കറാച്ചി: കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു സിവിലിയനും ഭീകരാക്രമണത്തില്‍ മരിച്ചു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ആസ്ഥാനം കറാച്ചി പൊലീസ് പിടിച്ചെടുത്തത്.
ആയുധധാരികളായ പത്തോളം പേര്‍ ഓഫീസ് ആക്രമിക്കുകയായിരുന്നു. ഷെരിയാ ഫൈസല്‍ റോഡിലുള്ള കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭികരര്‍ ഗ്രനേഡ് ആക്രമണം നടത്തുകയും വെടിയുതിര്‍ക്കുകയും ആയിരുന്നു. കറാച്ചി പൊലീസിന്റെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രിഖ്-ഇ താലിബാന്‍ ഏറ്റെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിനകത്ത് ഉള്ളപ്പോഴായിരുന്നു ആക്രമണം.