ഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷമായി 72 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വളര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഇത്തരം സംരംഭങ്ങള്‍ വളര്‍ച്ചയില്ലാതെ മുരടിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തതായി കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ അസോസിയേയന്റെ സര്‍വെയില്‍ പറയുന്നു. ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ 76 ശതമാനവും ബാങ്ക് വായ്പ ഒരു ഭാരമായി തുടരുന്നതിനാല്‍ ലാഭമുണ്ടാക്കാന്‍ സാധിക്കാത്തവരാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 28 ശതമാനം മാത്രമാണ് തങ്ങളുടെ സംരംഭങ്ങള്‍ വളരുന്നതായി സ്ഥിരീകരിച്ചത്. 21 ശതമാനം പേര്‍ മാത്രമാണ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടത്. കേന്ദ്ര ബജറ്റ് നിരാശാജനകമെന്നാണ് സര്‍വെയില്‍ പങ്കെടുത്ത വലിയൊരു ശതമാനം ആളുകളും പറഞ്ഞത്. അതേസമയം, അസംസ്‌കൃത വസ്തുക്കളുടെ വിലയും ലഭ്യതയും സംബന്ധിച്ച് 40 ശതമാനം പേര്‍ ആശങ്കാകുലരാണ്. സംരംഭങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കഠിനമാണെന്നാണ് പകുതിയോളം പേരുടെയും അഭിപ്രായം.