ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തന രഹിതമാകുമെന്ന് റിപ്പോര്‍ട്ട്. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ചൊവ്വാഴ്ച ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. ഫെബ്രുവരി 14-ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കുമെന്ന് റെഡ്‌മോണ്ട്കമ്പനി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11-നെ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് റീഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്ഡേറ്റ് ബാധിക്കുമെന്നും സ്ഥാപനം നേരത്തെ അറിയിച്ചിരുന്നു.
ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 25 വര്‍ഷത്തെ സേവനമാണ് ഇപ്പോള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. വിന്‍ഡോസ് 95 ന്റെ അധിക ഫീച്ചറായി 1995ലാണ് എക്‌സ്‌പ്ലോറര്‍ അവതരിപ്പിച്ചത്. വിവരസാങ്കേതിക മേഖലയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം എക്‌സ്‌പ്ലോററിനെ നവീകരിക്കാന്‍ കമ്പനി സമയം ചെലവാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ ആളുകള്‍ പുതിയ നൂതന സാധ്യതകള്‍ അവതരിപ്പിച്ച ഗൂഗിള്‍ ക്രോം മറ്റു സെര്‍ച്ച് എഞ്ചിനുകളുടെയും പിറകെ പോയി.