Fri. Apr 26th, 2024

ബീഹാറിലെ ആദ്യ ജാതി സെന്‍സസിന് ജനുവരി 7ന് തുടക്കമായി. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് കൊണ്ടുവന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നും നടപ്പിലാക്കാത്തതും സാമ്പത്തിക സംവരണത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചതുമാണ് ബീഹാറിലെ നീക്കത്തിന് പ്രാധാന്യം കൂട്ടുന്നത്. പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ എന്നിവര്‍ക്കിടയില്‍ ഭാരതീയ ജനതാ പാര്‍ട്ടി കയറിക്കൂടാന്‍ ശ്രമിക്കുന്നതിനെ പ്രതിരോധിക്കാന്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടികള്‍ ശക്തമായ ശ്രമമാണ് നടത്തുന്നത്.

പിന്നാക്ക വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള മണ്ഡല്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭാരതീയ ജനതാ പാര്‍ട്ടിയും ഈ രാഷ്ട്രീയ പോരാട്ടത്തിന്റെ വിരുദ്ധ വശങ്ങളിലാണ് നില്‍ക്കുന്നത്. ഒബിസികള്‍ക്ക് സംവരണം നല്‍കിയ മണ്ഡല്‍ കമ്മീഷനെ പരാമര്‍ശിച്ച് ജാതി സമത്വം ഉള്‍പ്പെടുന്ന രാഷ്ട്രീയത്തെ പരാമര്‍ശിക്കാന്‍ ‘മണ്ഡല്‍’ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ജാതി ഗ്രൂപ്പുകളുടെ ശാസ്ത്രീയമായ കണക്കെടുപ്പ് ഗവണ്‍മെന്റുകളെ അവരുടെ സാമൂഹിക നീതി പ്ലാന്‍ പുനര്‍വിചിന്തനം ചെയ്യാന്‍ സഹായിക്കും, ഇത് വികസന ലക്ഷ്യങ്ങളുടെ വ്യാപ്തി വിശാലമാക്കുമെന്നും മണ്ഡലില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ കരുതുന്നു. മാത്രമല്ല, മുഖ്യധാരാ സമ്പദ് വ്യവസ്ഥയിലും രാഷ്ട്രീയത്തിലും പ്രാതിനിധ്യം കുറഞ്ഞ ജാതി വിഭാഗങ്ങളെ കൂടുതല്‍ പങ്കാളിത്തത്തിലേക്ക് നയിക്കുന്നതിന് സെന്‍സസ് സഹായകമാണ് എന്നും ഇവര്‍ ചുണ്ടിക്കാട്ടുന്നു.

nitish kumar

എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ട്, ജാതി അടിസ്ഥാനമാക്കിയുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ പ്രയോഗത്തെ പുനര്‍നിര്‍വചിക്കാനുള്ള ശക്തമായ രാഷ്ട്രീയ ഉപകരണമായി ജാതി സെന്‍സസ് ഉയര്‍ന്നുവന്നേക്കാം എന്ന ആശങ്കയും നിരീക്ഷകര്‍ പങ്കുവെക്കുന്നു.

ബീഹാറിലെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ യഥാര്‍ത്ഥ ജനസംഖ്യയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസില്‍ നിന്നുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ ഭരണകക്ഷിയായ മഹാഗഡ്ബന്ധന് വലിയ പ്രതീക്ഷയാണ് ഉളളത്. അതുവഴി പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിപുലീകരിച്ച ക്വാട്ട പോലുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് ആകുമെന്നും കണക്കാക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളും (യുണൈറ്റഡ്) ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളും ഉള്‍പ്പെടുന്നതാണ് മഹാഗഡ്ബന്ധന്‍ സഖ്യം.

ജനുവരി 21ന് സമാപിക്കുന്ന ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ആകെ വീടുകളുടെ എണ്ണം തിട്ടപ്പെടുത്തും. തുടര്‍ന്ന്, സംസ്ഥാനത്തും പുറത്തും താമസിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം ഉള്‍പ്പെടെ എല്ലാ ജാതി, മത, സാമ്പത്തിക പശ്ചാത്തലത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട ഡാറ്റ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ശേഖരിക്കുന്നതാണ്. 38 ജില്ലകളിലായി 12.7 കോടി ജനസംഖ്യയുള്ള പ്രക്രിയയില്‍ ജാതി മാത്രം കണക്കാക്കാനാണ് ലക്ഷ്യമിടുന്നത്.

ക്ഷേമ നയങ്ങള്‍ കൃത്യമായി നടപ്പിലാക്കാനും ജനസംഖ്യാനുപാതികമായി പദ്ധതികള്‍ കൊണ്ടുവരാനും ഈ പ്രക്രിയ ആവശ്യമാണെന്ന് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയിലൂടെ ശേഖരിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനും സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിനും സഹായിക്കും എന്നാണ് സര്‍ക്കാരിന്റെ വാദം.

അതേസമയം, ബിജെപിയുടെ ഏറ്റവും ശക്തമായ വോട്ടുബാങ്കായാണ് സവര്‍ണ ജാതിക്കാരെ കണക്കാക്കുന്നത്. 2021ലെ ദേശീയ സെന്‍സസില്‍ ജാതിയെ ഒരു വിഭാഗമായി ഉള്‍പ്പെടുത്തുമെന്ന് 2018ല്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് കാരണം പറയാതെ അവര്‍ പിന്‍വാങ്ങി. ജാതി സെന്‍സസ് ഒഴിവാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ജാതി സെന്‍സസ് ഒബിസികളുടെ എണ്ണം കൂട്ടിയും ഉയര്‍ന്ന ജാതിക്കാരുടെ ജനസംഖ്യ കുറവായും കാണിക്കുമെന്നും അത് ഒടുവില്‍ സംവരണത്തിലെ 50% എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്നതിനുള്ള പ്രേരണയാകാം എന്നതാണ് ബിജെപിയുടെ ആശങ്ക.

1990കളിലാണ് തങ്ങളുടെ അവകാശങ്ങള്‍ ശക്തമായി ഉന്നയിച്ചുകൊണ്ട് ഒബിസി സമുദായങ്ങളുടെ പിന്തുണയോടെ മണ്ഡല്‍ പാര്‍ട്ടികള്‍ ഉത്തരേന്ത്യയില്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറിയത്. ബാബറി മസ്ജിദ് വിവാദങ്ങളിലുടെ വളരാന്‍ ശ്രമിച്ച ബിജെപിയെ ഒബിസി പാര്‍ട്ടികള്‍ക്ക് തടയിടാനും കഴിഞ്ഞു. ഇതോടെ മണ്ഡല്‍-കമണ്ഡല്‍ ഏറ്റുമുട്ടല്‍ പ്രാദേശിക ഒബിസി നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ നയിക്കുന്ന സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ പുതിയ യുഗത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒബിസി, ദളിത് ജാതി ഗ്രൂപ്പുകളുടെ ഏകീകരണം മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഒരു സ്വാഭാവിക തന്ത്രമാക്കി മാറ്റി. ബിജെപിയുടെ ഹിന്ദുത്വയ്‌ക്കെതിരായി സാമൂഹ്യനീതിയുടെ വാദങ്ങള്‍ ഒബിസി നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ ശക്തിപ്പെടുത്തിയത് ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

പിന്നീട് ഒബിസി, ദളിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാന്‍ ബിജെപി അതിന്റെ ഹിന്ദുത്വ ലൈന്‍ പുനര്‍നിര്‍മ്മിക്കുന്ന ശ്രമമാണ് നടത്തിയത്. സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ പോലുള്ള പാര്‍ട്ടികള്‍ നയിക്കുന്നതും സേവിക്കുന്നതും പ്രബലരായ യാദവരെ മാത്രമാണെന്ന് ജനസംഖ്യയില്‍ കുറവുളള ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ധാരണ വളരാന്‍ ഇത് വഴി സാധിച്ചു. കൂടാതെ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്ന് യാദവുകള്‍ക്ക് മാത്രമേ പ്രയോജനം ലഭിച്ചിട്ടുള്ളൂ എന്ന തോന്നല്‍ പ്രയോജനപ്പെടുത്താനുളള ശ്രമവും ബിജെപി നടത്തി.

2000ത്തിന്റെ ആദ്യ ദശകത്തില്‍, നിതീഷ് കുമാര്‍ സമാനമായി യാദവ ഇതര ഒബിസി ഗ്രൂപ്പുകളെ ഏകീകരിക്കുകയും ബിഹാറില്‍ ലാലു പ്രസാദ് യാദവിനെ പുറത്താക്കാന്‍ ദലിത് പാര്‍ട്ടികളെ തന്റെ സഖ്യത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സ്വയം വിപുലീകരിക്കാന്‍ ഹിന്ദു ദേശീയതയെ ശക്തമായി വിതറി സമാനമായ തന്ത്രമാണ് ബിജെപി നടത്തിയത്.

ഇത്തരമൊരു പശ്ചാത്തലത്തിലാണ്, മണ്ഡല്‍ പാര്‍ട്ടികള്‍ ജാതി അധിഷ്ഠിത സെന്‍സസിനായുള്ള വാദം ശക്തമാക്കുന്നത്. ഒബിസി സമുദായങ്ങളെ സഹായിക്കുമെന്ന സാമൂഹ്യനീതി ചീട്ട് ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. രാഷ്ട്രീയമായി പറഞ്ഞാല്‍, ജാതി സെന്‍സസ് എന്ന ആശയത്തെ ബിജെപി പിന്തുണച്ചെങ്കിലും സുപ്രീം കോടതിയില്‍ അത് നടപ്പാക്കുന്നതിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഔദ്യോഗികമായി എതിര്‍ത്തു. 2021 സെപ്തംബറില്‍, ജാതി സെന്‍സസ് ‘ഭരണപരമായി’ സാധ്യമല്ലെന്നും ജാതിയുടെ കണക്ക് കര്‍ശനമായി എക്സിക്യൂട്ടീവിന്റെ പരിധിയിലായതിനാല്‍ അത് നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ജുഡീഷ്യറിക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും കേന്ദ്രം വാദിച്ചു.

ഉത്തര്‍പ്രദേശിലെ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്റെ ആദ്യ ടേമില്‍ ഒബിസി സഖ്യകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി, ജാതി ഗ്രൂപ്പുകളുടെ വിശാലമായ കണക്കെടുപ്പിന് ആവശ്യമായ ജാതി സര്‍വേ നടത്താന്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ ജാതി വിഭാഗങ്ങളെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഒരു സാമാജിക് ന്യായ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും, അത് നടപ്പാക്കിയില്ല. ഓം പ്രകാശ് രാജ്ഭറിനെപ്പോലുള്ള സഖ്യകക്ഷികള്‍ ഭരണകക്ഷിയായ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും റിപ്പോര്‍ട്ട് നടപ്പാക്കാത്തത് അതിന്റെ പ്രധാന ‘സവര്‍ണ’ ജാതി പിന്തുണ സന്തോഷത്തോടെ നിലനിര്‍ത്താന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള ബിജെപിയുടെ വഞ്ചനയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

‘സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന’ വിഭാഗത്തിന് 10% സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ‘സവര്‍ണ’ ജാതിക്കാര്‍ക്ക് മാത്രം ഫലപ്രദമായി ക്വാട്ട നല്‍കുന്ന നീക്കമായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടപ്പാക്കാനുള്ള ആഹ്വാനം പുതുക്കാന്‍ ഇത് മണ്ഡല്‍ പാര്‍ട്ടികളെ ശക്തമായി പ്രേരിപ്പിച്ചു.

caste census

ചരിത്രപരമായി പറഞ്ഞാല്‍, ആധുനിക പാക്കിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടുന്ന 1931 ലാണ് അവസാനമായി ജാതി സെന്‍സസ് നടന്നത്. കേന്ദ്രീകൃത ഭരണത്തിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനും ജാതി സെന്‍സസ് ആവശ്യമാണ്. സവര്‍ണരുടെ ജനസംഖ്യ 10 ശതമാനത്തില്‍ താഴെയുള്ള തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും EWS ക്വാട്ട ഉയര്‍ന്ന ജാതിക്കാര്‍ക്ക് 10% സംവരണം ഉറപ്പാക്കുമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത് എന്ന് നീരിക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ജാതി സെന്‍സസ് മണ്ഡല്‍ പാര്‍ട്ടികള്‍ക്ക് പോലും ഒരു ചൂതാട്ടമാണെന്നും അത് യഥാര്‍ത്ഥത്തില്‍ പ്രബലരായ ഒബിസി വിഭാഗങ്ങള്‍ക്ക് തിരിച്ചടിയായേക്കാമെന്നും നീരീക്ഷണം ഉണ്ട്. ഒബിസി വിഭാഗങ്ങളില്‍ യാദവര്‍, കുര്‍മികള്‍, വൈശ്യര്‍, ഖുശ്വാ എന്നീ നാല് ജാതി വിഭാഗങ്ങള്‍ക്ക് മാത്രമാണ് ബീഹാറില്‍ ശരിയായ പ്രാതിനിധ്യമുള്ളത്. ബിജെപി അവരുടെ അവസ്ഥ മനസ്സിലാക്കി, ശരിയായ പ്രാതിനിധ്യം ലഭിക്കാത്ത കല്‍വാര്‍ സമുദായത്തില്‍ നിന്നുള്ള രേണുദേവി, ടര്‍ക്കിഷോര്‍ പ്രസാദ് എന്നിവരെ ഉപമുഖ്യമന്ത്രിമാരായി തെരഞ്ഞെടുക്കുകയാണ് ചെയ്തത്.

ജാതി സെന്‍സസിനെ ചുറ്റിപ്പറ്റിയുള്ള സംവാദം എത്ര സങ്കീര്‍ണ്ണമാണെങ്കിലും, അതില്‍ ഊന്നി നിന്നുകൊണ്ട് മണ്ഡല്‍ പാര്‍ട്ടികള്‍ ഏകജാതി പാര്‍ട്ടികള്‍ എന്ന ടാഗ് നഷ്ടപ്പെടുത്താതെ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആശങ്കകളെ അഭിമുഖീകരിച്ചുകൊണ്ട് ഒപ്പം നിര്‍ത്താനും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒബിസി, ദളിത് വിഭാഗങ്ങള്‍ക്കിടയിലെ രാഷ്ട്രീയ ചാഞ്ചാട്ടത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ബിജെപി ഒടുവില്‍ വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ദേശീയ ജാതി സെന്‍സസിന് താല്‍പ്പര്യപ്പെടുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

By Sutheesh Hariharan

വോക്ക് മലയാളത്തില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്. മാസ് കമ്മ്യൂണിക്കേഷന്‍സ് ആൻഡ് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. വണ്‍ഇന്ത്യ, ഡെയ്‌ലിഹണ്ട്, ജീവന്‍ ടിവി, സിറാജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.