Wed. Jan 22nd, 2025

വിദേശ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) ഇതിനനുസരിച്ച് (Setting up and Operation of Campuses of Foreign Higher Educational Institutions in India Regulations 2023) കരട് ചട്ടങ്ങള്‍ പുറത്തിറക്കി. ഇത് സംബന്ധിച്ച് ആശകളും ആശങ്കകളും നിരവധിയാണ്.

ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുക എന്നതിലൂടെ വിദേശ വിനിമയ നഷ്ടം ലാഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ചൈനീസ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞാല്‍, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022ല്‍ ഏകദേശം 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നുണ്ട്, ആര്‍ബിഐയുടെ കണക്കനുസരിച്ച്, 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയത് മൂലം 5 ബില്യണ്‍ രൂപയുടെ വിദേശനാണ്യം നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. നാലര ലക്ഷത്തിലേറേ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് 2021ല്‍ മാത്രം വിദേശ രാജ്യങ്ങളില്‍ ഉപരി പഠനത്തിന് പോയത്. 2800 മുതല്‍ 3000 കോടി ഡോളര്‍ വരെ ഇതിലൂടെ രാജ്യത്തിന് പുറത്തേക്ക് പോയെന്നാണ് കണക്ക്. വിദേശ സര്‍വകലാശാലകള്‍ രാജ്യത്തേക്ക് വരുമ്പോള്‍ പുറത്ത് പോയി പഠിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത് വിദ്യാര്‍ത്ഥികള്‍ക്കും മികച്ച ഉപരി പഠനം സാധ്യമാകുമെന്നാണ് യുജിസിയുടെ വിലയിരുത്തല്‍.

students

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ഏറ്റവും നിര്‍ണ്ണായകമായ തീരുമാനങ്ങളില്‍ ഒന്ന് നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ അത് സംബന്ധിച്ച് പ്രായോഗികത മുതല്‍ പുറംതള്ളല്‍ വരെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യയിലെ എത്ര വിദ്യാര്‍ഥികള്‍ക്ക് വിദേശ കാമ്പസുകളിലെ ഈ സ്ഥാപനങ്ങളില്‍ പഠിക്കാനും ഉന്നത നിലവാരമുളള വിദ്യ അഭ്യസിക്കാനും കഴിയും എന്നത് പ്രസക്തമായ ചോദ്യമാണ്. ഇത്തരം കാമ്പസുകളില്‍ വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ മികച്ച അധ്യാപകര്‍ ഈ വിദേശ കാമ്പസുകളിലേക്ക് മാറാനും സാധ്യതയുണ്ട്, ഇത് നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയില്‍ മികച്ച അധ്യാപകരുടെ കുറവിലേക്ക് നയിക്കപ്പെട്ടേക്കാം. വിദേശ സ്ഥാപനങ്ങളുടെ വരവ് രാജ്യത്തെ സാമ്പത്തികമായി മേല്‍തട്ടിലുളള ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രയോജനപ്പെടുകയെന്ന വിമര്‍ശനവും ശ്രദ്ധേയമാകുന്നത് ഈ സാഹചര്യത്തിലാണ്. പ്രായോഗികത സംബന്ധിച്ച് ഉയരുന്ന മറ്റൊരു സംശയം വര്‍ഷം തോറും പോകുന്ന മിക്കവാറും പേര്‍ വിദേശത്തു പോകുന്നതു ഡിഗ്രി സമ്പാദിക്കാന്‍ മാത്രമല്ല. മറിച്ച്, ലഭ്യമായ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തി അവിടെത്തന്നെ ജീവിതം കരുപ്പിടിപ്പിക്കാനാണ്.

യുപിഎ ഭരണകാലത്ത് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഉപഗ്രഹ കാമ്പസുകളില്‍ നിന്ന് ലഭിക്കുന്ന പണം മാതൃസ്ഥാപനത്തിലേക്ക് അയയ്ക്കുന്നതിന് വിലക്കുണ്ടായിരുന്നു. 2010ല്‍ യുപിഎ രണ്ടാം സര്‍ക്കാര്‍ വിദേശ വിദ്യാഭ്യാസ സ്ഥാപന ബില്‍ കൊണ്ടുവന്നിരുന്നു, എന്നാല്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും എതിര്‍ത്തതിനാല്‍ പാസാക്കപ്പെട്ടില്ല. ഇപ്പോള്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ ഇതു എടുത്തു കളഞ്ഞിരിക്കുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം യുജിസി വഴി നടപ്പാക്കിയിരിക്കുകയാണെന്നും വിമര്‍ശനമുണ്ട്. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്ക് അടിസ്ഥാനം രാഷ്ട്രീയ നേട്ടങ്ങളാണോ സാമ്പത്തിക ലക്ഷ്യങ്ങളാണോ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.

students

ഏറ്റവും മികച്ച 500 ആഗോള റാങ്കിംഗില്‍ ഉള്‍പ്പെടുന്ന വിദേശ സര്‍വ്വകലാശാലയ്ക്ക് ഇന്ത്യയില്‍ കാമ്പസ് സ്ഥാപിക്കുന്നതിന് അപേക്ഷിക്കാമെന്നാണ് യുജിസി നിര്‍ദേശമുളളത്. ഈ കാമ്പസിന് അവരുടെ സ്വന്തം പ്രവേശന പ്രക്രിയയും ആഭ്യന്തര, വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡവും വികസിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇവര്‍ക്ക് ഫീസ് ഘടന തീരുമാനിക്കാനുള്ള സ്വയംഭരണാധികാരം ഉണ്ടായിരിക്കുമെന്ന നിര്‍ദേശം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഫാക്കല്‍റ്റികളെയും സ്റ്റാഫിനെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള സ്വയംഭരണാധികാരം ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. യുജിസി നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാകും അവ പ്രവര്‍ത്തിക്കുക. ഏഴു പേജുള്ള കരടുരേഖയില്‍ വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തിനപ്പുറം മറ്റ് വിശദാംശങ്ങളില്ല. വിദേശത്തു പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ ഒരു വിഭാഗം അധ്യാപകരെയും ഗവേഷകരെയും ഈ സര്‍വകലാശാലകള്‍ ആകര്‍ഷിച്ചേക്കാം. ഒപ്പം ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും പിഎച്ച്ഡി നേടിയ ചെറുപ്പക്കാര്‍ക്കും തൊഴില്‍ അവസരങ്ങളുണ്ടാകും. അനധ്യാപക തൊഴിലവസരങ്ങള്‍ പൂര്‍ണമായും ഇന്ത്യക്കാര്‍ക്കു തന്നെയാകും ലഭിക്കുക എന്നാണ് ഔദ്യേഗിക ഭാഷ്യം.

വിദേശ സര്‍വകലാശാലാ ഡിഗ്രികള്‍ രാജ്യത്ത് തൊഴില്‍ മേഖലയിലും മറ്റും എന്തു മാറ്റങ്ങളാണ് ഉണ്ടാക്കുക എന്നതിനെക്കുറിച്ചും പരാമര്‍ശമില്ല. രാജ്യത്തെ വിദ്യാഭ്യാസമേഖലയില്‍, മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 6% ചെലവിടാനാണ് 1968ലെ ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യമിട്ടത്. എന്നാല്‍, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത് ഏകദേശം മൂന്നു ശതമാനത്തിനു മുകളില്‍ മാത്രമാണെന്നത് ഒരു പാളിച്ചയായി 2020ലെ ദേശീയ വിദ്യാഭ്യാസനയ രേഖയില്‍ എടുത്തുപറയുന്നുണ്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് രാജ്യങ്ങളില്‍ ശരാശരി 11 ശതമാനത്തോളമാണ് വിദ്യാഭ്യാസത്തിനു ചെലവാക്കുന്നത്. ഈ നയം ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനും വാണിജ്യവത്കരണം ശക്തിപ്പെടുത്തുന്നതിനും മാത്രമേ ഇടയാക്കൂ എന്നാണ് വിമര്‍ശനം. വിദ്യാഭ്യാസം ചെലവേറിയതാകുകയും ദളിതര്‍, ആദിവാസികള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. സംവരണം, സാമുഹ്യ നീതി എന്നിവയെല്ലാം പുതിയ തീരുമാനത്തിലൂടെ തകര്‍ക്കപ്പെടും എന്ന ആരോപണത്തിന് ബലം കൂടുന്നത് ഈ പശ്ചാത്തലത്തിലാണ്.

By Sutheesh Hariharan

വോക്ക് മലയാളത്തില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്. മാസ് കമ്മ്യൂണിക്കേഷന്‍സ് ആൻഡ് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. വണ്‍ഇന്ത്യ, ഡെയ്‌ലിഹണ്ട്, ജീവന്‍ ടിവി, സിറാജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.