Sat. Nov 23rd, 2024
India's forex kitty drops

 

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 1.49 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 575.27 ബില്യണ്‍ ഡോളറായി. ഫെബ്രുവരി 3-ന് അവസാനിച്ച ആഴ്ചയിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതിനു തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ മൊത്ത ശേഖരം 3.03 ബില്യണ്‍ ഡോശര്‍ വര്‍ധിച്ച് 576.76 ബില്യണ്‍ ഡോളറിലെത്തി.

2021 ഒക്ടോബറില്‍ രാജ്യത്തിന്റെ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. എന്നാല്‍ ആഗോള സംഭവ വികാസങ്ങളെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദം മൂലം രൂപയുടെ മൂല്യ ഇടിഞ്ഞതിനാല്‍ ഈ കരുതല്‍ ശേഖരം വിറ്റഴിക്കുകയായിരുന്നു. ആര്‍ബിഐ പുറത്തു വിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്പ്‌ലിമെന്റിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആഴ്ചയില്‍ വിദേശ കറന്‍സിയുടെ ആസ്തി 1.323 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 507.695 ബില്യണ്‍ ഡോളറിലെത്തി.

കൂടാതെ, സ്വര്‍ണ്ണ ശേഖരം 246 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 43.781 ബില്യണ്‍ ഡോളറിലെത്തി. അപെക്‌സ് ബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം സ്‌പെഷ്യല്‍ ഡ്രോവിങ് റൈറ്റ്‌സ് 66 മില്യണ്‍ വര്‍ധിച്ച് 18.544 ബില്യണ്‍ ഡോളറായി. അന്താരാഷ്ട്ര നാണയ നിധിയില്‍ ഇന്ത്യയുടെ കരുതല്‍ ശേഖരം 9 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.247 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം