കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്. ഇന്നലെ എട്ടു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ കള്ളപ്പണ ഇടപാടോ ഗൂഢാലോചനയോ താന്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം മൊഴി നല്‍കി. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും, വേണ്ട സഹായം ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും മൊഴി നല്‍കി. പദ്ധതിയുടെ മറവില്‍ നടന്ന കോഴയിടപാടിനെ കുറിച്ച് അറിയില്ലെന്നും യു വി ജോസ് മൊഴി നല്‍കി. അതേസമയം, ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസവും തുടരും.
ലൈഫ് മിഷന്‍ കോഴക്കേസില്‍ താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിച്ചി പറയുന്നതിനിടെയാണ് യുവി ജോസിനെ ഇഡി വിളിച്ചു വരുത്തിയത്. ശിവശങ്കറിനെയും യുവി ജോസിനെയും ഒരുമിച്ചുരുത്തി വ്യക്തത വരുത്താനായിരുന്നു ഇഡിയുടെ നീക്കം. ലൈഫ് മിഷന്‍ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. യു വി ജോസിന്റെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും മൊഴികളുടെ വിശദമായ പരിശോധന തുടരും.