Mon. Dec 23rd, 2024

എംജി സര്‍വകലാശാല കലോത്സവം ‘അനേക’യ്ക്കു കൊച്ചിയില്‍ തുടക്കമായി. പ്രധാന വേദിയായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ മൈതാനത്ത് (നങ്ങേലി) നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടി നിലമ്പൂര്‍ ആയിഷ കലോത്സവം ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂണിയന്‍ ചെയര്‍പഴ്‌സന്‍ ജിനിഷ രാജന്‍ അധ്യക്ഷയായി. എഴുത്തുകാരായ ബെന്യാമിന്‍, ജിആര്‍.ഇന്ദുഗോപന്‍, ദീപ നിശാന്ത് എന്നിവര്‍ മുഖ്യാതിഥികളായി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അര്‍ജുന്‍ ബാബു, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ ഷാജില ബീവി, പ്രഫ പി ഹരികൃഷ്ണന്‍, ഡോ ആര്‍ അനിത, എംജി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ സി എം ശ്രീജിത്, മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ വി എസ് ജോയ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ എംഎസ് മുരളി, ഡിഎസ്എസ് ഡയറക്ടര്‍ ഏബ്രഹാം കെ സാമുവേല്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി യദുകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 140 മണിക്കൂര്‍ പിയാനോ വായിച്ച് കലാം വേള്‍ഡ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയ രാജഗിരി കോളജ് ബിബിഎ വിദ്യാര്‍ഥി തിമോത്തി കെ.ഏബ്രഹാമിനെ വേദിയില്‍ അനുമോദിച്ചു. 12നാണ് കലോത്സവ സമാപനം.

ആഘോഷവും ആവേശവും ഇരട്ടിയാക്കി എംജി കലോത്സവത്തിന്റെ വിളംബര ജാഥ. വൈകിട്ട് നാലോടെ വിദ്യാര്‍ഥികളും അധ്യാപകരും അണിനിരന്ന ജാഥ മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ നിന്നു തുടങ്ങി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിച്ചു. തെയ്യവും ചെണ്ടമേളവും കുടമാറ്റവുമെല്ലാം മുന്‍പില്‍ അകമ്പടിയായി റാലിയെ നയിച്ചു. സെന്റ് തെരേസാസ്, മഹാരാജാസ്, എസ്എച്ച് തേവര, ലോ കോളജ് എന്നീ കോളജുകളിലെ നൂറോളം വിദ്യാര്‍ഥികളാണ് ഘോഷയാത്രയുടെ ഭാഗമായത്. കേരളീയ പരമ്പരാഗത വേഷമണിഞ്ഞ് സെന്റ് തെരേസാസ് വിദ്യാര്‍ഥികള്‍ ജാഥയ്ക്കു തുടക്കമിട്ടു. പരമ്പരാഗത വേഷങ്ങള്‍ക്കൊപ്പം മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും എല്‍ജിബിടിക്യു സമൂഹത്തിന്റെയും പ്രതീകങ്ങളും മഹാരാജാസ് കോളജിന്റെ ജാഥയില്‍ മുന്നിട്ടുനിന്നു. തീവ്രദേശീയതയ്ക്കും വംശീയതയ്ക്കുമെതിരെയുള്ള മുദ്രാവാക്യമായിരുന്നു ലോ കോളജിന്റെ ജാഥയില്‍. ഇറാനില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രമുള്ള പ്ലക്കാര്‍ഡും ഉണ്ടായിരുന്നു. കയ്യില്‍ ഭരണഘടനയേന്തിയ ‘അംബേദ്കറാണ്’ ജാഥയെ നയിച്ചത്.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.