Wed. Jan 22nd, 2025

ചരിത്ര പ്രാധാന്യമുള്ള ഫോര്‍ട്ട് കൊച്ചി കല്‍വത്തി ചുങ്കം പാലം പൊളിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും പാലം പണി എങ്ങുമെത്തിയില്ല. ഫെബ്രുവരി മാസം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് പറഞ്ഞ പാലമാണ് എങ്ങുമെത്താതെ ജനങ്ങള്‍ക്ക് വഴി മുടക്കി നില്‍ക്കുന്നത്. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്തെ കൂട്ടിച്ചേര്‍ക്കുന്ന കല്‍വത്തി കനാലിന് കുറുകെയുള്ളതാണ് ചുങ്കം പാലം. പഴയ തിരുകൊച്ചിയുടെയും ബ്രിട്ടീഷ് കൊച്ചിയുടെയും അതിര്‍ത്തിയില്‍ പണിത പാലത്തില്‍ മറുകര കടക്കാന്‍ ചുങ്കം നല്‍കണമായിരുന്നു. ഇതേതുടര്‍ന്നാണ് ചുങ്കം പാലം എന്ന് പേരുവന്നത്. പിന്നീട് മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി പ്രദേശങ്ങളുടെ അതിര്‍ത്തി പാലമായും മാറി. പാലത്തിന്റെ കാലപഴക്കം മൂലം പാലം പൊളിച്ച് പണിയുകയായിരുന്നു. കൊച്ചി സ്മാര്‍ട്ട് മിഷന്റെ ഭാഗമായാണ് പൊളിച്ചുപണി നടക്കുന്നത്. ആറുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇടക്ക് പണി തടസപ്പെട്ടു. വീണ്ടു കഴിഞ്ഞ ഒക്ടോബറില്‍ പണി പുനരാരംഭിച്ചെങ്കിലും ഇപ്പോളും പണി എങ്ങുമെത്തിയില്ല.

കാല്‍നടയായി മറുകര കടക്കാന്‍ താല്‍ക്കാലികമായി ചെറിയപാലം തയാറാക്കിയിട്ടുണ്ടെങ്കിലും വഴിയിലേയ്ക്ക് എത്താന്‍ സ്വകാര്യ വ്യക്തിയുടെ ഗ്രൗണ്ടിലൂടെ വേണം വഴിയിലേക്ക് എത്താന്‍. പാലം പൊളിച്ചിട്ടിരിക്കുന്നതിനാല്‍ കൂടിവെള്ളം വീടുകളില്‍ എത്തുന്നില്ല പണം കൊടുത്ത് കുടിവെള്ളം വാങ്ങിയാണ് ഉപയോഗിക്കന്നത് എന്ന് പ്രദേശവാസിയായ റംലത്ത് പറയുന്നു. മറ്റു വീടുകളുടെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. പൊടിയുടെ ശല്യം ഇവിടെ ഉള്ളവരെ നിത്യ രോഗികളാക്കുകയാണ്.

പാലം പണിക്കായി പൈലിംങ്ങ് നടത്തിയപ്പോള്‍ വീടിന്റെ ടെറസിന് വിള്ളല്‍ വീണ വീടുകളും ഇവിടെ ഉണ്ട്. എപ്പോള്‍ വീട് ഇടിഞ്ഞു വീഴും എന്ന ആശങ്കയിലാണ് ഇവിടുത്തുകാര്‍. പാലം പുനര്‍നിര്‍മാണം ആരംഭിച്ച് വലിയ കുഴിയെടുത്ത ശേഷം നാലുമാസം നിര്‍മാണം നിലച്ചിരുന്നു. ഇതുമൂലം ഇരുകരയിലെയും ജനം ഏറെ വലഞ്ഞിരുന്നു. വാണിജ്യ മേഖലയായ മട്ടാഞ്ചേരി ബസാറിലേക്ക് ചരക്കുകളുമായി വരുന്ന വാഹനങ്ങളടക്കം മറുകര കടന്നിരുന്ന പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം സമയബന്ധിതമായിതന്നെ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.