Mon. Dec 23rd, 2024

ഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശികളായ യാത്രക്കാര്‍ക്കും യുപിഐ വഴി പേയ്മെന്റ് നടത്തുന്നതിന് സംവിധാനമൊരുക്കി ആര്‍ബിഐ. ഈ മാസം 21 മുതല്‍ സേവനം ആരംഭിച്ചുവെന്ന് ആര്‍ബിഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വിദേശികളായ യാത്രക്കാര്‍ക്ക് യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രപ്‌മെന്റ് (പിപിഐ) വാലറ്റുകള്‍ പ്രത്യേകമായി ഇഷ്യു ചെയ്യും. വ്യാപാരികള്‍ക്ക് നല്‍കിയിരിക്കുന്ന യുപിഐ ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണമിടപാടുകള്‍ എളുപ്പത്തില്‍ നടത്താമെന്നും അറിയിപ്പിലുണ്ട്.അതേസമയം, ജി 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാകും ഇപ്പോള്‍ യുപിഐ സേവനം ഉപയോഗിക്കാനാവുക. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20ല്‍ അംഗത്വമുള്ള രാജ്യങ്ങള്‍.

ആദ്യഘട്ടത്തില്‍ ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, പൈന്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, ട്രാന്‍സ്‌കോര്‍പ്പ് ഇന്റര്‍നാഷണല്‍ എന്നിവ സംയുക്തമായാണ് യുപിഐ ലിങ്ക് ചെയ്തിരിക്കുന്ന വാലറ്റ് ഇറക്കുക. കേന്ദ്ര ബജറ്റ് പ്രകാരം 2022ല്‍ യുപിഐ വഴി 126 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഏകദേശം 7,400 കോടി ഡിജിറ്റല്‍ പേയ്മെന്റുകളാണ് ഇക്കാലയളവില്‍ നടന്നതെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2019 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കെടുത്താല്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 115 ശതമാനം വര്‍ധനവും, മൂല്യം കണക്കാക്കിയാല്‍ 121 ശതമാനം വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം