വാഷിങ്ടണ്‍: അമേരിക്കയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാതപേടകം വെടിവെച്ച് വീഴ്ത്തി. അലാസ്‌കയില്‍ 40,000 അടി ഉയരത്തില്‍ പറന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. എഫ് 22 യുദ്ധവിമാനമാണ് പേടകത്തെ തകര്‍ത്തത്. പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പേടകത്തെ തകര്‍ത്തതെന്ന് വൈറ്റ് ഹൗസ് സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.
അലാസ്‌കയുടെ വ്യോമാതിര്‍ത്തിയിലായിരുന്ന ഈ പേടകം വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് ബൈഡന്‍ പേടകം വെടിവെച്ച് വീഴ്ത്താന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ പെന്റഗണ്‍ ഉത്തരവിട്ടു. ഹൈ അള്‍ട്ടിറ്റിയൂഡ് ഒബ്‌ജെക്ട് എന്നു മാത്രമാണ് പെന്റഗണ്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്. പേടകത്തിനുള്ളില്‍ ആളില്ലായിരുന്നുവെന്ന് ഉറപ്പാക്കിയതായി പെന്റഗണ്‍ അറിയിച്ചു. നേരത്തെ യു.എസിന്റെ വ്യോമാതിര്‍ത്തിയില്‍ സംശയാസ്പദമായ വിധത്തില്‍ കാണപ്പെട്ട ചൈനീസ് ചാരബലൂണ്‍ അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടിരുന്നു. രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ചൈനയുടെ നീക്കമെന്നായിരുന്നു അമേരിക്കയുടെ ആരോപണം.