Fri. Nov 22nd, 2024
adivasi-youth-viswanathan

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ചുള്ള ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍. പുതിയ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തത് ശരിയല്ലെന്നും കമ്മീഷന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്താത്തത് പൊലീസിന്റെ വീഴ്ചയെന്ന് കമ്മീഷന്റെ കണ്ടെത്തല്‍. പട്ടികവര്‍ഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും സാധാരണ കേസ് ആയിട്ടാണോ ഇത് കണ്ടതെന്നും പൊലീസിനോട് കമ്മീഷന്‍ ചോദിച്ചു.

അതേസമയം, വിശ്വനാഥന്റെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ വെച്ച് ആളുകള്‍ വിശ്വനാഥനെ ചോദ്യം ചെയ്തത് കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദൃശ്യങ്ങളിലുളള ആളുകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം