വാഷിംഗ്ടണ്‍: ജാതി വിവേചനം നിരോധിക്കുന്ന ആദ്യത്തെ യുഎസ് നഗരമായി സിയാറ്റില്‍. കൗണ്‍സില്‍ വോട്ടിങ്ങിലൂടെയാണ് ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനുള്ള തീരുമാനമായത്. ദക്ഷിണേഷ്യന്‍ അമേരിക്കക്കാരും മറ്റു കുടിയേറ്റ തൊഴിലാളികളും അവരുടെ ജോലിസ്ഥലങ്ങളിലും, ടെക് മേഖലയിലും രാജ്യമെമ്പാടുള്ള നഗരങ്ങളിലും ജാതി വിവേചനം നേരിടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് സിയാറ്റിലില്‍ ജാതി വിവേചനത്തിനെതിരെ നിര്‍ദേശം അവതരിപ്പിച്ചത്. ജാതി വിവേചനത്തിനെതിരായ പോരാട്ടം എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പോരാട്ടവുമായി വളരെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍-അമേരിക്കന്‍ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗമായ ക്ഷമ സാവന്ത് പറഞ്ഞു. യുഎസിലെ വിവേചന നിയമങ്ങള്‍ വംശീയ വിവേചനത്തെ നിരോധിക്കുന്നു. എന്നാല്‍ ജാതീയതയെ വ്യക്തമായി നിരോധിക്കുന്നില്ല.