Wed. Dec 18th, 2024

വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരം കൊടുക്കുന്ന കേന്ദ്ര നിയമമാണ് 2002 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ പാസാക്കിയ സര്‍ഫാസി നിയമം. സെക്ക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്ക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്റ്റ് (Securitisation and Reconstruction of Financial Assets and Enforcement of Security Interest Act, 2002) എന്നതാണ് ഇതിന്റെ പൂര്‍ണ്ണ രൂപം. ബാങ്ക് തിരിച്ചടവില്‍ മൂന്ന് ഗഡുക്കള്‍ തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയാല്‍, പ്രസ്തുത അക്കൗണ്ട് ഒരു നിഷ്‌ക്രിയ ആസ്തി അഥവാ കിട്ടാക്കടമായി പ്രഖ്യാപിക്കാന്‍ ബാങ്കിന് സാധിക്കുന്നു. അങ്ങനെ വന്നാല്‍ ഈടായി നല്‍കപ്പെട്ടിരിക്കുന്ന വസ്തു ബാങ്കിന് നേരിട്ട് പിടിച്ചെടുക്കാനും വില്‍ക്കാനും അധികാരം നല്‍കുന്നതാണ് ഈ നിയമം. പൊതുമേഖലാ ബാങ്കുകളെ കബളിപ്പിക്കുന്ന വന്‍കിടക്കാരെ ലക്ഷ്യം വെച്ചാണ് നിയമം നടപ്പാക്കുന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. നാളിതുവരെ വന്‍കിടക്കാര്‍ക്കെതിരെ നടപടികള്‍ ഉണ്ടായിട്ടില്ല എന്നതാണു വാസ്തവം. പകരം ഇരകളായതാവട്ടെ സാധാരണക്കാരും. സര്‍ഫാസി നിയമം കേരളത്തില്‍ മാത്രം ആയിരക്കണക്കിന് കുടുംബങ്ങളെയാണ് വഴിയാധാരമാക്കാന്‍ പോകുന്നത്.

കോടതി വഴി ജപ്തി നടപടികള്‍ക്ക് വരുന്ന കാലതാമസം ഒഴിവാക്കി, ബാങ്കുകള്‍ക്ക് ജപ്തി നടപടികളിലേയ്ക്ക് കടക്കാന്‍ സര്‍ഫാസി നിയമം അധികാരം നല്‍കുന്നു. തിരിച്ചു കിട്ടാത്ത കടങ്ങള്‍ക്ക് മേലുള്ള ആസ്തികളില്‍ ബാങ്കുകള്‍ക്ക് ഏതു നടപടിയും സ്വീകരിക്കാം. അതിന് കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേല്‍ ആള്‍ത്താമസമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും. സര്‍ഫാസി നിയമപ്രകാരമുള്ള നടപടികളെ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യാനുമാകില്ല. ഒരു ലക്ഷം രൂപയോ മൂന്നു ഗഡ് തിരിച്ചടവോ കുടിശ്ശികയാകുന്നവര്‍ക്ക് നേരെ വായ്പാ കാലവധി പരിഗണിക്കാതെ കടം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച് നടപടിയെടുക്കാന്‍ സര്‍ഫാസി നിയമം ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നു.

ആധാരം നല്‍കിയാല്‍ ബാങ്കുകളില്‍ നിന്ന് വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന സംഘങ്ങള്‍ സജീവമാണ്. അത്യാവശ്യമായി പണം ആവശ്യമുള്ളവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വായ്പ എടുക്കാനായി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെടും. അത് ഈടുവെച്ച് ഉടമയറിയാതെ, ഉടമയുടെ പേരില്‍ വന്‍ തുക കൈക്കലാക്കും. ഒടുവില്‍ സര്‍ഫാസി നിയമപ്രകാരം വീട് ജപ്തി ചെയ്യപ്പെടുമ്പോഴാണ് പലരും വിവരം അറിയുക.

സര്‍ഫാസി ആക്ട് അനുസരിച്ചാണ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഇന്ത്യയില്‍ സ്ഥാപിതമാകുന്നത്. സര്‍ഫാസി ആക്ട് പ്രകാരമുള്ള ലേലനടപടികള്‍, ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ബിസിനസ് കമ്പനികളാണ് ഇവ. ഗുണ്ടാ സംഘത്തിന് തുല്യമാണ് എ.ആര്‍.സികളുടെ പ്രവര്‍ത്തനം. അവര്‍ സ്വന്തം നിലക്കുതന്നെ കിടപ്പാടത്തില്‍നിന്ന് വായ്പയെടുത്തയാളെ ഒഴിപ്പിക്കും. അക്ഷരാര്‍ഥത്തില്‍ റിയാല്‍എസ്റ്റേറ്റ് താല്‍പ്പര്യത്തിന് അനുസരിച്ചാണു ഈ നിയമം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഭീമന്മാരുടെ മൂന്നുലക്ഷം കോടിയോളം രൂപയുടെ ബാധ്യതയാണ് പൊതുമേഖല ബാങ്കുകള്‍ കിട്ടാക്കടമായി എഴുതി തള്ളിയത്. നീരവ് മോദിയും വിജയ് മല്യയുമടക്കമുള്ളവരുടെ തട്ടിപ്പുകള്‍ എല്ലാം സര്‍ഫാസി നിയമം നിലവില്‍ വന്ന ശേഷമാണ്. ഇത്തരം വമ്പന്മാരെ രക്ഷപ്പെടുത്താന്‍ പാപ്പരാസി നിയമവും കേന്ദ്രം കൊണ്ടുവന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.