Sun. Apr 28th, 2024

അതിഥിത്തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള മൊബൈല്‍ ക്രഷ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.  മൊബൈല്‍ ക്രഷിന്ർറെ ഉദ്ഘാടനം കൊച്ചി മേയര്‍ എം. അനില്‍കുമാര്‍  നിര്‍വഹിച്ചു. ഹെക്കോടതിക്കു സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സിനകത്തെ 91-ാം നമ്പര്‍ അങ്കണവാടിയോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ക്രഷ് ആരംഭിച്ചത്.

കൊച്ചി നഗരസഭയ്ക്കു കീഴിലുള്ള ഐലന്‍ഡ് നോര്‍ത്തില്‍ നേരത്തേ ക്രഷിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ 2018-ല്‍ തുടങ്ങിയ ക്രഷിന്റെ പ്രവര്‍ത്തനം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിലയ്ക്കുകയായിരുന്നുവെന്നും ഇപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയാണെന്നും സിഡിപിഒ ഈന്ദു വിഎസ് പറഞ്ഞു. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവര്‍ത്തനം സമയം. കുട്ടികളെ വീടുകളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിന് വാഹനത്തിന് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. വാഹനം ലഭ്യമാകുന്നതുവരെ വീട്ടുകാര്‍ കുട്ടികളെ കൊണ്ടുവിടേണ്ടി വരും. മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കാനുദ്ദേശിക്കുന്നത്. പാല്‍, മുട്ട, നേന്ത്രപ്പഴം, റാഗി കുറുക്ക്, ഉച്ചഭക്ഷണം എന്നിവയെല്ലാം കുട്ടികള്‍ക്ക് ലഭ്യമാക്കുമെന്നും ഈന്ദു വിഎസ് കൂട്ടിചേര്‍ത്തു. കുട്ടികളെ പരിപാലിക്കുന്നതിന് നാല് ജീവനക്കാരുണ്ടാകും.

ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കുട്ടികളെ ചുരുങ്ങിയ ചെലവില്‍  സുരക്ഷതമായ ഏൽപ്പിക്കാവുന്ന ഒരു സ്ഥലമാണ് മൊബൈല്‍ ക്ലിനിക്ക്.  സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയാണ് ഈ മൊബൈല്‍ ക്ലിനിക്കെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. കേരളത്തില്‍ നിര്‍മാണ മേഖലയിലും മറ്റു തൊഴില്‍ മേഖലയിലുമെല്ലാം അതിഥിത്തൊഴിലാളികള്‍ ഏറെ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ ജോലിക്കു പോകുന്ന സമയത്ത് കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും ലഭ്യമാകാതെ വരുന്നുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് മൊബൈല്‍ ക്രഷ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്ക് പോഷകങ്ങളടങ്ങിയ ആഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യവും മൊബൈല്‍ ക്രഷിനു പിന്നിലുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.