ഡല്‍ഹി: ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് മുതല്‍ പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വന്നു. ചൈന, സിംഗപൂര്‍, ഹോങ്കോങ്, കൊറിയ, തായ്‌ലാന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കായിരുന്നു പരിശോധന നിര്‍ബന്ധമാക്കിയിരുന്നത്. പരിശോധന നിര്‍ബന്ധമാക്കി ഒരു മാസത്തിന് ശേഷമാണ് ഇപ്പോള്‍ നിബന്ധന ഒഴിവാക്കി സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ എയര്‍ സുവിധ ഫോം അപ്ലോഡ് ചെയ്യണമെന്ന നിര്‍ബന്ധവും കേന്ദ്രം ഒഴിവാക്കി. ലോകവ്യാപകമായി കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് നിബന്ധന എടുത്തുമാറ്റിയത്. അതേസമയം, ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരില്‍ രണ്ട് ശതമാനത്തില്‍ നടത്തുന്ന റാന്‍ഡം പരിശോധനയിലൂടെ കോവിഡ് നിരീക്ഷണം തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബറില്‍ റാന്‍ഡം പരിശോധന അവസാനിപ്പിക്കുകയും ചൈനയില്‍ കൊവിഡ് സാഹചര്യം രൂക്ഷമായതോടെ ഡിസംബറില്‍ വീണ്ടും ആരംഭിക്കുകയും ചെയ്തിരുന്നു.