജിപി ക്രൈം ദിനേശ് എം എന്‍ പറഞ്ഞു. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ട് ഇതുവരെ ഒരാളെ മാത്രമാണ് പിടികൂടാനായത്. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോോപിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രാജസ്ഥാന്‍ സ്വദേശികളായ ജുനൈദ്, നസീര്‍ എന്നിവരെ ഹരിയാനയിലെ ഭീവാനിയില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നത്. മര്‍ദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാല്‍ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നല്‍കിയിരുന്നു. അതിനുശേഷമാണ് അവര്‍ മരിച്ചതെന്നും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നല്‍കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം