Fri. May 3rd, 2024

കിഷ്‌നൗ: രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മോള്‍ഡോവന്‍ സര്‍ക്കാര്‍ രാജിവെച്ചു. രാജ്യം ഒന്നിലധികം പ്രതിസന്ധികളുമായി പൊരുതുകയാണെന്ന് സ്ഥാനമൊഴിയുന്ന വേളയില്‍ പ്രധാനമന്ത്രി നതാലിയ ഗാവിരിലിറ്റ പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധമാണ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. ഇതേ തുടര്‍ന്ന് 18 മാസമായി രാജ്യത്ത് രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയാണ്. യുക്രൈനില്‍ യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് പണപ്പെരുപ്പം, ഉയര്‍ന്ന ഊര്‍ജ വില, അഭയാര്‍ത്ഥി പ്രവാഹം, റഷ്യന്‍ ആക്രമണം എന്നിവ നേരിടുകയുണ്ടായി.

2021-ല്‍ തന്റെ സര്‍ക്കാര്‍ അധികരാത്തില്‍ വരുമ്പോള്‍ റഷ്യ-യുക്രൈന്‍ യുദ്ധം മൂലം രാജ്യത്തുണ്ടായ വ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വെള്ളിയാഴ്ച രാജി പ്രഖ്യാപിക്കവെ പ്രധാനമന്ത്രി പറഞ്ഞു. മോള്‍ഡോവിയലേക്കുള്ള ഗ്യാസ് വിതരണം റഷ്യ പെട്ടെന്ന് കുറച്ചത് രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധിക്കിും ഇടയാക്കി. ഗ്യാസിനായി റഷ്യയെ ആയിരുന്നു മോള്‍ഡോവിയ പൂര്‍ണമായും ആശ്രയിച്ചിരുന്നത്. അതിനാല്‍ ഗ്യാസ് വിതരണം റഷ്യ വെട്ടികുറച്ചതോടെ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരാന്‍ കാരണമായി. രാജിവെച്ച പ്രധാനമന്ത്രി നതാലിയ തന്റെ മുന്‍ ഉപദേഷ്ടാവ് ഡോറിന്‍ റീസിയനെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം