Sun. Dec 22nd, 2024

 

ആര്‍ത്തവം, ഒരു സ്ത്രീ ശരീരത്തിന്റെ ജൈവിക പ്രക്രിയയുടെ ഭാഗമായി സംഭവിക്കുന്ന ആരോഗ്യ പ്രശ്നമാണ്. അയിത്തം, പാരമ്പര്യം, ജാതി, വിശ്വാസം തുടങ്ങി സകലതിലും ആര്‍ത്തവത്തെ കാല്‍പനികവല്‍ക്കരിക്കുന്നതു കൊണ്ടാണ് ആര്‍ത്തവം ഒരു ജൈവികമായ ആരോഗ്യപ്രശ്നമാണെന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത്. ആര്‍ത്തവ ദിനങ്ങള്‍ പല സ്ത്രീകള്‍ക്കും കഠിനമായതിനാല്‍ ഈ ദിവസങ്ങില്‍ ചെയ്യുന്ന എല്ലാ പണികളില്‍ നിന്നും ഒരവധി വേണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്. സ്ത്രീയുടെ ശാരീരിക- മാനസിക ബുദ്ധിമുട്ടുകളെ മുന്‍നിര്‍ത്തി ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട് സ്വാഭാവികമായും രാഷ്ട്രീയമായും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കേണ്ടതുണ്ട്. അത്തരമൊരു ചര്‍ച്ചയ്ക്കു അടുത്തിടെ തുടക്കമിട്ടത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല

ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍, ആര്‍ത്തവ അവധി പരിഗണിച്ച് വിദ്യാര്‍ഥികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാമെന്ന ഭേദഗതിയാണ് കുസാറ്റ് കൊണ്ടുവന്നത്. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞിട്ടുണ്ട്. ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും എന്നാണ് മന്ത്രി പറഞ്ഞത്.

ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു

കൊച്ചി സര്‍വകലാശാലയെ പിന്തുടര്‍ന്ന് കേരള സാങ്കേതിക സര്‍വകലാശാലയിലും ആര്‍ത്തവ അവധി അനുവദിക്കാന്‍ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് തിരുമാനമെടുത്തിട്ടുണ്ട്. ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ തിരുമാനം. കെ ടി യുവിന്റെ കീഴിലുള്ള എല്ലാ കോളെജുകളിലും ആര്‍ത്തവ അവധി അനുവദിക്കാനാണ് ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് ശുപാര്‍ശ ചെയ്തത്.

വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍ച്ചിപ്പ് ദിവസങ്ങള്‍ക്കു ശേഷമാണ് കുസാറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച വാര്‍ത്ത വരുന്നത്. തീര്‍ത്തും ശ്രദ്ധേയമായ തീരുമാനം തന്നെയാണ് ഇത്. വിദ്യാര്‍ഥി സംഘടനായ എസ്എഫ്ഐയുടെ ഇടപെടല്‍ മൂലമാണ് വളരെ വൈകിയാണെങ്കിലും പുരോഗന കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ ഈ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞത്. വൈകിപ്പോയ നടപടി ആണെങ്കിലും ഒരു വിഭാഗം സ്ത്രീകള്‍ക്ക് പൊതുവേ സ്വാഗതാര്‍ഹമാണ്. കാരണം ആര്‍ത്തവത്തിന്റെ എല്ലാ ശാരീരിക- മാനസിക ബുദ്ധിമുട്ടുകളും നേരിടുന്നത് അവരാണല്ലോ.

‘ഇങ്ങനെ ഒരു അവധി ലോകത്ത് പലയിടത്തും നടപ്പാക്കിയിട്ടുണ്ട്. ഇവിടെ എന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് ഞങ്ങള്‍ ആര്‍ത്തവ അവധി വേണം എന്ന ആവശ്യവുമായി സര്‍വകലാശാല രജിസ്റ്റാറെ സമീപിക്കുന്നത്. പിന്നീട പ്രോ വൈസ് ചാന്‍സലറുമായി യൂണിയന്‍ അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് സെമസ്റ്ററില്‍ രണ്ട് ശതമാനം ലീവ് എന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത്. നിലവില്‍ ഇക്കാര്യത്തില്‍ പ്രത്യേക പോളിസികളൊന്നും ഇല്ലാത്തതു കൊണ്ട് ആദ്യപടിയായി ഏറ്റവും പ്രായോഗികമായ തീരുമാനമാണ് യൂണിവേഴ്സിറ്റി ഇപ്പോള്‍ എടുത്തിരിക്കുന്നത്. ആര്‍ത്തവ ദിവസങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. അതിനെ ബഹുമാനിച്ചു കൊണ്ട് ആവശ്യമുള്ള ആളുകള്‍ ഈ ലീവ് പ്രയോജയപ്പെടുത്തട്ടെ. വേണ്ടാത്തവര്‍ ക്ലാസില്‍ വന്നോട്ടെ. ഇതില്‍ വ്യതിപരമായ തിരഞ്ഞെടുപ്പ് കൊടുക്കുക.’, കുസാറ്റ് വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍ പേഴ്സണ്‍ നമിത ജോര്‍ജ് വോക്ക് മലയാളത്തോട് പറഞ്ഞു.

കുസാറ്റ് വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍ പേഴ്സണ്‍ നമിത ജോര്‍ജ്

ആര്‍ത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ആര്‍ട്ടിക്കിള്‍ പതിനാലിന്റെ ലംഘനമാണെന്നും ആര്‍ത്തവ വേദനയെ എല്ലാവരും അവഗണിക്കുകയാണെന്നുമാണ് ശൈലേന്ദ്രമണി ത്രിപാഠി സമര്‍പ്പിച്ചിരിക്കുന്ന അവധിയില്‍ പറയുന്നത്. ആര്‍ത്തവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്ത് ഒരാള്‍ അനുഭവിക്കുന്ന വേദനയ്ക്ക് തുല്യമാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ നടത്തിയ പഠനത്തെ ഉദ്ദരിച്ച് ശൈലേന്ദ്രമണി ഹര്‍ജിയില്‍ പറയുന്നുണ്ട്. ആര്‍ത്തവ വേദന ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുമെന്നും അത് അവരുടെ ജോലിയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിപാനന്‍, സൊമാറ്റോ, സ്വിഗി, ബൈജൂസ്, മാതൃഭൂമി, ഗോസൂപ്പ്, മാഗ്സ്റ്റര്‍, എആര്‍സി, ഇന്‍ഡസ്ട്രി തുടങ്ങിയ കമ്പനികള്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക പ്രശ്നങ്ങള്‍ ആര്‍ക്കും മനസിലാവില്ല എന്നാണ് അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ കുക്കു ദേവകി വോക്ക് മലയാളത്തോട് പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 14 പ്രകാരം സ്ത്രീകള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കണമെന്നും അഡ്വ. കുക്കു പറയുന്നു.

അഡ്വ. കുക്കു ദേവകി

‘ആര്‍ത്തവ സമയത്ത് പലര്‍ക്കും മൂഡ് സ്വിംഗ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പ്രസവശേഷമാണ് എനിക്ക് ആര്‍ത്തവത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടായത്. പഠിക്കുന്ന കാലത്തൊക്കെ കൂടെയുള്ള പെണ്‍കുട്ടികള്‍ ആര്‍ത്തവ നാളുകളില്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അവധി കിട്ടുകയാണെങ്കില്‍ അത് നല്ല കാര്യം ആണെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ അടയാര്‍ കലാക്ഷേത്രയില്‍ നൃത്തം പഠിക്കുന്ന സമയത്ത് ആര്‍ത്തവ നാളുകളില്‍ മൂന്നു ദിവസം അവധി തന്നിരുന്നു. മൂന്നു ദിവസം ക്ലാസില്‍ വന്നിരിക്കാം. എന്നാല്‍ ഡാന്‍സ് കളിക്കേണ്ട ആവശ്യമില്ല. അത് നല്ലകാര്യം ആയിരുന്നു. പരസ്യത്തില്‍ കണ്ടിട്ടുണ്ട് ആര്‍ത്തവ സമയത്ത് ഡാന്‍സ് കളിക്കാം എന്നൊക്കെ. എന്നാല്‍ ഇതൊന്നും പറ്റാതെ ഭയങ്കര ബുദ്ധികുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. ആര്‍ത്തവം തുടങ്ങുന്നതിനു മുമ്പേയുള്ള അസ്വസ്ഥകളും കൂടി കണക്കിലെടുത്ത് എപ്പോഴാണോ അവധി വേണ്ടത് ആ സമയത്ത് അവധി നല്‍കണം എന്നാണ് എന്റെ അഭിപ്രായം.’ അഡ്വ. കുക്കു പറയുന്നു.

ആര്‍ത്തവ അവധി നേരത്തെ നടപ്പാക്കേണ്ടിയിരുന്ന ഒന്നായിരുന്നുവെന്നും എന്നിരുന്നാലും പുരോഗമന സമൂഹത്തില്‍ അതൊരു നല്ല ചുവടുവെപ്പാണെന്നും ഫെമിനിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ സുല്‍ഫത്ത് എം വോക്ക് മലയാളത്തോട് പറഞ്ഞു. ‘സ്ത്രീകളുടെ സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. അതിന്റെ വേദനകളും അസ്വസ്ഥതകളും മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ സ്ത്രീകള്‍ അനുഭവിക്കാറുണ്ട്. ഇത് നേരത്തെ തന്നെ വരേണ്ടതായിരുന്നു. പല മേഖലകളിലും ഈ അവധി ഉണ്ടാവേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് റസ്റ്റ് റൂമുകള്‍ വരുന്നു, പാഡ് വെന്റിംഗ് മെഷീനുകള്‍ വരുന്നു. ഇതൊക്കെ ആധുനിക കലാത്ത് ആര്‍ത്തവം സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളെ പരിഗണിക്കുകയും സമൂഹത്തിന്റെ മൊത്തം കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സ്ത്രീയുടെ പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട് ഒരു ശാരീരിക പ്രക്രിയയാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. ഒരു സ്ത്രീ ആര്‍ത്തവത്തില്‍ ആണ് എന്നുള്ളത് മൂടി വെക്കേണ്ട ഒന്നല്ല എന്നുള്ളത് കൂടി ഈ അവധിയില്‍ വരുന്നുണ്ട്.’, സുല്‍ഫത്ത് എം പറയുന്നു.

സുല്‍ഫത്ത് എം

ആര്‍ത്തവ അവധി നല്‍കുന്നത് ലിംഗ സമത്വ കാഴ്ചപ്പാടിന് എതിരാണ് എന്ന വാദം ഒരു വിഭാഗം ആളുകള്‍ ഉന്നയിക്കുന്നുണ്ട്. ആര്‍ത്തവം സ്വാഭാവിക പ്രക്രിയ ആണെന്നും അതിന് ഒരു അവധി നല്‍കി മഹത്വവല്‍ക്കരിക്കേണ്ട ആവിശ്യമില്ലെന്നുമാണ് ഇത്തരക്കാര്‍ പറയുന്നത്. ആര്‍ത്തവം ഇല്ലാത്തവര്‍ അതിനെകുറിച്ച് സംസരിക്കരുത് എന്നാണ് കുസാറ്റ് വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍ പെര്‍സണ്‍ നമിത ജോര്‍ജ് ഈ വാദങ്ങളോട് പ്രതികരിച്ചത്. ‘തുല്യത എന്ന് പറയുന്നത് തുല്യമായ അവസരങ്ങള്‍ ആണ്. ആ ദിവസങ്ങളില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഒരു പ്രത്യേക അവസരങ്ങള്‍ നമ്മുക്ക് ഉണ്ടാവണം. അതാണ് തുല്യത. അതിലൂടെ കടന്നുപോകുന്ന വേദനകളും വിഷമങ്ങളും ഒന്നും മറ്റാര്‍ക്കും അറിയില്ല. അത് അറിയുന്നവര്‍ മാത്രം ചര്‍ച്ച ചെയ്തോട്ടെ.’, നമിത ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

‘ആര്‍ത്തവ അവധി സമത്വം അല്ലെന്നൊക്കെ പറയുന്ന ചര്‍ച്ചകള്‍ കാണുന്നുണ്ട്. ഇതൊക്കെ മനുഷ്യന്റെ ശരീരിക വേദനകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്. അതിനൊക്കെ അവധി കൊടുത്തേ പറ്റൂ. ഈ അവധി നല്‍കല്‍ എല്ലാം കുറെ കാലം മുമ്പേ വരേണ്ടതാണ്. പ്രസവാവധി നല്‍കുന്നത് പോലെ തന്നെയാണ് ഇതും. ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്ക് ഓഫീസിലെയും വീടുകളിലെയും ജോലികള്‍ ചെയ്യേണ്ടതായി വരും. ഈ എല്ലാ സ്ഥലങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് നിര്‍ബന്ധിത അവധി നല്‍കണം എന്നാണ് എന്റെ അഭിപ്രായം. സ്ത്രീകളുടെ ആരോഗ്യം മുന്‍നിര്‍ത്തി ആരോഗ്യ മന്ത്രാലയം ഇടപെടല്‍ നടത്തി ഇങ്ങനെ ഒരു അവധി നല്‍കണം.’, അഡ്വ. കുക്കു അഭിപ്രായപ്പെട്ടു.

സെക്സും ജെന്‍ഡറും തമ്മിലുള്ള വ്യത്യാസം അറിയാത്തവര്‍ ആണ് ആര്‍ത്തവ അവധി ലിംഗ സമത്വത്തിന് വിരുദ്ധമായ കാഴ്ചപ്പാട് ആണ് എന്ന് പറയുന്നത്. അങ്ങനെയെങ്കില്‍ പ്രസവത്തിന് അവധി കൊടുക്കുന്നത് ലിംഗ സമത്വത്തിന് എതിരാണല്ലോ. അപ്പോള്‍ ഇതിനെ എങ്ങനെയാണ് കാണുന്നത്?. മുമ്പ് പ്രസവത്തിനു ആശുപത്രികളില്‍ പോകുന്നതിനെ കുറിച്ചും ഇത്തരം വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ പ്രസവം വീടിനകത്ത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണെന്നും അതിനെ വൈദ്യശാസ്ത്രവുമായി കൂട്ടിയിണക്കി രോഗമായി കാണുന്ന പ്രവണത തെറ്റാണെന്ന പ്രചരണമായിരുന്നു ഉണ്ടായിരുന്നത്. ഒരു ശാരീരിക പ്രക്രിയ എന്ന നിലയില്‍ സ്ത്രീയുടെ ശരീരത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവം. അത് പലപ്പോഴും മാനസികമായും ശാരീരികമായും ഒരുപാട് സംഘര്‍ഷങ്ങള്‍ നല്‍കും. ഇത്തരം കാര്യങ്ങളെ ലിംഗ സമത്വത്തിനു അനുകൂലമായാണ് കാണേണ്ടത്. കാരണം സ്ത്രീക്ക് മാത്രമുള്ള ഇത്തരം പ്രശ്നങ്ങളെ സ്ത്രീ പക്ഷത്തു നിന്ന് കൊണ്ട് അംഗീകരിക്കുകയും അതിനെ പരിഹരിക്കപ്പെടുന്ന തരത്തില്‍ സ്ത്രീയ്ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുകയും വേണം. ലോകത്ത് പല രാജ്യങ്ങളിലും, ഇന്ത്യയില്‍ തന്നെ പല സ്ഥാപനങ്ങളിലും ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. പുതിയ തലമുറയിലെ പെണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ ആര്‍ത്തവം ഉണ്ടാവുകയും അതിന്റെ ശാരീരിക അവശതകളും വേദനകളും ഒക്കെ അനുഭവിക്കുന്നുണ്ട്. എല്ലാവര്‍ക്കും ശാരീരിക പ്രശ്നം ഉണ്ട് എന്നല്ല. എന്നിരുന്നാലും ഒരു വിഭാഗം സ്ത്രീകള്‍ക്ക് എങ്കിലും അത് ഉണ്ടെങ്കില്‍ പരിഗണിക്കപ്പെടെണ്ടതാണ്. മിക്കവാറും ആര്‍ത്തവ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ ലീവ് എടുക്കാറുണ്ട്. ഈ ശാരീരിക പ്രക്രിയയെ അംഗീകരിച്ചു കൊണ്ട് അവധി കൊടുക്കേണ്ടതുണ്ട്. ഈ അവധി ശാരീരിക ബുദ്ധിമുട്ടുള്ള തൊഴിലുകളില്‍ എര്‍പ്പെടുന്നവര്‍ക്കും നല്‍കണം.’, സുല്‍ഫത്ത് എം പറയുന്നു.

നിലവില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. 1992 ലാണ് ബിഹാറില്‍ ആര്‍ത്തവ അവധി നിലവില്‍ വന്നത്. മാസത്തില്‍ രണ്ട് ദിവസം സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കണമെന്നാണ് ഈ നിയമത്തില്‍ പറയുന്നത്. ആര്‍ത്തവ അവധി നല്‍കാന്‍ നിയമനിര്‍മ്മാണം നടത്താനൊരുങ്ങുകയാണ് സ്‌പെയിന്‍. സ്ത്രീകളുടെ ജോലിയിലെ കാര്യക്ഷമതയെ ബാധിക്കുന്ന ഒന്നായാണ് ആര്‍ത്തവത്തെ മൂന്നാം ലോക രാജ്യങ്ങള്‍ കാണുന്നത്. ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ജപ്പാനില്‍ ആര്‍ത്തവ അവധി നിയമം നിലവില്‍ വന്നിട്ട് ഏകദേശം 70 വര്‍ഷമാകുന്നു. 1947 ലാണ് ഇതുസംബന്ധിച്ച നിയനിര്‍മ്മാണം നടന്നത്. സാംബിയ, യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളും സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ട്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.