ഡല്‍ഹി: ഇന്ത്യയിലേക്ക് 12 ചീറ്റപുലികള്‍ കൂടി എത്തും. ഫെബ്രുവരി 18ന് ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളാണ് ഇന്ത്യയിലെത്തുക. പ്രൊജക്ട് ചീറ്റയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് കൂടുതല്‍ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. പ്രൊജക്ട് ചീറ്റയുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത അടുത്ത മാസങ്ങളിലായി 14 മുതല്‍ 16 ചീറ്റകളെ കൂടി ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എഴിന് എട്ട് ചീറ്റകളെ നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്നു.
കൊണ്ടുവരാനിരിക്കുന്ന 12 ചീറ്റകളില്‍ ഒമ്പത് ചീറ്റകളെ നിലവില്‍ റൂയ്‌ബെര്‍ദില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിന്‍ഡ, ക്വാസുലു എന്നിവിടങ്ങളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. 1952ലാണ് ഇന്ത്യയില്‍ നിന്നും ചീറ്റകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായത്. രാജ്യത്ത് ചീറ്റകള്‍ അന്യംനിന്നുപോയതോടെയാണ് കഴിഞ്ഞ വര്‍ഷം ചീറ്റകളെ രാജ്യത്തേക്ക് കൊണ്ടുവന്നത്. ആഗോളതലത്തില്‍ ആദ്യമായിട്ടായിരുന്നു ചീറ്റപോലുള്ള മൃഗങ്ങളുടെ ഉപഭൂഖണ്ഡാനന്തര കൈമാറ്റം നടന്നത്.