Wed. Jan 22nd, 2025

രു റിപബ്ലിക് ദിനം കൂടി കടന്ന് പോയിരിക്കുന്നു. ഒരു സമ്പൂര്‍ണ്ണ പരമാധികാര റിപബ്ലിക്കെന്ന ആശയം രാഷ്ട്രനിര്‍മ്മാണത്തിന്റെ ആരംഭഘട്ടം മുതല്‍ ഭരണഘടനാ നിര്‍മ്മാണ ശില്‍പികള്‍ പുലര്‍ത്തി വന്നതാണ്‌. എത്രയൊക്കെ ഭീഷണികള്‍ ഏതെല്ലാം ഇടങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെ തരണം ചെയ്ത് ഒറ്റ രാഷ്ട്രമെന്ന സങ്കല്‍പത്തില്‍ ഇത്രയും കാലം തുടരാനായത് ആ പുസ്തകത്തിന്റെ കരുത്ത് ഒന്ന് കൊണ്ടു മാത്രമാണ്. കോളോണിയല്‍ ഭരണം ഇന്ത്യ വിടേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ ഈ രാജ്യത്തിന് ഒറ്റ രാഷ്ട്രമായി തുടരാനാവില്ല എന്ന് വിധിയെഴുതിയ ഇംഗ്ലിഷ് രാഷ്ട്രതന്ത്രജ്ഞന്മാര്‍ വരെയുണ്ടായിരുന്നു. എന്നിട്ടും ഒരു രാജ്യം അതിന്റെ മേന്മകളെ മുന്‍നിര്‍ത്തി മുന്നോട്ട്‌ പോവുകയാണ്. അറുനൂറോളം വരുന്ന ചെറിയ നാട്ടുരാജ്യങ്ങളെയും അതിന്റെ നാടുവാഴികളെയും അതിലേറേ വ്യത്യസ്തകള്‍ ഭാഷയിലും ഭക്ഷണത്തിലും സംസ്‌കാരത്തിലും ചിന്തയിലും പേറുന്ന ഒരു വന്‍ ജനവിഭാഗത്തെ കൂട്ടിയണക്കിയ മാന്ത്രിക വചനമായിരുന്നു ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന വാക്യം. ഒരു പക്ഷെ ലോക രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരേടാണ് ഇന്ത്യ എന്ന വിസ്മയം. അവിടെയാണ് ഭീംറാവു റാംജി അംബേദ്കര്‍ എന്ന മഹാമനുഷ്യനും മനീഷിയും പ്രസക്തമാകുന്നത്‌.

സ്വാതന്ത്ര്യ ദാഹികളായ ഇന്ത്യാക്കാരന്റെ ശബ്ദമായി മഹാത്മജി ഇന്ത്യന്‍ തെരുവോരങ്ങളിലൂടെ അതിവേഗതിയില്‍ നടന്ന് നീങ്ങിയപ്പോള്‍ അതെ തെരുവോരങ്ങള്‍ക്കുമപ്പുറത്തേക്ക് പിറന്ന ജാതി ഒന്ന് കൊണ്ടുമാത്രം അകറ്റി നിര്‍ത്തപ്പെട്ട ജനതതികളെ കൂടി ചേര്‍ത്ത് പിടിച്ചുകൊണ്ട്‌ അവരുടെ വിമോചനത്തിന്റെ തത്വശാസ്ത്രത്തിന് മൂര്‍ത്ത രൂപം നല്‍കുകയായിരുന്നു. അതിന്റെ പരിണിതിയാണ് ഇന്നത്തെ ഇന്ത്യ. ഇവിടെ അധികമാരും മറിച്ചുനോക്കാന്‍ മെനക്കെടാത്ത ഇന്ത്യന്‍ സമരചരിത്രത്തിന്റെ ഇരുളടഞ്ഞ താളുകളിലെ ചില സുവര്‍ണ്ണ നിമിഷങ്ങളെ കൂടി ഓര്‍ക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യ സമരങ്ങളുടെ പോലും മുഖ്യപന്ഥാവില്‍ ഇടം പിടിക്കാനാവാതെ വിമോചനത്തിന്റെ കാഹളവും ആരവവും നിറഞ്ഞ തെരുവുകളില്‍ പോലും അധികം കാണാനാവാതെ കൊടുംക്കാടുകളിലും മുളങ്കാടുകള്‍ക്കുള്ളിലും ഇരുന്ന് വെള്ളക്കാരന്റെ ആധിപത്യാധിനിവേശങ്ങള്‍ക്കെതിരേ സമരം ചെയ്ത ആദിവാസി ജനതയുടെ പുളകിതമായ സമരചരിത്രത്തെ പറ്റി ഇപ്പോഴല്ലെങ്കില്‍ പിന്നെ എന്നാണ് ഓര്‍ക്കാനാവുക. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആദിവാസികളുടെ പങ്കിനെ പറ്റി തിരിഞ്ഞ് നോക്കുമ്പോള്‍ വീറിന്റെയും വാശിയുടെയും കോളോണിയല്‍ വിരുദ്ധതയുടെയും പശ്ചാത്തലമുണ്ടതിന്. ഇന്ത്യയിലെ ഏത് ദേശീയപ്രസ്ഥാനത്തിനും അവകാശപ്പെടാനാവാത്തത്ര ഫലവത്തായതും കരുത്താര്‍ന്നതുമായ ചെറുത്തുനില്‍പ്പ് നടത്തിയ ജനവിഭാഗമാണ് ഇന്ത്യയിലെ ആദിവാസികള്‍. ഒരു പക്ഷെ കോളോണിയല്‍ അധിനിവേശത്തെ പറ്റിയും അതിന്റെ ചൂഷണത്തെ പറ്റിയും ആദ്യമായി ആഴത്തില്‍ തിരിച്ചറിഞ്ഞത് ഇന്ത്യയിലെ ആദിവാസി ജനവിഭാഗമാണ് എന്ന് പറയാം. മാത്രവുമല്ല അവരുടെ കോളണി വിരുദ്ധ സമരത്തിനും സ്വാതന്ത്ര്യപോരാട്ടത്തിനും ദീര്‍ഘമായ ചരിത്രവും ജലവും കാടും സംരക്ഷിക്കുക എന്ന ആഴത്തിലുള്ള പാരിസ്ഥിതിക പരിസരവുമുണ്ട്.

ഇന്ത്യയുടെ ചരിത്ര രചനക്ക് തന്നെ കോളോണിയല്‍ മുഖമാണ് എന്നത് ഒരു ചരിത്ര വസ്തുതയാണ്. ഇന്ത്യയെന്ന ഭൂവിഭാഗത്തെ സമഗ്രമായി കണ്ട് ഭൂവിഭാഗത്തെ സമഗ്രമായി കണ്ട് വിഭവങ്ങള്‍ അടര്‍ത്തിയെടുത്ത് ചൂഷണവ്യവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിന് ഏറ്റവും പ്രധാനം ഈ നാടിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞതും ബ്രിട്ടിഷുകാര്‍ തന്നെ. അങ്ങിനെയാണ് ഇന്ത്യാ ചരിത്രത്തിന് ആദ്യമായി ഒരു ലിഖിതാഖ്യാനം ജെയിംസ് മില്ലിന്റെതായി പുറത്ത് വരുന്നത്. അതിന്‍പ്രകാരം ഇന്ത്യയില്‍ ബ്രിട്ടിഷ് ഭരണം സ്ഥാപിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നാഴിക കല്ലായിരുന്നു 1757ലെ പ്ലാസി യുദ്ധം. 1756ല്‍ സിറാജ്-ഉദ്-ദൗള കല്‍ക്കത്തിയിലെ ഫോര്‍ട്ട് വില്യം പിടിച്ചെടുക്കുന്നതോടെയാണ് പെട്ടെന്ന് യുദ്ധത്തിന് കളമൊരുങ്ങുന്നതും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി ഇന്ത്യക്ക് മേലുള്ള ആധിപത്യത്തിന് തറകല്ലിടുന്നതും.

യുദ്ധം നടന്ന ‘പലാശി’ എന്ന ഗ്രാമത്തിന്റെ പേരാണ് പിന്നീട് പ്ലാസി എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെട്ടത്. ഇന്ത്യ ചരിത്രത്തെ ഹിന്ദു ആര്യന്മാരുടെ കാലമെന്നും അവരെ ഇല്ലാതാക്കി ഭരണം പിടിക്കാന്‍ കടന്ന് വന്ന മുഗള്‍ – മുസ്ലിമുകളുടെ കാലമെന്നും അതിന് ശേഷം ഇന്ത്യയെ ആധുനികവത്കരിച്ച ബ്രിട്ടീഷ് കാലമെന്നും മൂന്നായി തിരിച്ചതും ഇതേ ജെയിംസ് മില്‍ തന്നെ.സ്വദേശികളും വിദേശികളുമായ ചരിത്രകാരന്മാര്‍ ആ വിഭജനം ഒരു കടംങ്കഥ പോലെ പാടുകയും ചെയ്തതോടെ ഇന്ത്യാ ചരിത്രം വിഭജനത്തിന്റെ ചരിത്രമായി മാറുകയും ചെയ്തത് മറ്റൊരു ചരിത്രം. അത് കൊണ്ടുതന്നെ വിഭജന ചരിത്രത്തിന്റെ പുത്തന്‍ ആഖ്യാനങ്ങള്‍ക്ക് വേണ്ടി മത്സരിച്ച ചരിത്ര വിദ്വാന്മാര്‍ക്ക് മുമ്പില്‍ ആദിവാസികളും അവരുടെ ചരിത്രവും കാല്‍ക്കാശിന് വിലയില്ലാത്തതായി മാറിയതില്‍ അത്ഭുതപ്പെടാനില്ല.ഒരു രാജ്യത്തിന്റെ് ചരിത്രത്തെയും പാരമ്പര്യത്തെയും ഹിന്ദു മുസ്ലിം ബ്രിട്ടീഷ് കള്ളികളിലാക്കി വിഭജിച്ച് രസിച്ച ചരിത്രകാരന്മാരുടെ കണ്ണില്‍ രേഖകളില്‍ പോലും കണ്ടെത്താന്‍ പ്രയാസമുള്ള ഗോത്രജനതയുടെ ചരിത്രത്തിന് എന്ത് സ്ഥാനം.

എന്നാല്‍ ചരിത്രം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട തിളങ്ങുന്ന അദ്ധ്യായങ്ങള്‍ വീണ്ടെടുക്കാന്‍ ചരിത്രകാരന്മാര്‍ തയ്യാറായിരിക്കുന്നു. ബ്രിട്ടീഷുകാരെ നാടുകാടത്താനയുള്ള ഗോത്രജനതയുടെ ഐതിഹാസിക പോരാട്ടങ്ങള്‍ 1757ലെ പ്ലാസി യുദ്ധം കഴിഞ്ഞ് കാല്‍ നൂറ്റാണ്ടിനുള്ളില്‍ തന്നെ ആരംഭിച്ചിരുന്നു. 1774 മുതല്‍ 1947 വരെ ഇന്ത്യയില്‍ നടന്ന വിവിധ ഗോത്രവര്‍ഗ്ഗങ്ങളുടെ ചെറുത്തു നില്‍പ്പുകളെയും പ്രക്ഷോഭങ്ങളെയും മൂന്നായി തിരിക്കാവുന്നതാണ്. 1774 മുതല്‍ ശിപായി ലഹള കൊടുമ്പിരിക്കൊണ്ടിരുന്ന 1860 വരെയുള്ള ഘട്ടമാണ് ഒന്നാം ഘട്ടം.ബ്രിട്ടീഷ് സാമ്രാജ്യം സ്വാഭാവികമായും അവരുടെ സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായും പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ കൊള്ളയടിക്കുന്നതിന്റെയും ഭാഗമായി നടത്തിയ അധിനിവേശങ്ങളില്‍ സ്വസ്ഥ ജീവിതത്തിന്റെ അടികല്ലിളകിയ ഗോത്രജനത ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഈ ഒന്നാം ഭാഗം.

1774ലെ ബംഗാള്‍ പ്രതിസന്ധിയിലെ ഹല്‍ബാ പ്രക്ഷോഭവും 1774-79 കാലയളവില്‍ ഇതേ മേഖലയില്‍ പനാഡിയ സര്‍ദാരുകളുടെ നേത്യത്വത്തില്‍ നടന്ന പ്രക്ഷോഭവും ആദ്യകാല സ്വാതന്ത്ര്യസമരങ്ങള്‍ മാത്രമല്ല അവയിലെ ഗോത്രജനതയുടെ പങ്കാളിത്തവും പ്രാധാന്യമുള്ളതായിരുന്നു. ബംഗാളിലെ തന്നെ മിഡ്‌നാപൂര്‍ – ബാന്‍കുറ മേഖലയിലെ 1795-1800 കാലത്ത് നടന്ന ചുവാര്‍ പ്രക്ഷോഭവും ഗോത്രസമരവും പ്രക്ഷോഭവുമായത് കാരണം ചരിത്രത്തില്‍ നിന്ന് നിഷ്‌കാസിതമാക്കപ്പെട്ടവയാണ്. 1793-1797 കാലത്തെ ഒന്നാം പഴശ്ശി യുദ്ധവും 1800-1804 കാലത്തെ രണ്ടാം പഴശ്ശി യുദ്ധവും ബ്രിട്ടിഷുകാര്‍ക്കും കമ്പനി പട്ടാളത്തിനുമെതിരായ സ്വാതന്ത്ര്യ ദാഹം തുടിച്ച് നിന്ന പ്രക്ഷോഭങ്ങളായിരുന്നു. എന്നാല്‍ അവയില്‍ ഗോത്രജനതക്കും വയനാടന്‍ കുറിച്യര്‍ക്കുമുള്ള സ്ഥാനവും ആ ഗോത്ര ജനത എങ്ങിനെയാണ് കമ്പനിയെ തങ്ങള്‍ക്കും തങ്ങളുടെ വിഭവങ്ങള്‍ക്കും മേലുള്ള അധീശത്വമായി കണ്ടത് എന്ന് ഇനിയും ചരിത്രത്തില്‍ നിന്ന് വികസിപ്പിച്ച് പഠിക്കേണ്ട പാഠങ്ങളാണ്. 1795-1800 കാലത്തെ കോള്‍ കലാപം 1850ലെ തന്നെ സന്താള്‍ പ്രക്ഷോഭം ഗോത്രവീര്യത്തിന്റെ നിത്യസ്മരണകളാണ്. എന്നാല്‍ അവയക്ക് ഇന്ത്യന്‍ ചരിത്രപുസ്തകങ്ങളിലെ സ്ഥാനം ഭുതക്കണ്ണാടി വെച്ച് പോലും കണ്ടുപിടിക്കാന്‍ പറ്റാത്തത്ര ചെറുതാണ്.

ഗോത്രവീര്യത്തിന്റെ അടുത്ത പ്രക്ഷോഭഘട്ടമെന്നത് 1860-1920 വരെയുള്ള 6 ദശകമാണ്. ഒരെ സമയം ബ്രിട്ടീഷ് സാമ്രാജ്യവിപുലീകരണവും അതിനെതിരെയുള്ള ആദിവാസി ഗോത്രജനതയുടെ പ്രതിരോധവും ഏറ്റവും ശക്തയാര്‍ജ്ജിച്ച കാലമായിരുന്നു അത്. ബംഗാള്‍ പ്രതിസന്ധിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പ്രക്ഷോഭപരമ്പരകള്‍ക്കാണ് ഈ കാലയളവ് സാക്ഷ്യം വഹിച്ചത്. മുണ്ട കലാപം ഉള്‍പ്പടെ വടക്കന്‍ കിഴക്കന്‍ മേഖലയുടെ വിവിധയിടങ്ങളിലായി നടന്ന നാഗാ, മിസോ, ഖാസി പ്രക്ഷോഭങ്ങള്‍ മദ്രാസ് പ്രവശ്യിയലെ കോയാ, കോലം കുറിച്യ പ്രക്ഷോഭങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സമരങ്ങളും വീര യോദ്ധാക്കളുടെ രക്തസാക്ഷിത്വങ്ങളുമുണ്ടായ പ്രക്ഷുബ്ദ കാലമായിരുന്നു അത്. ആദിവാസികളുടെ സമ്പദ് ക്രമത്തെ തകര്‍ക്കുന്ന രീതിയില്‍ മുതലാളിത്ത സമ്പദ് വ്യവസ്ഥയും ആദിവാസി മേഖലകളിലേക്ക് അതിക്രമിച്ച് കയറിയ കാലവുമായിരുന്നു അത്.

1920- 1947 വരെയുള്ള മൂന്നാം ഘട്ടമാകട്ടെ ആദിവാസി പ്രക്ഷോഭങ്ങള്‍ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ ആരംഭിച്ച കാലമായിരുന്നു. ജത്ര ഒറോണിന്റെ നേതൃത്വത്തില്‍ താനെ – ഭഗത് പ്രക്ഷോഭം, മിഡ്‌നാപുറിലെ ഭൂമിജ് പ്രക്ഷോഭം, ദേവി മുവ്‌മെന്റ് 1942ല്‍ ഒറീസയിലെ കോരാപുട്ടില്‍ ലക്ഷ്മണ്‍ നായിക്കിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം എന്നിവയൊക്കെയും ദേശീയ പ്രസ്ഥാനവുമായി നേരിട്ടും അല്ലാതെയും നടന്ന ഗോത്ര ജനതയുടെ വീറും വാശിയും കരുത്തും കാട്ടുന്ന വിപ്ലവ ശ്രമങ്ങളായിരുന്നു. എന്നിട്ടും അവയൊക്കെ കണ്ടെടുക്കാനും ചരിത്ര പുസ്തകങ്ങളില്‍ ഇടം നേടാനും എത്രയോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

ആധുനിക ചരിത്ര പണ്ഡിതന്മാര്‍ പങ്ക് വെക്കുന്ന സവിശേഷമായ ചില നിരീക്ഷണങ്ങള്‍ കൂടി പങ്ക് വെക്കാതെ ഇത് അവസാനിപ്പിക്കാന്‍ കഴിയില്ല.സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഗോത്ര ജനതയുടെ പ്രക്ഷോങ്ങളെ മുഴുവന്‍ ഇല്ലാതക്കുകയും അവരെ ചരിത്രത്തില്‍ നിന്ന് തുടച്ച് നീക്കുകയും ചെയ്ത ബ്രിട്ടീഷുകാര്‍ നിയമപരമായി കൂടി അവരുടെ അവസാനത്തെ സ്മരണകളും തുടച്ച് നീക്കുവാനുള്ള പരിശ്രമങ്ങള്‍ നടത്തിയിട്ടുള്ളതായി കാണാം. വനമെന്ന തങ്ങളുടെ ജീവിതത്തില്‍ നിന്ന് അവരെ തുടച്ചുനീക്കാനുതകും വിധം അവരുടെ ഇടങ്ങളില്‍ കടന്ന് കയറി ആദിവാസി ജനതക്ക് മുന്‍പരിചയമില്ലാത്ത സ്വകാര്യ സ്വത്ത് സമ്പ്രദായവും ഭുഉടമസ്ഥതാ സമ്പ്രദായവും അടിച്ചേല്‍പ്പിച്ചു.

1805ല്‍ തേക്ക് മരങ്ങളുടെ പര്യവേഷണം എന്ന വ്യാജേന ബ്രിട്ടീഷ് ഉദ്യോഗസ്ഥ പ്രഭുക്കന്മാര്‍ വന മേഖലയിലേക്ക് കടന്നു കയറി. 1855ല്‍ വന നയം പ്രഖ്യാപിച്ചു. 1869ല്‍ പരിഷ്‌കരിച്ച ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടിന് രൂപം നല്‍കി.ആദിവാസി പ്രക്ഷോഭങ്ങള്‍ അരങ്ങേറിയ ആദ്യ കാലത്ത് 1793ല്‍ നടപ്പില്‍ വരുത്തിയ ആദിവാസി ജീവിതത്തെ ശ്വാസം മുട്ടിക്കുന്ന പെര്‍മനന്റ്‌ സെറ്റില്‍മെന്റിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇതെല്ലാം വന്നത്. വന മേഖലയും ധാതു സമ്പത്തും മുച്ചൂടും മുടിച്ച് സ്വന്തമാക്കാനുള്ള പ്രിട്ടീഷ് ആര്‍ത്തിയായിരുന്നു അതിന് പിന്നിലെന്ന് തര്‍ക്കമില്ല.പക്ഷെ അതിനുമപ്പുറം ചില ആധുനിക കാരണങ്ങള്‍ കൂടി മനശാസ്ത്രജ്ഞര്‍ പങ്കു പങ്കുവെക്കുന്നുണ്ട്.

ആദിവാസി ജനതയുടെ സമരവീര്യത്തെ എങ്ങനെയും കെടുത്തുക എന്ന ബ്രിട്ടീഷ് അധിനിവേശത്തിന്റെ ആദ്യത്തെ ആവശ്യങ്ങളിലൊന്നായിരുന്നു എന്ന ഇന്നത്തെ വിലയിരുത്തല്‍ പ്രസക്തമാകുന്നതവിടെയാണ്. തികച്ചും ഭിന്നമായ രണ്ട് പ്രപഞ്ച വീക്ഷണങ്ങലായിരുന്നു കോളോണിയല്‍ അധിനിവേശത്തിനും ആദിവാസികള്‍ക്കുമുണ്ടായിരുന്നത്. സമ്പത്ത്, ആചാര വിശ്വാസങ്ങള്‍, ജനാധിപത്യ ഭരണവ്യവസ്ഥ തുടങ്ങി രാഷ്ട്രീയ ജീവിതത്തെയും സാമൂഹ്യ സംഘാടനത്തെയും സംബന്ധിച്ച വീക്ഷണങ്ങള്‍ക്കിടയില്‍ അജഗജാന്തരമുണ്ടായിരുന്നു.അതാകട്ടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ബ്രിട്ടീഷുകാരന് പരിചിതമായ മധ്യവര്‍ഗ്ഗ സ്വാതന്ത്ര്യസമര രീതികളില്‍ നിന്ന് ഭിന്നവുമായിരുന്നു. ഒരുപക്ഷെ നഷ്ടപ്പെടുവാനൊന്നുമില്ലാത്തവന്റെ കൊല്ലാനും മരിക്കാനും തയ്യാറായ സ്വാതേ്രന്ത്യച്ഛയെ പ്രിട്ടീഷുകാര്‍ കൂടുതല്‍ ഭയന്നിട്ടുണ്ടാകണം. അത് കൊണ്ട തന്നെയാകണം ചരിത്ര പുസ്തകത്തിന്റെ താളുകളില്‍ നിന്ന് പോലും ഗോത്ര ജനതയുടെ സമരാവേശത്തെ അവര്‍ പുറം തള്ളിയത്. ഒരു പക്ഷെ മനുപൂര്‍വ്വമോ മനുപൂര്‍വ്വമല്ലാതെയോ നമ്മളും.