Wed. Nov 6th, 2024

നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. വിസ്താരവുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി. സാക്ഷിവിസ്താരത്തിന് 30 പ്രവൃത്തി ദിനം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാക്ഷിവിസ്താരത്തിന്റെ പുരോഗതി വിലയിരുത്തിയാകും ഇക്കാര്യത്തില്‍ തീരുമാനമെന്ന് കോടതി അറിയിച്ചു. കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നത് പിന്നീട് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു.

 

നടി മഞ്ജു വാരിയരെ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് പ്രത്യേക സത്യവാങ്മൂലവും നല്‍കിയിരുന്നു. എന്നാല്‍, കേസില്‍ ദിലീപിന്റെ പങ്കുതെളിയിക്കാന്‍ മഞ്ജു വാരിയരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. അതിജീവിതയ്ക്കുവേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി ആര്‍ ബസന്താണ് വിഷയം കോടതിയില്‍ ഉന്നയിച്ചത്. കേസിന്റെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാകണമെന്ന് അതിജീവിത ആഗ്രഹിക്കുന്നുവെന്നും എന്നാല്‍, അതിന്റെ പേരില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രതി തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുതെന്നും ആര്‍ ബസന്ത് കോടതിയില്‍ ആവശ്യപ്പെട്ടു. ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഹര്‍ജി മാര്‍ച്ച് 24ന് പരിഗണിക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.