കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പട്ട കള്ളപ്പണ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ വിട്ടുകിട്ടുന്നതിനായി ഇഡി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. അല്‍പ്പസമയത്തിനകം ശിവശങ്കറിനെ വൈദ്യപരിശോധനയക്ക് കൊണ്ടുപോകും. കൊച്ചിയില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി പതിന്നൊരയോടെയാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിര്‍ധനര്‍ക്കായുള്ള ലൈഫ് മിഷന്‍ വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് ലഭിക്കാന്‍ കോഴ വാങ്ങി എന്നതാണ് ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തത്. കേസില്‍ ആറു പേരെയാണ് ഇഡി പ്രതിചേര്‍ത്തത്. തന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന് കിട്ടിയ കോഴപ്പണം എന്നായിരുന്നു സ്വപ്‌നയുടെ മൊഴി. അതേസമയം, തിരുവനന്തപുരം സ്വേദശിയായ യദു കൃഷ്ണനെ കൂടി ഇഡി പുതുതായി പ്രതി ചേര്‍ത്തിട്ടുണ്ട്.