Mon. May 6th, 2024
Today marks four years of Pulwama terror attack

40 ജവാന്മാരുടെ വീരമൃത്യു സംഭവിച്ച പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് നാലാണ്ട്. 2019 ഫെബ്രുവരി 14 വൈകിട്ട് 3.15 ഓടെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. രാജ്യത്തിന് കാവലൊരുക്കുന്ന 40 വീരജവാന്മാരുടെ ശരീരം ഭീരുക്കളുടെ ചാവേര്‍ ആക്രമണത്തില്‍ ചിതറിത്തെറിച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണം. 78 ബസുകളിലായി 2547 സിആര്‍പിഎഫ് ജവാന്മാരുമായി ജന്മുവില്‍ നിന്നും ശ്രീനഗറിലേക്ക് നീങ്ങുകയായിരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അവന്തപ്പോറയ്ക്ക് അടുത്തെത്തിയപ്പോഴേക്കും ദേശീയപാതയുടെ ഒരു വശത്ത് നിന്ന് വന്ന സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ വാന്‍ ജവാന്മാരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറി. 40 ജവാന്മാര്‍ തല്‍ക്ഷണം മരിച്ചു. വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാര്‍ ഉള്‍പ്പടെയുള്ള ധീരസൈന്യകരുടെ വീരമൃത്യു ഇന്നും ഒരു വിങ്ങലായി അവേശിഷിക്കുന്നുണ്ട്.

 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദ് ദറായിരുന്നു ചാവേര്‍. വീരപുത്രന്മാരുടെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ ദുഖവും രോക്ഷവും പ്രകടിപ്പിച്ച രാജ്യം തിരിച്ചടിക്ക് തയ്യാറായി. ആക്രമണം നടന്ന് 12-ാം ദിവസം പാകിസ്ഥാന്റെ ബലാക്കോട്ടില്‍ ഇന്ത്യ മിന്നല്‍ ആക്രമണം നടത്തി മറുപടി നല്‍കി. ബലാക്കോട്ടിലെ ഭീകരരുടെ പരിശീലനകേന്ദ്രം ഇന്ത്യന്‍ സേന തകര്‍ത്തു. രാജ്യം തിരിച്ചടിച്ചെങ്കിലും പുല്‍വാമയില്‍ നിന്നുണ്ടായ മുറിവ് ഇപ്പോഴും ഓരോ ഇന്ത്യക്കാരനും തീരാവേദനയായി നിലനില്‍ക്കുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം