കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അഞ്ചു ദിവസത്തേക്ക് കൂടി ശിവശങ്കറിനെ എറണാകുളം സിബിഐ കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ലൈഫ് മിഷന്‍ കരാര്‍ യൂണിടാക്ക് കമ്പനിക്ക് ലഭിക്കുന്നതില്‍ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കര്‍ എന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ട്. ടെണ്ടറില്ലാതെ ലൈഫ് മിഷന്‍ കരാര്‍ യൂണിടാക്കിന് നല്‍കാന്‍ ശിവശങ്കറിന് ഒരു കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി. എന്നാല്‍ ചോദ്യംചെയ്യലില്‍ ഇതുവരെയും ശിവശങ്കര്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇഡി. കൂടാതെ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കേസില്‍ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ.ഡിയുടെകണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. രണ്ടു മണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം ഇടവേള അനുവദിക്കണം, ഇടവേളയില്‍ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാല്‍ വൈദ്യസഹായം നല്‍കണം തുടങ്ങിയ മനാനദണ്ഡങ്ങള്‍ മുന്നോട്ട് വെച്ചാണ് കോടതി ചോദ്യം ചെയ്യലിന് അനുമതി നല്‍കിയത്. അതേസമയം, ലൈഫ് മിഷന്‍ കരാറിലെ കോഴപ്പണം വരുന്നതിന് മുന്‍പ് സ്വപ്‌ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്‌സ്ആപ്പ് ചാറ്റും പുറത്തു വന്നു.