ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ ഷോയ്ക്ക് ബെംഗളൂരുവില്‍ തുടക്കമായി. യെലഹങ്ക എയര്‍ ബേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷോ ഉദ്ഘാടനം ചെയ്തു. എയ്‌റോ ഇന്ത്യ ഷോ വെറും ഒരു ഷോ അല്ലെന്നും ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പുതിയ ഉയരങ്ങളിലെത്തുന്ന കാഴ്ചയാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 55 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. 2024-25 ഓടെ ഇന്ത്യയെ പ്രതിരോധ രംഗത്ത് അഞ്ച് ബില്യണ്‍ ഡോളര്‍ വ്യാപരത്തിലേക്ക് എത്തുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യം പ്രതിരോധരംഗത്ത് ശാക്തീകരണത്തിന്റെ പാതയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൂട്ടിച്ചേര്‍ത്തു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന എയ്‌റോ ഷോയില്‍ 809 പവലിയനുകളാണുള്ളത്. ഇതില്‍ 110 വിദേശ പ്രതിനിധിസംഘങ്ങള്‍ പങ്കെടുക്കുന്നുണ്ട്. പോര്‍വിമാനങ്ങളും തദ്ദേശീയമായി നിര്‍മിച്ച ഹെലികോപ്റ്ററുകളുമാണ് എയ്‌റോ ഷോയുടെ മറ്റൊരു പ്രത്യേകത. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ)-തേജസ്, എച്ച്ടിടി-40, ഡോര്‍ണിയര്‍ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ (എല്‍യുഎച്ച്), അഡ്വാന്‍സ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്) തുടങ്ങിയ ഇന്ത്യ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന എയര്‍ക്രാഫ്റ്റുകളുടെ കയറ്റുമതിക്ക് എയ്റോ ഇന്ത്യ ഷോ കാരണമാകുമെന്നാണ് പ്രതീക്ഷ.