Sat. Nov 23rd, 2024
dileep-sc

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ ഇത് ആവശ്യമാണെന്നും തെളിവുകള്‍ ഹാജരാക്കുന്നത് തടയാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണ നീട്ടാനാണ് മഞ്ജുവിനെ വിസ്തരിക്കുന്നുവെന്ന ദിലീപിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

അതേസമയം, കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലെ നിലവിലെ സ്ഥിതിയെ കുറിച്ച് അറിയിക്കണമെന്ന് ഹൈക്കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ സാവകാശം വേണമെന്ന് അറിയിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസമെങ്കിലും സമയം വേണ്ടി വരുമെന്നും ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിചാരണക്കോടതി അറിയിച്ചു. വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം എന്താണെന്ന് എത്രയും പെട്ടെന്ന് അറിയിക്കണമെന്നും ഹൈക്കോടതി വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 27-ന് ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം