Mon. Dec 23rd, 2024
Equatorial Guinea confirms country's first Marburg virus disease outbreak -WHO

ജനീവ: ഇക്വറ്റോറിയല്‍ ഗിനിയയില്‍ സ്ഥിരീകരിച്ച മാര്‍ബര്‍ഗ് വൈറസിന്റെ വ്യാപനത്തില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തീവ്രവ്യാപനശേഷിയുള്ള വൈറാസാണ് മാര്‍ബര്‍ഗ്. എബോളയ്ക്ക് സമാനമായ വൈറസാണിത്. ഇക്വറ്റോറിയയില്‍ രോഗം ബാധിച്ച് ഒമ്പത് പേര്‍ മരിച്ചു. നിലവില്‍ 16 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായാണ് സംശയിക്കുന്നത്. രോഗലക്ഷണങ്ങളുള്ള 200 ഓളം പേരെ ക്വാറന്റൈനിലാക്കുകയും ചെയ്തു.

രോഗവ്യാപനത്തെ തുടര്‍ന്ന് അയല്‍രാജ്യമായ കാമറൂണിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യാനും അവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുമായി രോഗബാധിത ജില്ലകളില്‍ വിദഗ്ധ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എപ്പിഡെമിയോളജി, കേസ് മാനേജ്‌മെന്റ്, അണുബാധ തടയല്‍, ലബോറട്ടറി, റിസ്‌ക് കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്ന വിദഗ്ധരെ ലോകാരോഗ്യ സംഘടന വിന്യസിച്ചിട്ടുണ്ട്. ഇക്വറ്റോറിയല്‍ ഗിനിയ അധികൃതര്‍ രോഗം വളരെ വേഗം സ്ഥിരീകരിച്ചതിനാല്‍ നടപടികള്‍ വേഗത്തിലാക്കാനാകുമെന്നും അതിനാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും വൈറസ് എത്രയും വേഗം തടയാനാകുമെന്നും ലോകാരോഗ്യ സംഘടനാ ആഫ്രിക്കന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. മത്ഷിദിസോ മൊയെറ്റി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം