ഡല്‍ഹി: രാജ്യത്തുടനീളമുള്ള 72 സ്ഥലങ്ങളില്‍ റെയ്ഡുമായി എന്‍ഐഎ. ഗുണ്ടാ-തീവ്രവാദ കൂട്ടുകെട്ടിനെതിരെ നടപടി കടുപ്പിച്ചാണ് റെയ്ഡ് നടത്തുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ പിലിഭിത്തിയില്‍ ആയുധം വിതരണം ചെയ്യുന്നയാളുടെ വീട്ടില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. പാകിസ്ഥാനില്‍ നിന്നെത്തിച്ച ആയുധങ്ങള്‍ റെയ്ഡില്‍ കണ്ടെത്തിയതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
ലോറന്‍സ് ബിഷ്‌ണോയി, നീരജ് ബവാന സംഘങ്ങളിലെ നിരവധി ഗുണ്ടാസംഘങ്ങളെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് ആരംഭിച്ചതെന്നും എന്‍ഐഎ അറിയിച്ചു. റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാന്റെ ഐഎസ്‌ഐയെയും ഗുണ്ടാസംഘത്തെയും കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഗുണ്ടാ കേസില്‍ ഇതുവരെ നാല് റൗണ്ട് റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. നിരവധി ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.