Wed. Jan 22nd, 2025

 

ജന്മം കൊണ്ടും എഴുത്ത് കൊണ്ടും പൂര്‍ണ മലയാളി ആയിരുന്നിട്ടും കേരളത്തില്‍ വേണ്ടവിധത്തില്‍ അറിയപ്പെടാതെ പോയ സാഹിത്യകാരിയാണ് കഴിഞ്ഞ ദിവസം നമ്മളെ വിട്ടുപിരിഞ്ഞ സാറാ അബൂബക്കര്‍. കന്നടയില്‍ എഴുത്തിന്റെ വഴിവെട്ടിയ ധീരയായ മുസ്ലിം വനിത എന്നറിയപ്പെട്ടിരുന്ന സാറ തികഞ്ഞ ഒരു സ്ത്രീവിമോചക പ്രവര്‍ത്തകയായിരുന്നു. മലയാളി ആയിരുന്നിട്ടും കന്നഡ എഴുത്തുകാരി ആയാണ് സാറ അറിയപ്പെട്ടിരുന്നത്. സ്ത്രീകള്‍, പ്രത്യേകിച്ചും മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ എഴുത്തിലേക്ക് രംഗപ്രവേശനം ചെയ്യാന്‍ മടിച്ചിരുന്ന കാലത്താണ് കാസര്‍ഗോഡ് ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച സാറാ അബൂബക്കര്‍ തന്റെ വ്യത്യസ്തമായ രചനാവൈഭവം കൊണ്ട് കന്നഡ സാഹിത്യത്തെ സമ്പുഷ്ടമാക്കിയത്.

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയ സാറാ, ഗൗരിയുടെ ലങ്കേഷ് പത്രികയിലൂടെയായിരുന്നു ശ്രദ്ധേയയായ എഴുത്തുകാരിയായത്. വിവര്‍ത്തകയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ അവര്‍ ഒട്ടേറെ പ്രമുഖ മലയാളം കൃതികള്‍ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എഴുത്തില്‍ ആരുടെയും ചേരികളില്‍പെടാതെ സ്വന്തമായ ഇടം കണ്ടെത്തി ധീരമായി സാഹിത്യ ജീവിതം നയിച്ച എഴുത്തുകാരിയായിരുന്നു സാറാ അബൂബക്കര്‍.

ലങ്കേഷ് പത്രികയില്‍ എഴുതിയ ‘മുസ്ലിം മഹിളെ ശാലകെ ഹോതതു’ പരമ്പരയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചു. 1981ല്‍ രചിച്ച ‘ചന്ദ്രഗിരിയ തീറദല്ലി’ (ചന്ദ്രഗിരിയുടെ തീരത്ത്) നോവലിന് കര്‍ണാടക സര്‍ക്കാരിന്റെയടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നോവലിന്റെ ആദ്യഭാഗങ്ങള്‍ ലങ്കേഷ് പത്രികയില്‍ വന്നതോടെ മതമൗലിക വാദികളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുകയുണ്ടായി. തുടര്‍ച്ചയായി വിദ്വേഷ പ്രചരണങ്ങള്‍ വന്നതോടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നിയമപോരാട്ടം നടത്തി വിജയിച്ചിട്ടുണ്ട് സാറ. ഈ പോരാട്ടങ്ങള്‍ക്ക് സാറയും ഒപ്പം ഗൗരി ലങ്കേഷും കാണിച്ച ധൈര്യവും നിലപാടുകളും നോവലിനെ വല്ലാത്തൊരു രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിലേക്ക് നയിച്ചു.

ഗൗരി കൊല്ലപ്പെട്ടപ്പോള്‍ സാറ ശക്തമായ പ്രതിഷേധക്കുറിപ്പുകളിറക്കി. ‘ശബ്ദിക്കുന്നവരെ ആര്‍ക്കാണ് പേടി, വിഷലിപ്തമായ വര്‍ഗീയതയ്‌ക്കെതിരേ ഉറക്കെ പറഞ്ഞവളാണ് ഗൗരി. ആ ശബ്ദം ഭയപ്പെട്ടവര്‍ അവളെ ഇല്ലാതാക്കി’, സാറ കുറിച്ചു. മതമൗലികവാദികളുടെ ശത്രുപക്ഷത്തായ സാറയ്ക്കുനേരെ നിരവധി ആക്രമണങ്ങളുണ്ടായി. 1985ല്‍ പുത്തൂരില്‍ സാഹിത്യ സമ്മേളനത്തില്‍വച്ച് സാറ ആക്രമിക്കപ്പെട്ടു. ദക്ഷിണ കന്നടയില്‍ സംഘപരിവാറിന്റെ ഭിന്നിപ്പിക്കല്‍ ശ്രമങ്ങള്‍ക്കെതിരായ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിലും അവര്‍ ഭാഗമായി. ചന്ദ്രഗിരി പ്രകാശന എന്ന പേരില്‍ സ്വന്തമായി ഒരു പ്രസാധക സംരഭം നടത്തി, കര്‍ണാടക റൈറ്റേഴ്സ് ആന്‍ഡ് റീഡേഴ്സ് അസോസിയേഷന്‍ എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. സ്ത്രീപക്ഷ പോരാട്ടവേദിയായ കരാവലി ലേഖിയകര വാചകീയകര സംഘത്തിന്റെ അധ്യക്ഷയായി രണ്ടുതവണ പ്രവര്‍ത്തിച്ചു.

കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ്, അനുപമ നിരഞ്ചന അവാര്‍ഡ്, ഭാഷാ സമ്മാന്‍, കന്നട രാജ്യോത്സവ അവാര്‍ഡ്, രത്നമ്മ ഹെഗ്ഡെ മഹിളാ സാഹിത്യ അവാര്‍ഡ്, ദാന ചിന്താമണി ആട്ടി മബ്ബെ അവാര്‍ഡ്, സാഹിത്യ സമഗ്ര സംഭാവനക്കുള്ള ഹംപി സര്‍വകലാശാല നഡോജ പുരസ്‌കാരം എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ച സാറക്ക് മംഗളുരു സര്‍വകലാശാല ഡോക്ടറേറ്റും നല്‍കി ആദരിച്ചിരുന്നു.

ചന്ദ്രഗിരിയ തീരതല്ലി (1981), സഹന (1985), വജ്രഗളു (1988), കദന വിരാമ (1991), സുളിയല്ലി സിക്കവരു (1994) തല ഒഡേഡ ധോനിയല്ലി (1997), പഞ്ചറ (2004) എന്നീ നോവലുകളും ചപ്പാലിഗളു, പായന, അര്‍ധരാത്രിയല്ലി ഹുട്ടിട കൂസു, കെദ്ദാ, സുമയ, ഗണസാക്ഷി എന്നീ ചെറുകഥകളും രചിച്ചിട്ടുള്ള സാറ, കമലാദാസിന്റെ ‘മനോമി’, ബി എം സുഹറയുടെ ‘ബലി’, പി കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാനുറങ്ങട്ടെ’, ഖദീജ മുംതാസിന്റെ ‘ബര്‍സ’, ആര്‍ ബി ശ്രീകുമാര്‍ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് എഴുതിയ ‘ഗുജറാത്ത് ബിഹൈന്‍ഡ് കര്‍ട്ടന്‍’, ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍’ തുടങ്ങിയ കൃതികള്‍ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1936 ജൂണ്‍ 30ന് പ്രമുഖ അഭിഭാഷകനായിരുന്ന ഫോര്‍ട്ട് റോഡ് തെരുവത്ത് കുന്നില്‍ പുതിയ പുരയില്‍ അഹമ്മദിന്റെയും സൈനബിയുടെയും ആറുമക്കളില്‍ ഏക മകളായാണ് ജനനം. കാസര്‍കോട് ചെമ്മനാട് സ്‌കൂളില്‍ മലയാളം പഠിച്ച് തുടക്കം. നാലാം ക്ലാസു മുതല്‍ കന്നട മീഡിയത്തിലേക്ക്. തുടര്‍ന്ന് കാസര്‍കോട് മലയാളം പഠിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ കന്നടയിലേക്ക് മാറി. സാറ കര്‍ണാടകത്തില്‍ മെട്രിക്കുലേഷന്‍ പാസായ ആദ്യ മുസ്ലിം പെണ്‍കുട്ടിയായി. കര്‍ണാടക ഹൗസിങ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറാണ് ഭര്‍ത്താവ്. നാല് ആണ്‍മക്കള്‍ക്കൊപ്പം മംഗളൂരു ലാല്‍ബാഗിലെ വീട്ടിലായിരുന്നു താമസം.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.