ഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആര്‍ത്തവ അവധി നടപ്പാക്കണമെന്ന പരാതിയില്‍ ഈ മാസം 24 ന് സുപ്രീംകോടതി വിധി പറയും. അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജി നല്‍കിയത്.ഹൃദയസ്തംഭനത്തിനിടെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന അതേ വേദനയാണ് ആര്‍ത്തവ കാലയളവില്‍ സ്ത്രീകള്‍ അനുഭവിക്കുന്നതെന്ന ലണ്ടന്‍ യൂനിവേഴ്സിറ്റി കോളജിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ബൈജൂസ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ സ്ഥാപനങ്ങളില്‍ ശമ്പളത്തോടു കൂടിയ ആര്‍ത്തവ അവധി നല്‍കുന്ന കാര്യവും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളില്‍ സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2018-ല്‍ പാര്‍ലമെന്റില്‍ ശശി തരൂര്‍ അവതരിപ്പിച്ച വിമന്‍സ് സെക്ഷ്വല്‍, റീപ്രൊഡക്ടീവ് ആന്റ് മെന്‍സ്ട്രല്‍ റൈറ്റ്സ് ബില്ലിനെക്കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. യുണൈറ്റഡ് കിംഗ്ഡം, വെയില്‍സ്, ചൈന, ജപ്പാന്‍, തായ്വാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്പെയിന്‍, സാംബിയ എന്നിവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്.