ഡല്‍ഹി: യൂട്യൂബിന്റെ തലപ്പത്തേക്കും ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ യൂട്യൂബിന്റെ പുതിയ സിഇഒ ആകും. നിലവിലെ സി.ഇ.ഒ സൂസന്‍ വോജ്‌സിക്കി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം. കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് 54 കാരിയായ സൂസന്‍ രാജിവെക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 2015 ലാണ് 47കാരനായ നീല്‍ മോഹന്‍ യൂട്യൂബ് ചീഫ് പ്രോഡക്ട് ഓഫിസറായി നിയമിതനായത്. യൂട്യൂബ് ഷോര്‍ട്ട്സ്, മ്യൂസിക്, സബ്സ്‌ക്രിപ്ഷന്‍ ഓഫറുകള്‍ എന്നിവ സൃഷ്ടിക്കുന്നതില്‍ ഇദ്ദേഹം പങ്കുവഹിച്ചു.
സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ഇദ്ദേഹം എം.ബി.എയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2007ല്‍ ഗൂഗിള്‍ ഏറ്റെടുത്ത ‘ഡബിള്‍ക്ലിക്ക്’ എന്ന കമ്പനിയില്‍ ആറു വര്‍ഷത്തോളം ജോലി ചെയ്തു. നീല്‍ മോഹന്‍ മേധാവി ആകുന്നതോടെ ഒരു ആഗോള ടെക് സ്ഥാപനത്തിന്റെ തലപ്പത്തുകൂടി ഇന്ത്യന്‍ വംശജന്‍ എത്തുകയാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, ഐ.ബി.എമ്മിന്റെ അരവിന്ദ് കൃഷ്ണ, അഡോബിയുടെ ശന്തനു നാരായണ്‍ തുടങ്ങിയവരാണ് മേധാവികള്‍.