അഹമ്മദാബാദ്: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവുമധികം കസ്റ്റഡി മരണങ്ങള്‍ നടന്നത് ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്. 2017 മുതല്‍ 2022 വരയുള്ള കാലയളവിലെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ പങ്കുവെച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കസ്റ്റഡി മരണങ്ങളുടെ വിശദാംശങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. ഗുജറാത്തില്‍ മാത്രം 80 പേരാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍ 76 കേസുകളും ഉത്തര്‍പ്രദേശില്‍ 41 കേസുകളും തമിഴ്നാട്ടില്‍ 40 ഉം ബിഹാറില്‍ 38 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
2017 ഏപ്രില്‍ 1നും 2022 മാര്‍ച്ച് 31നും ഇടയില്‍ 669 പേരാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2017-2018-ല്‍ 146 കേസുകളും 2018-19ല്‍ 136ഉം 2019-21-ല്‍ 112 ഉം 2020-21-ല്‍ 100ഉം 2021-22ല്‍ 175 ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2017-18-ല്‍ 14 മരണങ്ങളാണ് ഗുജറാത്തില്‍ പൊലീസ് കസ്റ്റഡിയിലുണ്ടായത്. 2018-19ല്‍ 13 മരണങ്ങളും 2019-20-ല്‍ 12 മരണങ്ങളും 2020-21-ല്‍ 17 മരണങ്ങളും 2021-22-ല്‍ 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നിത്യാനന്ദ് റായ് പറഞ്ഞു. അതേസമയം, ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളില്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. ഒമ്പത് പേരാണ് ഡല്‍ഹിയില്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയില്‍ 2017-18 കാലയളവില്‍ 19 പേരാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. 2018-19ല്‍ 11 പേരും 2019-20ല്‍ മൂന്ന് പേരും 2020-21ല്‍ 13 പേരും 2021-22ല്‍ 30 പേരും മരിച്ചു. ഉത്തര്‍പ്രദേശില്‍ 2017-18ല്‍ 10 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2018-19ല്‍ 12, 2019-2020ല്‍ 3, 2020-2021 8, 2021-22ല്‍ 8 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും റായ് പറഞ്ഞു.11 കസ്റ്റഡി മരണങ്ങളാണ് 2017-18 കാലയളവില്‍ തമിഴ്‌നാട്ടിലുണ്ടായത്. 2018-19-ല്‍ 11ഉം 2019-2020ല്‍ 12ഉം 2020-21ല്‍ രണ്ട് മരണങ്ങളും 2021-22ല്‍ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബിഹാറില്‍, 2017-18ല്‍ ഏഴ് പൊലീസ് കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2018-19, 2019-20 വര്‍ഷങ്ങളില്‍ അഞ്ച് വീതവും, 2020-21ല്‍ മൂന്ന് മരണങ്ങളും 2021-22ല്‍ 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.