ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരില്‍ 5.9 മില്യണ്‍ ടണ്‍ ലിഥിയം ശേഖരം കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജിയോളജിക്കല്‍ സര്‍വേയില്‍ ജമ്മു കശ്മീരിലെ റാസി ജില്ലയിലെ സലാല്‍ ഹൈമാന പ്രദേശത്ത് 5.9 മില്യണ്‍ ടണ്‍ ലിഥിയം കണ്ടെത്തിയതായി ട്വിറ്ററിലൂടെയാണ് ഖനന മന്ത്രാലയം അറിയിച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഇലക്ട്രിക് കാറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് ബാറ്ററികളുടെ നിര്‍മ്മാണത്തില്‍ ലിഥിയം നിര്‍ണായക ഘടകമാണ്. അതിനാല്‍ രാജ്യത്ത് ഇലക്ട്രിക് വാഹനരംഗത്ത് ലിഥിയം ശേഖരം വിപ്ലവം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഇലക്ട്രിക് കാറുകളുടെ ഉല്‍പാദനക്ഷമത 30 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ ലിഥിയം ഇറക്കുമതിക്കായി ഓസ്‌ട്രേലിയയെയും അര്‍ജന്റീനയെയുമാണ് ഇന്ത്യ ആശ്രയിക്കുന്നത്.
ലിഥിയം, സ്വര്‍ണം എന്നിവയുള്‍പ്പെടുന്ന 51 മിനറല്‍ ബ്ലോക്കുകള്‍ കൂടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. 51 ബ്ലോക്കുകളില്‍ 5 എണ്ണം സ്വര്‍ണവും മറ്റ് ബ്ലോക്കുകള്‍ ഒലിബ്ഡിയം, പെട്ടാഷ്, തുടങ്ങിയ മറ്റ് അടിസ്ഥാന ലോഹങ്ങളുടേതുമാണ്. ഈ 51 ധാതു നിക്ഷേപങ്ങളും ജമ്മുകശ്മീര്‍, ആന്ധ്ര പ്രദേശ്, ഛത്തിസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡിഷ, മധ്യപ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ 11 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.