മലാബൊ: ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ഒമ്പത് പേര്‍ മരിച്ചു. ജനുവരി ഏഴിനും ഫെബ്രുവരി ഏഴിനും ഇടയിലാണ് ഒമ്പത് മരണങ്ങള്‍ ഉണ്ടായത്. ഒരു പ്രവശ്യയെ മുഴുവന്‍ ക്വാറന്റൈനിലാക്കിയതായി ആരോഗ്യമന്ത്രി മിതോഹ ഒന്‍ഡോ അയേകബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കീ എന്‍ടെം പ്രവശ്യയിലും മോംഗോമോയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കെ എന്‍ടെമിലെ 4325 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായും ഐക്യരാഷ്ട്രസഭയുമായും കൂടിയാലോചിച്ച ശേഷം ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
എബോള വൈറസ് ഇനത്തില്‍പ്പെട്ടതാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത മാര്‍ബര്‍ഗ് വൈറസ്. വളരെ അപകടകാരിയായ വൈറസാണിത്. എബോള പോലെ മാര്‍ബര്‍ഗും മാരകമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവയവങ്ങളെ ബാധിക്കുന്ന വൈറസ് പ്രതിരോധശേഷി കുറയ്ക്കും. മാര്‍ബര്‍ഗ് ഹെമറാജിക് ഫീവര്‍ എന്നറിയപ്പെട്ടിരുന്ന മാര്‍ബര്‍ഗ് വൈറസ് രോഗത്തിന്(എംവിഡി) കാരണമാകുന്നതാണ് മാര്‍ബര്‍ഗ് വൈറസ്. മാര്‍ബര്‍ഗ് വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് മരണനിരക്ക് 88 ശതമാനമാണ്.
1967 ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലും സെര്‍ബിയയിലെ ബെല്‍ഗ്രേഡിലുമാണ് വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതന്റെയോ ഉറവിടത്തിന്റെയോ ദ്രവങ്ങള്‍, കലകള്‍, കോശങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മാര്‍ബര്‍ഗ് വൈറസ് പടരുന്നത്. ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കോ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കോ പടരാം. സ്രവങ്ങളാല്‍ മലിനമായ കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരും.